ബാരിപാഡ: ജഗന്നാഥ ക്ഷേത്ര പരിസരത്ത് ഭിന്നശേഷിയുളള പെൺകുട്ടി പീഡനത്തിന് ഇരയായതായി പരാതി.  വെള്ളിയാഴ്ച രാത്രി ക്ഷേത്രത്തിനകത്ത് ദർശനത്തിന് പോയ പെൺകുട്ടിയ്ക്കാണ് ദുരനുഭവം ഉണ്ടായതായി പരാതി ഉയർന്നിരിക്കുന്നു.

ഇന്ത്യയിലെ പ്രധാന ഹൈന്ദവ ആരാധനാ കേന്ദ്രമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് 300 കിിലോമീറ്ററിലധികം ദൂരെയുള്ള മറ്റൊരു ജഗന്നാഥ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. പതിനൊന്ന് വയസ്സുള്ള പെൺകുട്ടി വെള്ളിയാഴ്ച രാത്രി ദർശനത്തിനായി കയറിയപ്പോൾ ക്ഷേത്രത്തിനകത്ത് ഏറെക്കുറെ വിജനമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സമീപവാസിയായ ഇരുപത്തെട്ടുകാരനാണ് പ്രതി. പെൺകുട്ടി ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ ഇയാളും ഇവിടെയുണ്ടായിരുന്നു. പെൺകുട്ടിയെ വിഗ്രഹം സ്നാനം ചെയ്യുന്ന ഇടത്തേക്ക് പിടിച്ചുകൊണ്ടുപോയ ശേഷമാണ് പ്രതി പീഡിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

നാട്ടുകാരാണ് ഗുരുതരമായ നിലയിൽ പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതിയായ യുവാവിനെ രോഷാകുലരായ നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചു. പിന്നീടാണ് ഇയാളെ പൊലീസിന് ഏൽപ്പിച്ചത്.

കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. പെൺകുട്ടി ചികിത്സയിലിരിക്കുന്ന ആശുപത്രിയിൽ എത്തിയ ബാരിപാഡ സബ് കളക്ടർ എസ്.കെ. പുരോഹിത് പെൺകുട്ടിയുടെ കുടുംബത്തിന് പതിനായിരം രൂപ ചികിത്സ സഹായം അനുവദിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook