ചണ്ഡിഗഡ്: ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നിഷേധിച്ച പത്തുവയസ്സുകാരിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പൂർണവളർച്ചയെത്തുന്നതിന് മുൻപ് പ്രസവിച്ച കുഞ്ഞിന് 2.2 കിലോഗ്രാം ഭാരമുണ്ട്. പെൺകുട്ടിയുടെ പെൽവിക് എല്ലുകൾക്ക് പൂർണവളർച്ചയെത്താതിനാലും കുട്ടിയെ പ്രസവിക്കാനുള്ള ശേഷിയില്ലാത്തതിനാലും സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തതെന്ന് ഹഫിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

അമ്മയുടെ സഹോദരന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഏഴുമാസത്തോളം ഇയാൾ കുഞ്ഞിനെ പീഡിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതിക്കായി ആദ്യം കീഴ്‌ക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ജൂലായ് 28 നായിരുന്നു പെണ്‍കുട്ടിയുടെ ഹര്‍ജി സുപ്രീം കോടതി നിരാകരിച്ചത്.

കുഞ്ഞിനെ ശിശു ക്ഷേമ കമ്മിറ്റിക്ക് കൈമാറാനും അവിടെ നിന്നും ദത്തു നൽകാനുമാണ് തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ