scorecardresearch

മഹാരാഷ്ട്രയില്‍ അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ സൂര്യാഘാതമേറ്റ് 12 പേര്‍ മരിച്ചു, നിരവധി പേര്‍ ചികിത്സ തേടി

രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടി ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു

mumbai-heatwave

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ നിര്‍ജ്ജലീകരണവും സൂര്യാഘാതവുമേറ്റ് 12 പേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച നവി മുംബൈയിലെ ഖാര്‍ഘറിലെ ഒരു തുറന്ന ഗ്രൗണ്ടില്‍ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന പരിപാടിക്കിടെയായിരുന്നു സംഭവം.

രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടി ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി കപില്‍ പാട്ടീല്‍, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അപ്പാസാഹേബ് ധര്‍മ്മാധികാരി എന്നറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായ ദത്താത്രേയ നാരായണ്‍ ധര്‍മ്മാധികാരിക്ക് ചടങ്ങില്‍ അമിത് ഷാ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

10 ലക്ഷത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തതായി ബിജെപി ഭാരവാഹികള്‍ പറഞ്ഞു. 300 ഓളം പേര്‍ക്ക് നിര്‍ജലീകരണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്ഷീണം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യസഹായം നല്‍കി. ഇതുവരെ 20 രോഗികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നിര്‍ജലീകരണം അനുഭവപ്പെട്ടവരെ ഖാര്‍ഘറിലെ ടാറ്റ ആശുപത്രിയിലേക്കും നവി മുംബൈ, പന്‍വേല്‍, റായ്ഗഡ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കും അയച്ചു.

ഖാര്‍ഘറിലെ എംജിഎം ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ”ഡോക്ടര്‍മാര്‍ നല്‍കിയ വിവരമനുസരിച്ച് സൂര്യാഘാതത്തെ തുടര്‍ന്ന് ഇതുവരെ 11 പേര്‍ മരിച്ചു, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. ചടങ്ങിനിടെ രോഗബാധിതരായ മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സയും നല്‍കും. ഇത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ലക്ഷക്കണക്കിന് ആളുകളാണ് പരിപാടിക്ക് എത്തിയിരുന്നത്. സംഭവം നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്, ”ഏകനാഥ് ഷിന്‍ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 11 die of heat dehydration at maharashtra govt award event