/indian-express-malayalam/media/media_files/uploads/2018/09/lions-up-759.jpg)
അഹമ്മദാബാദ്: ഗിര്‍ വനത്തില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 11 സിംഹങ്ങൾ ചത്തൊടുങ്ങി. പരസ്പരമുളള ഏറ്റുമുട്ടലും അസുഖങ്ങളുമാണ് സിംഹങ്ങൾ ചത്തൊടുങ്ങാൻ കാരണമെന്ന് സംശയിക്കുന്നു. ഗിർ വനത്തിന് കിഴക്ക് അംറേലി ജില്ലയിലാണ് സിംഹങ്ങളുടെ ശവങ്ങൾ കണ്ടെത്തിയത്.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ദാൽഖനിയ റേഞ്ചിലാണ് എല്ലാ സിംഹങ്ങളുടെയും അവശിഷ്ടം കണ്ടെത്തിയത്.
മൂന്ന് വയസ് പ്രായമുളള മൂന്ന് സിംഹങ്ങൾ മരിച്ചത് ഏറ്റുമുട്ടലിലാണെന്ന് വ്യക്തമായി. പരുക്കേറ്റ് അവശനിലയിലായിരുന്ന ഒരു മൂന്ന് വയസുളള സിംഹവും ഒരു പെൺസിംഹവും ജസധറിലെയും ജുനഗഥിലെയും മൃഗാശുപത്രികളിൽ വച്ചാണ് ചത്തത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രണ്ട് പെൺസിംഹങ്ങളുടെയും ഒരു ആൺസിംഹത്തിന്റെയും മൃതാവശിഷ്ടങ്ങൾ ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്. മറ്റ് മൂന്ന് സിംഹക്കുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ അസുഖം ബാധിച്ച് മരിച്ചതായി റിപ്പോർട്ട് വന്നത്. ഇക്കാര്യത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ സ്ഥിരികരിക്കാനാവൂ എന്നാണ് വിവരം.
ശരീരാവശിഷ്ടങ്ങളില്‍നിന്ന് ശേഖരിച്ച ആന്തരികാവയവങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി വനം പരിസ്ഥിതി മന്ത്രാലയം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജീവ് കുമാര്‍ ഗുപ്ത പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷമായി ഗിർ വനത്തിൽ സിംഹങ്ങൾ ചേരിതിരിഞ്ഞ് ആക്രമിക്കുന്നത് പതിവാണെന്നാണ് വിവരം. ഇത്തരം ആക്രമണങ്ങളിൽ പലപ്പോഴും പെൺസിംഹങ്ങളും സിംഹക്കുട്ടികളും ആണ് കൂടുതലും ഇരയാകാറുളളത്. മൂന്ന് വർഷം മുൻപ് നടത്തിയ സെൻസസ് പ്രകാരം ഗിർ വനത്തിൽ 520 സിംഹങ്ങളാണ് ഉണ്ടായിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.