ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇതുവരെ 2,902 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,023 പേർ ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. അതായത് രോഗബാധിതരിൽ 30 ശതമാനം സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,902 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 601 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. മറ്റേതു രാജ്യത്തെക്കാളും ഇന്ത്യയിൽ മരണ നിരക്ക് കുറവാണെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലാണ് കോവിഡ് ബാധിച്ച് കൂടുതൽ പേർ മരിച്ചത്. 19 പേരാണ് ഇവിടെ മരിച്ചത്. മധ്യപ്രദേശ് (11), തെലങ്കാന (7), ഗുജറാത്ത് (9), ഡൽഹി (6), പഞ്ചാബ് (5), കർണാടക( 3), പശ്ചിമ ബംഗാൾ (3), ജമ്മു കശ്മീർ (2), ഉത്തർ പ്രദേശ് (2), കേരളം (2), ആന്ധ്രാപ്രദേശ് (1), തമിഴ്നാട് (1), ബിഹാർ (1), ഹിമാചൽ പ്രദേശ് (1) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ.

Read Also: യുഎസിൽ തൊഴിൽ രഹിത ആനുകൂല്യത്തിന് അപേക്ഷിച്ചത് 60 ലക്ഷം പേർ; കോവിഡിൽ​ വലഞ്ഞ് തൊഴിൽ മേഖല

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്, 537 കേസുകൾ. തൊട്ടുപിന്നിൽ തമിഴ്നാടാണ്. ഇവിടെ 411 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹി (386), കേരളം (295), രാജസ്ഥാൻ (179), ഉത്തർപ്രദേശ് (174), ആന്ധ്രാപ്രദേശ് (161), തെലങ്കാന (158), കർണാടക (128), മധ്യപ്രദേശ് (104), ഗുജറാത്ത് (105), ജമ്മു കശ്മീർ (75), പശ്ചിമ ബംഗാൾ (63), പഞ്ചാബ് (53), ഹരിയാന (49), ബിഹാർ (29), അസം (24), ഛണ്ഡിഗഡ് (18), ഉത്തരാഖണ്ഡ് (16), ലഡാക്ക് (14), ഛത്തീസ്ഗഡ് (9), ഗോവ (6), ഹിമാചൽപ്രദേശ് (6), ഒഡീഷ (5), പുതുച്ചേരി (5), മണിപ്പൂർ (2), മിസോറം (1), അരുണാചൽ പ്രദേശ് (1) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ.

രോഗബാധ സ്ഥിരീകരിച്ച 2,902 പേരിൽ 55 പേർ വിദേശികളാണ്. 183 പേർ രോഗമുക്തി നേടി. കഴിഞ്ഞ വെളളിയാഴ്ച 478 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ കൂടുതലാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 601 പോസിറ്റീവ് കേസുകളും 12 മരണവുമാണ് രാജ്യത്തുണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook