ന്യൂഡല്‍ഹി: മുസാഫര്‍പുര്‍ ബാലികാകേന്ദ്രത്തിലെ ലൈംഗികചൂഷണ കേസില്‍ ബിഹാര്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിതീഷ് കുമാറിന് ലജ്ജയുണ്ടെങ്കില്‍ സംഭവത്തിലെ കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സംഭവത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രസംഗം.
നിങ്ങള്‍ ഇവിടെ കാണുന്നതു പോലെ പ്രതിപക്ഷം ഒറ്റക്കെട്ടാണ്. ഇത് രാജ്യത്തെ സ്ത്രീകളുടെ സുരക്ഷിത്വത്തിനു വേണ്ട പോരാട്ടമാണ്. ഒരടി പോലും ഇതില്‍ നിന്നു പിന്നോട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിഷേധം പട്നയില്‍ നിന്നു ഡല്‍ഹിയിലേക്കു കൊണ്ടുവരുന്നതില്‍ മുന്‍കൈയ്യെടുത്ത ആര്‍ജെഡി നേതാവ് തേജ്വസി യാദവും നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ചു. ഇദ്ദേഹമാണ്(നിതീഷ് കുമാര്‍) സദ്ഭരണത്തെ കുറിച്ചു സംസാരിക്കുന്നത്, സംഭവത്തില്‍ ഞാനും ലജ്ജിക്കുന്നു തേജ്വസി പറഞ്ഞു
ആര്‍ജെഡി നേതാവ് തേജ്വസി യാദവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം പ്രതിപക്ഷ കക്ഷികളുടെ സംഗമവേദി കൂടിയായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിനിധി ദിനേശ് ത്രിവേദി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ നേതാവ് ഡി. രാജാ, എല്‍ജെഡി നേതാവ് ശരത് യാദവ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
പ്രതിഷേധത്തിന് പിന്തുണയുമായി വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറും ഷഹല റാഷിദും പങ്കെടുത്തു. രാജ്യത്തെ സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാണമുണ്ടെങ്കില്‍ നടപടി എടുക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
കേസില്‍ ആരോപണവിധേയരായ ഉന്നതരെ സര്‍ക്കാര്‍ സംരക്ഷിക്കന്നുവെന്നാരോപിച്ച് ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ബീഹാര്‍ ഭവനിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. ബിഹാറിലെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് മുഖ്യമന്ത്രിക്ക് നിതീഷ് കുമാറിന് കത്തയച്ചിരുന്നു. മുസാഫര്‍പൂരിലെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതുപോലുള്ള സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതിനെ തടയുന്നതിന് നടപടി എടുക്കണമെന്നും നിര്‍ദ്ദേശിച്ചു.
ബീഹാര്‍ സര്‍ക്കാരിന് കീഴിലുള്ള മുസാഫര്‍പൂര്‍ ബാലികാഗൃഹത്തിലെ കുട്ടികള്‍ക്ക് ഒരു സന്നദ്ധസംഘടന നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്. ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത മുപ്പത്തിനാല് പെണ്‍കുട്ടികളാണ് ക്രൂരമായ ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്. അഭയകേന്ദ്രത്തിലെ ജീവനക്കാരാണ് പ്രതികള്‍.
അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ ഒരുപെണ്‍കുട്ടിയെ ജീവനക്കാര്‍ കൊലപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായ മഞ്ജു വേര്‍മയുടെ ഭര്‍ത്താവായ ചന്ദേശ്വര് വേര്‍മയ്ക്കെതിരെയും ആരോപണമുണ്ട്. കേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ബാലികാഗൃഹത്തില്‍ ആകെ നാല്പ്പത്തിനാല് പെണ്‍കുട്ടികളാണുണ്ടായിരുന്നത്. കേസില്‍ പ്രതികളായ പതിനൊന്ന് പേരില്‍ പത്ത് പേരെയും ഇതിനൊടകംതന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം കഴിഞ്ഞദിവസം സിബിഐക്ക് കൈമാറിയിരുന്നു.