നാദിയ (പശ്ചിമ ബംഗാള്‍): മന്ത്രവാദത്തെ തുടർന്നു പത്ത് വയസുകാരനു ദാരുണാന്ത്യം. മന്ത്രവാദത്തിന്റെ പേരില്‍ കുട്ടിയുടെ ദേഹത്ത് തിളച്ച എണ്ണയും നെയ്യും ഒഴിച്ചതാണ് മരണത്തിനിടയാക്കിയത്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. അല്‍പന ബിബി എന്ന മന്ത്രവാദിനിക്കെതിരെ കുട്ടിയുടെ മാതാവ് അര്‍ഫിന നൽകിയ പരാതിയെ തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
അര്‍ഫനയുടെ മകന്‍ ജാന്‍ നബി ഷെയ്ഖാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകന്‍ ജഹാംഗീര്‍ ഷെയ്ഖിന് (6) ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അന്‍പന ബിബിയുടെ മന്ത്രവാദ ക്രിയകളാണ് ജാൻ നബിയുടെ മരണത്തിന് കാരണമെന്നു കന്തല്‍ബെരിയയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Read Also: സെക്‌സിനിടെ യുവാവ് മരിച്ച സംഭവം; കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി
ബംഗാളിലെ നങ്‌ലാ ഗ്രാമനിവാസികളായ അർഫിന ബിബി സെപ്റ്റംബർ 22 നാണ് ചികിത്സയ്ക്കായി കുട്ടികളെ മന്ത്രവാദിനിയുടെ അടുത്തെത്തിച്ചത്. സെപ്റ്റംബര്‍ 25 ന് മക്കളെ കാണാനായി അര്‍ഫിന മന്ത്രവാദിനിയുടെ അടുത്തെത്തി. അപ്പോഴാണ് മകന്റെ ശരീരത്തില്‍ പുറംഭാഗം പൊള്ളിയിരിക്കുന്നതു കണ്ടത്. ചൂടുള്ള വെളിച്ചെണ്ണയും നെയ്യും മുളകുപൊടിയും കുട്ടിയുടെ ദേഹത്ത് ഒഴിച്ചതാണ് പൊള്ളലേല്‍ക്കാന്‍ കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പൊളളൽ ശ്രദ്ധയിൽപെട്ടതോടെ കുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുകയാണെന്ന് അര്‍ഫിന പറഞ്ഞു. എന്നാൽ 10,500 രൂപ നല്‍കിയാല്‍ മാത്രമേ വിട്ടുകൊടുക്കൂവെന്നു മന്ത്രവാദിനി പറഞ്ഞു. ഒടുവില്‍ പണം നൽകിയശേഷമാണ് കുട്ടികളെ വിട്ടുകൊടുത്തത്. സംഭവം പുറത്തു പറയാതിരിക്കാൻ അർഫിനയ്ക്ക് 4,000 രൂപ നൽകാമെന്നു മന്ത്രിവാദിനി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. മന്ത്രവാദിനിയുടെ പക്കൽനിന്നും കുട്ടികളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
Read Also: Horoscope of the Week (Sept 29-Oct 6, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?