ലഖ്നൗ: ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമാണ്. ഉത്തർ പ്രദേശിലെ കുഷിനഗറിലെ നിബുവ നൗറംഗിയയിലെ ഒരു ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. പ്രാര്‍ത്ഥിക്കുന്നതിനായി കിണറിന് സമീപം പോയപ്പോഴായിരുന്നു അപകടം നടന്നത്.
കിണറിന് മുകളില്‍ സ്ഥാപിച്ച സ്ലാബ് തകര്‍ന്നാണ് അപകടം നടന്നതെന്ന് കുശിനഗര്‍ പൊലീസ് സുപ്രണ്ട് സചീന്ദ്ര പട്ടേല്‍ അറിയിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. വിവാഹം സംഘടിപ്പിച്ച കുടുംബത്തിലെ ബന്ധുക്കളും അയൽവാസികളുമാണ് കൊല്ലപ്പെട്ടതെന്നും സചീന്ദ്ര പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുശിനഗര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.
ഉത്തർ പ്രദേശിലെ കുശിനഗറിലുണ്ടായ അപകടം ഹൃദയഭേദകമാണ്. അനുശോചനം രേഖപ്പെടുത്തുന്നു. പരുക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. സാധ്യമായ എല്ലാ സഹായങ്ങളും പ്രാദേശിക ഭരണകൂടം നല്‍കുന്നതാണ്, മോദി പറഞ്ഞു.
Also Read: നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു