വിവാദങ്ങൾക്കിടയിൽ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ഉന്നതാധികാര സെലക്ഷൻ സമിതി യോഗം ഇന്ന് ചേരും. ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിക്ക് മുഴുവൻ സമയ ഡയറക്ടറെ കണ്ടെത്തുന്നതിനാണ് ഇന്ന് യോഗം ചേരുന്നത്. വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിലാണ് ഉന്നതാധികാര സെലക്ഷൻ സമിതി യോഗം.
പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, കോണ്‍ഗ്രസ് ലോകസ്ഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് സിബിഐ ഡയറകടറെ തെരഞ്ഞെടുക്കുന്നത്. വിജിലൻസ് കേസുകളിലെ പരിചയസമ്പത്തും കണക്കിലെടുത്ത് 12 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി കഴിഞ്ഞു. ഇവരിൽ നിന്നാകും സിബിഐ മേധാവിയെ കണ്ടെത്തുക.
വൈ.സി മോഡി, റിന മിത്ര, സുബോധ് കുമാര്‍ ജെയ്സ്വാള്‍ അടക്കമുള്ള മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മുന്‍തൂക്കം കല്‍പ്പിക്കുന്നത്. ഇനിയൊരു പരീക്ഷണത്തിനും സാധ്യതയ്ക്കും വഴിയൊരുക്കാതെ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനാകും ഉന്നതാധികാര സമിതിയുടെ ശ്രമം.
മുംബൈ കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ റിന മിത്ര ചുരുക്കപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. റിന മിത്രയെ സിബിഐ ഡയറക്ടറായി തിരഞ്ഞെടുക്കുകയാണെങ്കിൽ ആ സ്ഥാനത്തെത്തുന്ന ആദ്യ വനിത ഉദ്യോഗസ്ഥയായി അവർ മാറും.