/indian-express-malayalam/media/media_files/uploads/2017/02/ARRESTm_id_386689_handcuffs-1.jpg)
പ്രതീകാത്മക ചിത്രം
ചെന്നൈ: ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
35 വയസ്സുകാരിയായ വീട്ടമ്മയെയാണ് വിദ്യാർത്ഥി കൊലപ്പെടുത്തിയത്. 13 വയസ്സുകാരിയെ തന്റെ മകളെ വിദ്യാർത്ഥി നിരന്തരം ശല്യം ചെയ്യുന്നുവെന്ന് പരാതിപ്പെട്ട വീട്ടമ്മ ഇനി വീട്ടിലേയ്ക്ക് വരരുതെന്ന് വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഇരു കുടുംബങ്ങളും ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്. ബിസിനസ് നടത്തുന്നവരാണ് ഇരുവരുടെയും കുടുംബങ്ങൾ.
കഴിഞ്ഞ വ്യാഴാഴ്ച പതിനൊന്നര മണിയോടെയാണ് കൊലപാതകം നടന്നത്. തെളിവായി ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കുറ്റാരോപിതനായ കുട്ടി 11 മണിയോടെ കൊല ചെയ്യപ്പെട്ട വീട്ടമ്മയുടെ വീടിനകത്തേക്ക് പോകുന്നതിന്റെയും 11.38 ഓടെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയുടെ കണങ്കൈ കത്തി ഉപയോഗിച്ച് മുറിച്ചാണ് കൊല നടത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തത്. കൊല്ലപ്പെട്ട സ്ത്രീയുമായി വിദ്യാർത്ഥിക്ക് പ്രശ്നമുള്ളതായി വീട്ടുകാർക്ക് അറിവില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അറസ്റ്റ് ചെയ്ത വിദ്യാർത്ഥിയെ സർക്കാരിന്റെ കെല്ലിയിലെ ദുർഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.