ലണ്ടന്‍: രണ്ട് ലോകമഹായുദ്ധങ്ങളും 1918-ലെ സ്പാനിഷ് ഫ്‌ളൂ മഹാമാരിയും അതിജീവിച്ച വൃദ്ധ ലണ്ടനില്‍ കൊറോണവൈറസ് ബാധ മൂലം മരിച്ചു. 108 വയസ്സുണ്ടായിരുന്ന ഹില്‍ഡ ചര്‍ച്ചില്‍ രോഗം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മരിച്ചത്. അവര്‍ ഏപ്രില്‍ അഞ്ചിന് പിറന്നാള്‍ ആഘോഷിക്കാന്‍ ഇരിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് അവരില്‍ കോവിഡ്-19 ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്.

സല്‍ഫോര്‍ഡ് നഗരത്തിലെ കെയര്‍ ഹോമില്‍ ശനിയാഴ്ചയാണ് അവര്‍ മരിച്ചത്. കോവിഡ്-19 പരിശോധന പോസിറ്റീവാണെന്ന് കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ അവര്‍ മരിച്ചുവെന്ന് ദിനപത്രമായ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുകെയില്‍ ഇതുവരെ ആയിരത്തിലധികം പേര്‍ മരിച്ചിരുന്നു. 17,000-ല്‍ അധികം പേര്‍ രോഗബാധിതരായി. രാജ്യത്ത് കോവിഡ്-19 മൂലം മരിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഹില്‍ഡയെന്ന് കരുതുന്നു.

അവര്‍ക്ക് ആവശ്യമുള്ള സമയത്ത് അവര്‍ക്കരികില്‍ എത്താനായില്ലെന്നതാണ് ഏറ്റവും വിഷമകരമെന്ന് ഹില്‍ഡ മുത്തശ്ശിയുടെ ചെറുമകന്‍ ആന്റണി ചര്‍ച്ചില്‍ പറയുന്നു.

കുട്ടിക്കാലത്ത് സ്പാനിഷ് ഫ്‌ളൂവിനെ അതിജീവിച്ച അവര്‍ പിന്നീട് സല്‍ഫോര്‍ഡില്‍ ജോലി അന്വേഷിച്ചാണ് എത്തിയതെന്ന് ആന്റണി പറഞ്ഞു. ഹില്‍ഡയുടെ 12 മാസം പ്രായമുള്ള സഹോദരി ആ മഹാമാരിയില്‍ മരിച്ചിരുന്നു. 1918-ല്‍ 50 മില്ല്യണ്‍ ആളുകളാണ് ലോകമെമ്പാടും സ്പാനിഷ് ഫ്‌ളൂ കാരണം കൊല്ലപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook