/indian-express-malayalam/media/media_files/uploads/2023/10/4-10.jpg)
ദിവാർ ദ്വീപിലെ സപ്തകോടേശ്വര ക്ഷേത്രം പുനർനിർമ്മിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഫൊട്ടോ: വിക്കിമീഡിയ കോമൺസ്
ഗോവയിലെ പോർച്ചുഗീസ് ഭരണകാലത്ത് നശിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ആയിരത്തിലധികം ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുകയെന്നത് പ്രായോഗികമല്ലെന്ന് ഗോവ ആർക്കൈവ്സ് ആൻഡ് ആർക്കിയോളജി മന്ത്രി സുഭാഷ് ഫാൽ ദേശായി. നശിപ്പിക്കപ്പെട്ടതായി കാണുന്ന ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുരാവസ്തു വകുപ്പ് രൂപീകരിച്ച വിദഗ്ധ സമിതി ശേഖരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളും അവയ്ക്കുള്ള സ്മാരകങ്ങളും പുനർനിർമ്മിക്കുന്നത് സാധ്യമല്ലെന്നും സുഭാഷ് ഫാൽ വ്യക്തമാക്കി.
പോർച്ചുഗീസ് ഭരണകാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളുടെ പുനർ നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താനുള്ള അപേക്ഷകളും ക്ലെയിമുകളും വിലയിരുത്താനായി ജനുവരിയിൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. 2022ൽ ഗോവ സർക്കാർ 20 കോടി രൂപയാണ് പുനരുദ്ധാരണത്തിനായി നീക്കിവച്ചത്. സർക്കാരിന് സമർപ്പിച്ച സമിതിയുടെ 10 പേജുള്ള പ്രാഥമിക റിപ്പോർട്ടിൽ, നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിൽ ഭൂരിഭാഗവും തിസ്വാദി, ബർദേസ്, സാൽസെറ്റ് താലൂക്കുകളിലാണെന്ന് വ്യക്തമാക്കിയതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് ആദ്യം ഒരു മാസത്തെ സമയം നൽകിയിരുന്നെങ്കിലും, പിന്നീട് വർഷാവസാനം വരെ സമയം തേടിയിരുന്നു. ഈ സൈറ്റുകൾ തിരിച്ചറിയുക എന്നതാണ് സമിതിയുടെ മുന്നിലുള്ള ചുമതലയെന്നും കമ്മിറ്റിക്ക് ഇതുവരെ 19 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും പുരാവസ്തു വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തകർക്കപ്പെട്ട പല ക്ഷേത്രങ്ങളും പുനർനിർമിക്കുന്നത് പ്രായോഗികമല്ലെന്ന് സമിതി കണ്ടെത്തി. ഭൂമി ഏറ്റെടുക്കലും വെല്ലുവിളിയാകും. അതിനാൽ, ഒരു സ്മാരക ക്ഷേത്രം നിർമ്മിക്കാൻ സമിതി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അതേസമയം, മറ്റ് സ്ഥലങ്ങളിൽ കൂടുതൽ പര്യവേക്ഷണങ്ങളും ഖനനവും നടത്താനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ദിവാർ ദ്വീപിലെ സപ്തകോടേശ്വര ക്ഷേത്രം പുനർനിർമ്മിക്കാൻ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. കദംബ രാജവംശത്തിന്റെ കാലത്ത് ദ്വീപിൽ പണിത ഈ ദേവാലയം 16ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ തകർത്തിരുന്നു. സപ്തകോടേശ്വര ക്ഷേത്ര ഭൂമി സർക്കാരിന് കീഴിലാണെന്നും ആ ക്ഷേത്രം പുനർനിർമിക്കാനുള്ള സാധ്യത കമ്മിറ്റി കണ്ടേക്കാമെന്നും മുതിർന്ന ഒരു പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
"മറ്റ് സ്ഥലങ്ങളിൽ ക്ഷേത്ര അടിത്തറയുടെ അവശിഷ്ടങ്ങളോ സ്തംഭമോ ഉണ്ടെന്ന് കണ്ടെത്തിയാൽ, അവ സംരക്ഷിക്കാനും കൂടുതൽ അന്വേഷണം നടത്താനും പാനൽ ശുപാർശ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളായ പോണ്ട, ക്യുപെം എന്നിവ മറാഠാ ഭരണത്തിൻ കീഴിലായിരുന്നു. അനേകം ദേവതകളും വിഗ്രഹങ്ങളും തിസ്‌വാദിയിൽ നിന്ന് ബിച്ചോലിം താലൂക്കിലേക്കും, അതുപോലെ തന്നെ സാൽസെറ്റിൽ നിന്ന് പോണ്ടയിലേക്കും മാറ്റപ്പെട്ടു" ഉദ്യോഗസ്ഥർ പറഞ്ഞു.
“പ്രക്രിയ തുടരുകയാണ്. പോർച്ചുഗീസ് രേഖകളിൽ ഗോവയിൽ മതപരമായ സ്ഥലങ്ങൾ നശിപ്പിച്ചതിനെക്കുറിച്ച് പരാമർശമുണ്ട്. തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ എണ്ണത്തിൽ സമിതി കൃത്യമായൊരു എണ്ണത്തിൽ എത്തിയിട്ടില്ല. അത് ആയിരത്തോളം വരും. പലതും ചെറിയ ക്ഷേത്രങ്ങളായിരുന്നു. ഈ വിവരങ്ങൾ നിരവധി പുസ്തകങ്ങളിലും പരാമർശിച്ചിട്ടുണ്ട്,” മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.