ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ടാമത്തെ ബാച്ച് ചീറ്റകള്‍ അടുത്ത മാസം മധ്യപ്രദേശിലെ കുനൊ ദേശിയ ഉദ്യാനത്തിലെത്തും. ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് രണ്ടാമത്തെ ബാച്ചിലുള്ളത്. ചീറ്റപ്പുലികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം നമീബിയയില്‍ നിന്നാണ് ആദ്യ ബാച്ച് എത്തിയത്. എട്ട് ചീറ്റകളായിരുന്നു അന്ന് കുനൊയില്‍ എത്തിയത്. ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തുന്ന ചീറ്റകളുടെ പ്രായം 18 മാസം മുതല്‍ നാല് വയസ് വരെയാണ്.
കരാറനുസരിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആദ്യ ബാച്ച് ചീറ്റകള്‍ 2023 ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തും. നമീബിയയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ചീറ്റകള്‍ക്കൊപ്പം ഇവയും ചേരും, പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചീറ്റകളെ എത്തിക്കാനുള്ള കൃത്യ ദിവസം തീരുമാനിച്ചിട്ടില്ല. ഫെബ്രുവരി ആദ്യ വാരം ഇന്ത്യന്‍ സംഘത്തെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കും. ശേഷം സാഹചര്യങ്ങള്‍ ഒത്തു വരുമ്പോഴായിരിക്കും തീയതി അന്തിമമാക്കുക, പ്രൊജക്ട് ടൈഗര്‍ അഡീഷണല്‍ ഡയറക്ടര്‍ എസ് പി യാദവ് വ്യക്തമാക്കി.
രണ്ടാം ബാച്ച് ചീറ്റകളെ കൊണ്ടുവരുന്നതിനുള്ള പ്രോട്ടോക്കോളും ആദ്യത്തേതുമായി സമാനമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലുള്ള ബോമകളിൽ (മൃഗങ്ങളുടെ ചികിത്സയ്‌ക്കോ ക്വാറന്റൈനിനോ വേണ്ടി സാധാരണയായി നിർമ്മിച്ച വലയങ്ങൾ) ചില മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും യാദവ് പറഞ്ഞു.
കിഡ്നി രോഗം ബാധിച്ച സാഷ എന്ന ചീറ്റ ആരോഗ്യം വീണ്ടെടുക്കുന്നതായും യാദവ് അറിയിച്ചു.