ജയ്പൂര്‍: രാജ്യത്ത് ബാലപീഡന വാര്‍ത്തകള്‍ വ്യാപകമായി പുറത്തുവരുന്നതിനിടയില്‍ രാജസ്ഥാനില്‍ നിന്നും ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. പിതാവിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാനായി 12കാരി വീടിന്റെ ടെറസിന് മുകളില്‍ നിന്നും താഴേക്ക് എടുത്തു ചാടി. ഞായറാഴ്ച്ച ജയ്പൂരിലാണ് സംഭവം നടന്നത്.

വിജയ് ഭാഗ് പ്രദേശത്തെ വാടകവീട്ടിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. പെണ്‍കുട്ടി ഫോണില്‍ മറ്റൊരാളുമായി സംസാരിക്കുന്നത് കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. ഇയാള്‍ ഉടന്‍ തന്നെ ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അയല്‍വാസികള്‍ നോക്കിക്കൊണ്ടു നില്‍ക്കെ പെണ്‍കുട്ടി പിതാവിന്റെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാനായി ടെറസില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.


വീഡിയോ കടപ്പാട് ന്യൂസ് നാഷണ്‍

അയല്‍വാസികള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ചാട്ടത്തില്‍ രണ്ട് കാലുകളും ഒടിഞ്ഞ പെണ്‍കുട്ടിയെ സച്ച്ഘണ്ട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് വൈകിയാണ് എത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


വീഡിയോ കടപ്പാട്: മിറര്‍ നൗ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ