ബംഗളൂരു: മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി മാരിയമ്മന്‍ കോവിലില്‍ നിന്നും പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിഷം മനപ്പൂര്‍വ്വം ചേര്‍ത്തതാകാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കീടനാശിനിയാണ് പ്പസാദത്തില്‍ ചേര്‍ത്തതെന്നാണ് നിഗമനം.
82 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രസാദത്തില്‍ വിഷാംശം കലര്‍ന്നതാകാം ദുരന്തത്തിന് കാരണമാക്കിയതെന്ന് ജില്ലാ അധികാരികള്‍ പറഞ്ഞു.
പ്രസാദത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. ഇതിന് ശേഷം മാത്രമെ ഇത്രയും പേര്‍ മരിക്കാനുണ്ടായ കാരണം വ്യക്തമാവുകയുളളു. ചാമരാജനഗറിലേയും മൈസൂരിലേയും ആശുപത്രികളിലാണ് മറ്റുളളവര്‍ ചികിത്സയിലുളളത്. പ്രസാദത്തിന് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. എന്നാല്‍ ഇത് അവഗണിച്ചാണ് പലരും പ്രസാദം കഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിച്ചതിന് പിന്നാലെ വയറ് വേദനിക്കുന്നെന്ന് പരാതിപ്പെട്ട പലരും ഛര്‍ദ്ദിച്ചു.
ക്ഷേത്രത്തോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു ഇന്നലെ നടന്നത്. ഇതിന് ശേഷം നല്‍കിയ പ്രസാദമാണ് ഭക്തര്‍ കഴിച്ചത്. അഞ്ച് പേര്‍ ക്ഷേത്രമുറ്റത്ത് വെച്ച് തന്നെ മരിച്ചു. 100 ലധികം പേര്‍ ചടങ്ങിനെത്തിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ഭക്ഷണാവശിഷ്ടം കഴിച്ച കാക്കകളും ചത്തു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു.