ദില്ലി: മൂന്നു ലക്ഷത്തിനു മുകളിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് 100 ശതമാനം പിഴ ചുമത്തുമെന്ന് കേന്ദ്രം. ഏപ്രിൽ ഒന്നുമുതൽ മൂന്നു ലക്ഷത്തിനു മുകളിൽ കറൻസി ഇടപാടുകൾ നടത്തിയാൽ പിഴ ഈടാക്കുമെന്ന് റവന്യു സെക്രട്ടറി ഹസ്മുഖ് അദിയയാണ് പറഞ്ഞു.

വ്യവസ്ഥകൾ വ്യക്തമാക്കിയത്. പണം സ്വീകരിക്കുന്ന ആളിൽ നിന്നായിരിക്കും പിഴ ഈടാക്കുക. എത്ര തുകയ്ക്കാണോ ഇടപാട് നടത്തുന്നത് അത്രയും തുക തന്നെ പിഴയായി നല്‍കേണ്ടി വരുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. 4 ലക്ഷം ആയാലും 40 ലക്ഷം ആയാലും അതേ തുക പിഴയായി നല്‍കേണ്ടിവരുമെന്നും പണം സ്വീകരിക്കുന്ന ആളായിരിക്കും പിഴ ഒടുക്കേണ്ടിവരികയെന്നും അദിയ പറഞ്ഞു.

വിലകൂടിയ ഒരു വാച്ചോ കാറോ വാങ്ങുകയാണെങ്കിൽ അതിനുള്ള പണം ഡിജിറ്റൽ ആയി നൽകേണ്ടിവരും. അല്ലാത്ത പക്ഷം കാറോ വാച്ചോ വിൽക്കുന്ന കടക്കാരനായിരിക്കും പിഴത്തുക നൽകേണ്ടി വരുക. വലിയ തുകയ്ക്കുള്ള കറൻസി ഇടപാടുകൾ നടത്തുന്നതിൽ നിന്നു ആളുകളെ നിരുത്സാഹപ്പെടുത്താനും കള്ളപ്പണ ഇടപാടുകള്‍ നിയന്ത്രിക്കാനുമാണ് പുതിയ നടപടിയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

മൂന്ന് ലക്ഷം രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ പൊതുബജറ്റിലാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പുതിയ നിർദേശം മുന്നോട്ടു വച്ചത്. മൂന്ന് ലക്ഷത്തിനു മുകളിൽ ഡിജിറ്റൽ ഇടപാട് ആണ് നടത്തേണ്ടതെന്നും ബജറ്റ് നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ