പട്ന: ബിഹാറിലെ ധര്‍ബംഗ ജില്ലയില്‍ കീടനാശിനി ഇട്ട ചായ കുടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. തേയില ആണെന്ന് കരുതി 10 വയസുകാരി ചായയില്‍ കീടനാശിനി ചേര്‍ക്കുകയായിരുന്നു. പെണ്‍കുട്ടി അടക്കം നാല് കുടുംബാംഗങ്ങളും മരിച്ചു. ബഹാദുര്‍പൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി സുപ്രണ്ട് ദില്‍നവാസ് അഹമ്മദ് പറഞ്ഞു.

10 വയസുകാരിയായ അര്‍ച്ചനയാണ് ചായ തയ്യാറാക്കിയത്. എന്നാല്‍ അടുക്കളയില്‍ കീടനാശിനിയുടെ പാക്കറ്റില്‍ തേയില ആണെന്ന് കരുതി കുട്ടി ഉപയോഗിക്കുകയായിരുന്നു.

ദുഗാന്‍ മഹ്തോ (60), രാംസ്വരൂപ് മഹ്തോ (65), പ്രകാശ് മഹ്തോ എന്നിവരാണ് അര്‍ച്ചനയെ കൂടാതെ മരിച്ചത്. പ്രകാശ് മഹ്തോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു കുടുംബാംഗമായ പ്രമീളാ ദേവിയെ ധര്‍ബംഗ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ