scorecardresearch
Latest News

നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 11 ഗ്രാമീണര്‍ കൊല്ലപ്പെട്ടു; സംഭവത്തില്‍ അന്വേഷണം

ഒരു ജവാൻ മരണപ്പെടുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്

Jammu kashmir, terroist, indian army, Poonch encounter, Jammu kashmir encounter, latest news, news in malayalam, indian express malayalam, ie malayalam
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരം സുരക്ഷാ സേനയുടെ വെടിയേറ്റ് 11 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. 11 പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. നിരവധി പേര്‍ ഗുരുതരമായ പരിക്കേറ്റ് അയല്‍ സംസ്ഥാനമായ അസമില്‍ ചികിത്സയും തേടിയിട്ടുണ്ട്. അതിനാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതില്‍ വ്യക്തതയില്ല. തെറ്റിദ്ധാരണ മൂലമുണ്ടായ വെടിവയ്പ്പാണൊ എന്നതില്‍ അന്വേഷണം നടക്കുകയാണ്.

നിരോധിത സംഘടനയായ എൻഎസ്‌സിഎൻ (കെ) യുടെ യുങ് ഓങ് വിഭാഗത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് പ്രദേശത്ത് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രാമീണര്‍ എത്തിയ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. കല്‍ക്കരി ഖനിയിലെ തൊഴിലാളികളായിരുന്നു വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മോണ്‍ ജില്ലയിലാണ് യുങ് ഓങ് വിഭാഗത്തിന്റെ സാന്നിധ്യമുള്ളത്.

വെടിവയ്പ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി നെയ്ഫിയു റിയോ ഉന്നതതല പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെ അപലപിച്ച അദ്ദേഹം എല്ലാ വിഭാഗങ്ങളോടും സമാധാനം പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

“ഓട്ടിങ്ങില്‍ ഗ്രാമീണരുടെ മരണത്തിലേക്ക് നയിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. ഉന്നതതല പ്രത്യേക സംഘം സംഭവം അന്വേഷിക്കുകയും നീതി ഉറപ്പാക്കുകയും ചെയ്യും. എല്ലാ വിഭാഗങ്ങളും സമാധാനം പാലിക്കണം,” മുഖ്യമന്ത്രി റിയോ ട്വീറ്റ് ചെയ്തു.

സംഭവത്തിൽ അഗാധമായ ഖേദമുണ്ടെന്ന് അസം റൈഫിള്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. “ഭീകരവാദികളുടെ നീക്കമുണ്ടെന്ന വിശ്വസിനീയമായ വിവരത്തെ അടിസ്ഥാനമാക്കിയാണ് സുരക്ഷാ ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒരു ജവാൻ മരണപ്പെടുകയും ചെയ്തു,” പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. “നാഗാലാൻഡിലെ ഓട്ടിങ്ങില്‍ നടന്ന നിർഭാഗ്യകരമായ സംഭവത്തിൽ വേദനയറിയിക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു ഉന്നതതല സംഘം സംഭവം വിശദമായി അന്വേഷിക്കുന്നതായിരിക്കും,” ഷാ ട്വീറ്റ് ചെയ്തു.

Also Read: Omicron | ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം എണ്ണവിലയെ ബാധിക്കുമ്പോൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 11 civilians killed in assam rifles operation