ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്ന് 12 പേര്‍ മരിച്ചു. 16 പേര്‍ക്കു പരുക്കേറ്റു. മൗ ജില്ലയില വാലിദ്പുര്‍ പ്രദേശത്തെ ഇരുനില കെട്ടിടത്തിലാണു സ്‌ഫോടനമുണ്ടായത്. ഇന്നു രാവിലെയാണു സംഭവം.
സ്‌ഫോടനത്തില്‍ കെട്ടിടം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അഞ്ചുവയസുള്ള ആണ്‍കുട്ടി കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
ഒരു കുട്ടിയെ കാണാതായെന്നും തിരച്ചില്‍ തുടരുകയാണെന്നും ഡിഐജി മനോജ് തിവാരി പറഞ്ഞു. നിരവധി പൊലീസ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയ പ്രകൃതിദുരന്ത നിവാരണ സേനയുടെ സംഘം സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ സമീപത്തെ വീടിനും കേടുപാട് സംഭവിച്ചതായൂം ഡിഐജി പറഞ്ഞു.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ചികിത്സാ സഹായം ലഭ്യമാക്കാനും അദ്ദേഹം ജില്ലാ ഭരണകൂടത്തിനും പൊലീസിനും നിര്‍ദേശം നല്‍കി.