ലക്‌നൗ: അമിതവേഗതയിൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് ഉത്തർപ്രദേശ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. യമുന എക്സ്പ്രസ്‌വേയിൽക്കൂടി അമിത വേഗതയിൽ വാഹനം ഓടിച്ചതിന് നാലു തവണയിൽ കൂടുതൽ പിഴ അടച്ചവരുടെ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം. 11,634 പേരുടെ ലൈസൻസ് ആണ് റദ്ദാകുകയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

എക്‌സ്‌പ്രസ്‌വേയിൽ റോഡപകടങ്ങളുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ഗതാഗത വകുപ്പ് അധികൃതർ ഇതുസംബന്ധിച്ച കണക്ക് അവതരിപ്പിച്ചത്. ”എക്സ്‌പ്രസ്‌വേയിൽ ഡ്യൂട്ടിക്കുളള പൊലീസുകാർക്ക് അമിതവേഗതയിൽ എത്തുന്ന എല്ലാ വാഹനങ്ങളെയും തടഞ്ഞുനിർത്താൻ കഴിയാറില്ല. പല ഡ്രൈവർമാരും അലക്ഷ്യമായാണ് വാഹനം ഓടിക്കുന്നത്. അമിതവേഗത മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതേത്തുടർന്ന് അമിതവേഗതയിൽ വാഹനം ഓടിച്ചതിന് നാലു തവണ പിഴ അടച്ചവർ വീണ്ടും പിടിക്കപ്പെട്ടാൽ ലൈസൻസ് ഉടനടി റദ്ദാക്കാനാണ് മോട്ടോർ വാഹന വകുപ്പ് തിരുമാനിച്ചിരിക്കുന്നതെന്നും” ആർടിഒ അജയ് മിഷ്റ യോഗത്തിൽ പറഞ്ഞു.

എക്സ്‌പ്രസ്‌വേ തുറന്ന് നാലര വർഷത്തിനിടയിൽ 548 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. ഇതുവരെ 4,076 അപകടങ്ങൾ ഉണ്ടായി. കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ