രണ്ടു വർഷത്തിനിടെ 11 പേരെ വിവാഹം കഴിച്ച് കടന്നുകളഞ്ഞ സുന്ദരിയെക്കുറിച്ചുളള വാർത്തകളാണ് തായ് മീഡിയകളിലെങ്ങും. യുവതിയുടെ ഭർത്താക്കന്മാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി ജാരിയോപോൺ ബുവായിയെ പൊലീസ് അറസ്റ്റ് ചെയ്തു. തായ് പരമ്പരാഗത രീതിയിൽ വിവാഹം കഴിച്ച ശേഷം പണം തട്ടിയെടുത്ത് കടന്നുകളയുന്നതാണ് ബുവായിയുടെ രീതി. ഓരോ പുരുഷന്മാരിൽനിന്നും 1000 യുഎസ് ഡോളർ മുതൽ 30,000 യുഎസ് ഡോളർ വരെ അപഹരിച്ചുവെന്നാണ് യുവതിയെ വിവാഹം കഴിച്ചവർ പൊലീസിന് നൽകിയിരിക്കുന്ന വിവരം.

Jariyaporn Buayai

ഓഗസ്റ്റിൽ മാത്രം നാലു തവണയാണ് ബുവായി വിവാഹിതയായതെന്ന് പൊലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഫെയ്സ്ബുക്കിലൂടെയാണ് യുവതി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കുന്നത്. അതിനുശേഷം നേരിൽ കാണുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യും. അതിനുശേഷം അയാളെ വിവാഹം കഴിക്കും. പിന്നീട് പണവുമായി കടന്നു കളയും. ഇങ്ങനെയാണ് 11 പേരെയും യുവതി വിവാഹം ചെയ്തത്. ‘ഓടിപ്പോകുന്ന വധു’ എന്ന പേരിലാണ് ബുവായി ഇപ്പോൾ അറിയപ്പെടുന്നത്.

‘ഫെയ്സ്ബുക്കിലൂടെയാണ് ബുവായിയെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് സൗഹൃദത്തിലായി. ഒരു ദിവസം താൻ ഗർഭിണിയാണെന്ന് പറഞ്ഞു. അവളെ വിവാഹം കഴിക്കാമെന്നു ഞാൻ പറഞ്ഞു. തായ് പരമ്പരാഗത രീതിയിൽ വിവാഹം ചെയ്തു. സ്ത്രീധനമായി വൻതുക നൽകി. വിവാഹം കഴിഞ്ഞ് നാലാം ദിവസം മാതാപിതാക്കളെ കാണണമെന്നു പറഞ്ഞ് അവൾ പോയി. കുറേ നാളുകൾക്കുശേഷം അവളുടെ ബന്ധുവാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. പ്രസവത്തിൽ കുഞ്ഞ് മരിച്ചുപോയെന്നും ഇനി അവളെ വിളിക്കരുതെന്നും പറഞ്ഞു’- ബുവായിയെ വിവാഹം കഴിച്ചവരിൽ ഒരാൾ പറഞ്ഞതായി ദി നാഷൻ റിപ്പോർട്ട് ചെയ്തു. അതേസമയം, ബുവായി വിവാഹം കഴിച്ച 11 പേരെക്കുറിച്ചുളള വിവരങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുളളത്. പക്ഷേ ഇതിൽ കൂടുതൽ പേർ ബുവായിയുടെ ചതിയിൽ അകപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം.

Jariyaporn Buayai

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ