ടുണിസ്: ടുണീഷ്യയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച കപ്പല്‍ തകര്‍ന്ന് 112 മരണം. ടുണീഷ്യന്‍ തീരത്തേക്ക് വരികയായിരുന്ന കപ്പലാണ് ശനിയാഴ്ച്ച അപകടത്തില്‍ പെട്ടത്. നേരത്തെ 50 പേര്‍ മരിച്ചതായാണ് കണക്കാക്കിയിരുന്നത് പിന്നീടാണ് മരണ സംഖ്യ വര്‍ധിച്ചത്. അതേസമയം 68 പേരെ രക്ഷപ്പെടുത്തി.
യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളുടെ പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഈ ജലപാത. അയല്‍രാജ്യമായ ലിബിയയില്‍ അഭ്യര്‍ഥികള്‍ക്ക് എതിരായ നീക്കങ്ങള്‍ ശക്തമായതോടെയാണ് ഇത്.
അപകടസമയത്ത് 180 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 100 പേരും ടുണിഷ്യക്കാരാണ്. കെര്‍കെനാഹ് ദ്വീപില്‍ നിന്നും അഞ്ച് മൈല്‍ അകലെയും സ്ഫാക്‌സ് നഗരത്തില്‍ നിന്നും 16 നോട്ടിക്കല്‍ മൈല്‍ അകലെയുമാണ് അപകടമുണ്ടായത്.
അപകടമുണ്ടായ ഉടനെ കപ്പലിന്റെ ക്യാപ്റ്റന്‍ കപ്പല്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. കോസ്റ്റ് ഗാര്‍ഡിനെ ഭയന്നായിരുന്നു ഇയാള്‍ രക്ഷപ്പെട്ടതെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു.