/indian-express-malayalam/media/media_files/2026/01/27/bihar-jail-issue-2026-01-27-10-16-19.jpg)
(Image generated by AI-Gemini)
പട്‌ന: ബീഹാറിലെ സരൺ ജില്ലയിലെ ഛപ്ര ജയിലിനുള്ളിൽ 1200-ഓളം തടവുകാർ സായുധ കലാപം അഴിച്ചുവിട്ടപ്പോൾ, സ്വന്തം ജീവൻ പണയപ്പെടുത്തി അസാമാന്യ ധീരത പ്രകടമാക്കിയ ഒരു ഐപിഎസ് ഓഫീസറുടെയും സംഘത്തിന്റെയും കഥ വീണ്ടും ചർച്ചയാകുന്നു. 2002-ൽ നടന്ന ഈ സംഭവം ഇപ്പോഴും ബീഹാർ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും സാഹസികമായ ദൗത്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
Also Read: ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കില്‍; സേവനങ്ങൾ തടസപ്പെടും
2002 മാർച്ച് 28-ന് അഞ്ച് കുപ്രസിദ്ധ കുറ്റവാളികളെ മറ്റ് ജയിലുകളിലേക്ക് മാറ്റാനുള്ള അധികൃതരുടെ തീരുമാനമാണ് കലാപത്തിന് തിരികൊളുത്തിയത്. ഇതോടെ രോഷാകുലരായ തടവുകാർ ജയിൽ ജീവനക്കാരെ അക്രമിക്കുകയും ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ജയിലിന്റെ പ്രധാന കവാടത്തിന് പിന്നിൽ ഗ്യാസ് സിലിണ്ടറുകൾ നിരത്തി വെച്ച് അവരൊരു ഫയർ ബോംബ് സജ്ജമാക്കി. പുറത്തുനിന്ന് ആരെങ്കിലും അകത്തുകടക്കാൻ ശ്രമിച്ചാൽ ജയിൽ തകർക്കുമെന്നതായിരുന്നു ഭീഷണി.
മൂന്ന് ദിവസത്തെ സ്തംഭനാവസ്ഥ മൂന്ന് ദിവസത്തോളം ജയിൽ തടവുകാരുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു. ജയിലിന് ചുറ്റുമുള്ള മരങ്ങളിലും കെട്ടിടങ്ങൾക്ക് മുകളിലും നിലയുറപ്പിച്ച തടവുകാർ, സമീപത്തേക്ക് വരുന്നവർക്ക് നേരെ കല്ലുകളും നാടൻ ബോംബുകളും എറിഞ്ഞു. ജയിലിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചിട്ടും കീഴടങ്ങാൻ അവർ തയ്യാറായില്ല. ചർച്ചകൾ പരാജയപ്പെട്ടതോടെ, മാർച്ച് 30-ന് ജയിൽ തിരിച്ചുപിടിക്കാൻ അന്നത്തെ സരൺ എസ്.പി. കുന്ദൻ കൃഷ്ണന് സർക്കാർ നിർദ്ദേശം നൽകി.
സാധാരണ ഗതിയിൽ വലിയൊരു പോലീസ് സംഘം ഒന്നിച്ച് നീങ്ങേണ്ടയിടത്ത്, കുന്ദൻ കൃഷ്ണൻ തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തവും അപകടകരവുമായ ഒരു മാർഗ്ഗമായിരുന്നു. സുരക്ഷാ പ്രോട്ടോക്കോളുകൾ മാറ്റിവെച്ച്, തന്റെ അംഗരക്ഷകൻ ജിതേന്ദ്ര സിംഗ്, എസ്.എച്ച്.ഒ. അർജുൻ ലാൽ എന്നിവർക്കൊപ്പം അദ്ദേഹം ജയിലിന്റെ മതിലിൽ ഏണി വെച്ച് മുകളിൽ കയറി ഭരണവിഭാഗം കെട്ടിടത്തിന്റെ മുകളിലേക്ക് ചാടി.
Also Read:മണിപ്പൂരിൽ വീണ്ടും സംഘർഷം; യുവാവിനെ വെടിവെച്ചുകൊന്നു, ദൃശ്യങ്ങൾ പുറത്ത്
ആയിരത്തിലധികം വരുന്ന സായുധരായ തടവുകാരുടെ നടുവിലേക്കാണ് ഈ മൂന്നംഗ സംഘം എടുത്തുചാടിയത്. തോക്കുധാരികളായ തടവുകാർക്ക് മുന്നിലൂടെ നീങ്ങിയ അവർ, കവാടത്തിൽ തടസ്സമായി വെച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഓരോന്നായി എടുത്തു മാറ്റി. ഇത് പുറത്ത് കാത്തുനിന്ന പോലീസ് സംഘത്തിന് അകത്തേക്ക് പ്രവേശിക്കാൻ വഴിയൊരുക്കി.
തുടർന്ന് നടന്ന നാല് മണിക്കൂർ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ പോലീസ് ജയിലിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. കണ്ണീർവാതകവും ഗ്രനേഡുകളും പ്രയോഗിക്കേണ്ടി വന്ന ഈ ദൗത്യത്തിനിടയിൽ നാല് തടവുകാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുന്ദൻ കൃഷ്ണന്റെ വിരലിന് ഏറുകൊണ്ട് പരിക്കേറ്റു.
ഈ അസാമാന്യ ധീരതയ്ക്ക് കുന്ദൻ കൃഷ്ണൻ, ജിതേന്ദ്ര സിംഗ്, അർജുൻ ലാൽ എന്നിവർക്ക് പിന്നീട് ഗാലന്ററി മെഡൽ നൽകി രാജ്യം ആദരിച്ചു. തോക്കിൻമുനയിൽ നിൽക്കുമ്പോഴും പതറാതെ എടുത്ത ആ തീരുമാനം ഒരു വലിയ ജയിൽ ചാട്ടം ഒഴിവാക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read More: ഇന്ത്യ-യുഎസ് ബന്ധം ചരിത്രപരം; റിപ്പബ്ലിക് ദിനാശംസയുമായി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us