/indian-express-malayalam/media/media_files/uploads/2021/12/covid-2-3.jpg)
ന്യൂഡല്‍ഹി: ഇറ്റലിയില്‍നിന്ന് അമൃത്സറിലെത്തിയ അന്താരാഷ്ട്ര ചാര്‍ട്ടേഡ് വിമാനത്തിലെ 125 യാത്രക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. വിമാനത്തിൽ ആകെ 179 യാത്രക്കാരാണുണ്ടായിരുന്നതെന്നു അമൃത്സര്‍ വിമാനത്താവള ഡയറക്ടര്‍ വി കെ സേത്ത് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് അമൃത്സറിലിറങ്ങിയ വൈയു-661 ചാർട്ടർ വിമാനത്തിലെ യാത്രക്കാര്‍ക്കാണു കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്. 179 യാത്രക്കാരില്‍ 160 പേരെയാണു കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. 19 കുട്ടികളെ പരിശോധനയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.
ഇറ്റലിയിലെ മിലാനില്‍നിന്ന് അമൃത്സറിലേക്കു വന്ന വിമാനം പോര്‍ച്ചുഗീസ് കമ്പനിയായ യൂറോ അറ്റ്ലാന്റിക് എയര്‍വേയ്സ് ആണ് ചാര്‍ട്ടര്‍ ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് 'റിസ്‌ക്' പട്ടികയില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഇറ്റലി.
അതിനിടെ, ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസ് ഇന്ന് പതിനാലായിരം കടന്നേക്കുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് പ്രതിദിന ബുളറ്റിന് അന്തിമരൂപം നല്‍കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേസ് പോസിറ്റീവ് 13-14 ശതമാനത്തിടയിലാകാനാണു സാധ്യത. ഡല്‍ഹിയില്‍ കോവിഡ് -19 മൂലമുണ്ടായ മരണങ്ങളൊന്നും പുതിയ ഒമിക്റോണ്‍ വകഭേദം കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഉൾപ്പെടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടാകുന്നത്. ഇന്നു 90,928 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 325 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. സജീവ കേസുകളുടെ എണ്ണം 2,85,401 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,206 പേർ രോഗമുക്തി നേടി.
Also Read: സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
ഒമിക്രോൺ ബാധിതരുടെ എണ്ണവും ഉയരുകയാണ്. 2,630 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് കൂടുതൽ കേസുകൾ, 797. ഡൽഹി (465), കേരളം (280), രാജസ്ഥാൻ (236) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.
കേരളത്തിൽ ഇന്നു മാത്രം അൻപതുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം-18, തിരുവനന്തപുരം-എട്ട്, പത്തനംതിട്ട-ഏഴ്, കോട്ടയം, മലപ്പുറം-അഞ്ച് വീതം, കൊല്ലം-മൂന്ന്, ആലപ്പുഴ-തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് പുതിയ കേസുകളുടെ ജില്ലതിരിച്ചുള്ള കണക്ക്. ഒരു കോയമ്പത്തൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
ഒമിക്രോണ്‍ കേസുകളില്‍ വന്‍ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്‍പതു സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തില്‍ ആവശ്യപ്പെട്ടു. തമിഴ്നാട്, പഞ്ചാബ്, ഒഡിഷ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മിസോറം, മേഘാലയ, ജമ്മു കശ്മീര്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണു ആരോഗ്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ആര്‍തി അഹൂജ കത്തയച്ചത്. കേസുകളും പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്ന സാഹചര്യത്തിലും പരിശോധനയില്‍ ഗണ്യമായ കുറവുണ്ടായതായും ഇത് ആശങ്കയുളവാക്കുന്നതാണെന്നും കത്തില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.