ന്യൂഡൽഹി: 2018 വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ ജേതാവായി 10 വയസ്സുകാരൻ അർഷ്ദീപ് സിങ്. പത്ത് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ചാണ് അർഷ്ദീപ് നേട്ടം കൈവരിച്ചത്. ‘പൈപ്പ് അൗൾ’ എന്ന ചിത്രമാണ് അർഷ്ദീപിന് അവാർഡ് നേടിക്കൊടുത്തത്.

53-ാം തവണയാണ് അവാർഡ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 10 വയസും അതിൽ താഴെ, 11-14 വയസ്, 15-17 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ജൂനിയർ മത്സരം നടന്നത്.

പിതാവുമൊത്ത് പഞ്ചാബിലെ കപൂർത്തലയിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് അർഷ്ദീപ് വഴിയോരത്തെ പൈപ്പിനുള്ളിലെ മൂങ്ങകളെ കാണുന്നത്. ഉടൻ തന്നെ പിതാവിനോട് കാർ നിർത്താൻ ആവശ്യപ്പെട്ട് കാറിന്റെ ചില്ല് താഴ്ത്തി അച്ഛന്റെ ക്യാമറയിൽ ഫോട്ടോ പകർത്തുകയായിരുന്നു. അധികം താമസിയാതെ തന്നെ അടുത്ത മൂങ്ങ കൂടി തല പുറത്തേക്ക് നീട്ടിയതോടെ ചിത്രം അവിസ്മരണീയമായി. പഞ്ചാബിൽ മൂങ്ങകൾ അപൂർവ്വമല്ലെങ്കിലും പകൽ സമയത്ത് ഇവയെ അപൂർവ്വമായേ പുറത്തേക്ക് കാണാറുള്ളൂ.

ആറ് വയസ്സ് മുതലാണ് അർഷ്ദീപ് ഫോട്ടോകൾ എടുക്കാൻ തുടങ്ങിയത്. അർഷ്ദീപിന്റെ അച്ഛൻ രൺദീപ് സിങ് അറിയപ്പെടുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ്.

അർഷ്ദീപിന് അടുത്തിടെ ജൂനിയർ ഏഷ്യൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചിരുന്നു. ലോൺലി പ്ലാനറ്റ് യുകെ, ലോൺലി പ്ലാനറ്റ് ജർമനി, ലോൺലി പ്ലാനറ്റ് ഇന്ത്യ, ബിബിസി വൈൽഡ് ലൈഫ് യുകെ എന്നീ പ്രസിദ്ധീകരണങ്ങളിൽ അർഷ്ദീപിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook