ലൊസാഞ്ചൽസ്: തങ്ങളുടെ 13 മക്കളെ മുറിയിലിട്ട് പൂട്ടി ചങ്ങലയ്ക്കിട്ട മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. 57 വയസ്സുകാരനായ ഡേവിഡ് അലന്‍ ടര്‍പിന്‍, 49കാരിയായ ലൂയിസ് അന്ന ടര്‍പിന്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് മുതല്‍ 29 വയസ്സുവരെയുള്ള മക്കളെയാണ് ഇത്തരത്തില്‍ ക്രൂരപീഡനത്തിന് വിധേയരാക്കിയത്. ലൊസാഞ്ചൽസില്‍നിന്ന് 95കിമി അകലെ പെറിസ്സിലാണ് സംഭവം. പൊലീസ് കുട്ടികളെ കണ്ടെടുക്കുമ്പോൾ ഭക്ഷണം ലഭിക്കാതെ പട്ടിണിക്കോലങ്ങളായിരുന്നു.

കൂട്ടത്തിലെ 17 വയസ്സുള്ള പെണ്‍കുട്ടി വീട്ടു തടവില്‍ നിന്ന് രക്ഷപ്പെട്ട് വിവരം പൊലീസിനെ അറിയിച്ചതോടെയാണ് മറ്റുകുട്ടികളെയും ഈ കുരുക്കില്‍ നിന്ന് പൊലീസ് പുറത്തെത്തിച്ച്. ശേഷം മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രക്ഷപ്പെടുത്തിയ 13 പേരും സഹോദരങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

സഹായം അഭ്യര്‍ഥിച്ചെത്തിയ 17വയസ്സുള്ള പെണ്‍കുട്ടിയെ കണ്ടാല്‍ 10 വയസ്സുമാത്രമേ തോന്നിക്കൂവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പൂട്ടിയിട്ട ഏഴ് കുട്ടികള്‍ 18നും 29നും പ്രായമുള്ളവരായിരുന്നു. 2 വയസ്സുള്ള കുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു.

പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് കുട്ടികളെ രക്ഷിക്കാന്‍ പൊലീസെത്തുമ്പോള്‍ വീടിന്റെ ഉള്‍ഭാഗത്തുനിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. പലരെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് പൂട്ടി ഇരുട്ട് മുറിയിലിട്ടിരിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവരെല്ലാവരും തന്നെ പോഷകാഹാരക്കുറവ് മൂലം ശരീരം ശോഷിച്ച അവസ്ഥയിലായിരുന്നു. എല്ലാവരെയും പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ