ഭോപ്പാല്‍: അടുത്ത നാല് മാസത്തിനുള്ളില്‍ മധ്യപ്രദേശില്‍ ആയിരം ഗോശാലകള്‍ പണിയുമെന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഏകദേശം ഒരുലക്ഷത്തില്‍ പരം പശുക്കളേയും പശുക്കുട്ടികളേയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധമായിരിക്കും ഇത് പണിയുക എന്നും മുഖ്യമന്ത്രി കമല്‍ നാഥ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ സര്‍ക്കാരിനു കീഴില്‍ ഒരു ഗോശാല പോലും ഇല്ലായിരുന്നു. പ്രൊജക്ട് ഗോശാല നടപ്പാക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളില്‍ ഒന്നുകൂടി തങ്ങള്‍ പൂര്‍ത്തീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക വികസന വിഭാഗമായിരിക്കും ഇതിന് മുഖ്യ മേല്‍നോട്ടം വഹിക്കുക. കൂടാതെ ഗ്രാമപഞ്ചായത്തുകള്‍, സ്വയം സഹായ സംഘങ്ങള്‍, സംസ്ഥാന ഗോ സംരക്ഷണ ബോര്‍ഡിനു കീഴിലുള്ള സംഘടനകള്‍, ജില്ലാ കമ്മിറ്റികള്‍ തിരഞ്ഞെടുത്ത സംഘടനകള്‍ തുടങ്ങിയവരായിരിക്കും പദ്ധതി നടപ്പാക്കുക.
മധ്യപ്രദേശില്‍ 614 ഗോശാലകള്‍ ഉണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഒരു ഗോശാല പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പശു സംരക്ഷണം എന്നത് കോണ്‍ഗ്രസിന് അധരവ്യായാമം മാത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. രാജ്യത്തെ ഏക ഗോ സങ്കേതമായ സലേറിയയില്‍ തണുപ്പും വിശപ്പും മൂലം 50 പശുക്കളാണ് ചത്തൊടുങ്ങിയതെന്ന് ബിജെപി നേതാവ് രാകേഷ് സിങ് ആരോപിച്ചു.