ന്യൂഡല്‍ഹി: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തിനായുള്ള ബില്‍ രാജ്യസഭയിലും പാസായി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. 172 അംഗ സഭയില്‍ 165 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ ഏഴ് പേര്‍ ബില്ലിനെ എതിര്‍ത്തു. കഴിഞ്ഞ ദിവസം ലോക്സഭയും ബില്‍ പാസാക്കിയിരുന്നു.

മുസ്‌ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. ബില്ലിനെ ലോക്സഭയില്‍ അംഗീകരിച്ച കോണ്‍ഗ്രസ് രാജ്യസഭയില്‍ ചര്‍ച്ചയ്ക്കിടെ വിമര്‍ശനമുന്നയിച്ചു. ബില്ലിനെ അനുകൂലിക്കുന്നുണ്ടെങ്കിലും കൊണ്ടുവന്ന രീതിയോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. വളരെ പ്രധാനപ്പെട്ട ബില്ലായിരുന്നുവെന്നും സെലക്ട് കമ്മിറ്റിക്ക് വിടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തിങ്കളാഴ്ചയാണ് തീരുമാനമുണ്ടായത്. വാര്‍ഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവര്‍ക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. ഏറെ കാലമായി ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം.

നിയമം നടപ്പിലായാല്‍ കേന്ദ്ര-സംസ്ഥാന തൊഴില്‍ മേഖലകളില്‍ നടപ്പിലാക്കുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബില്ലിനെ സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ സംവരണം സ്വകാര്യ മേഖലയിലേക്ക് കൂടി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സംവരണം ആവശ്യപ്പെടുന്ന പട്ടീദര്‍, ജാട്ടുകള്‍, ഗുജ്ജറുകള്‍, മറാത്ത വിഭാഗക്കാര്‍ എന്നിവരുള്‍പ്പെടുന്ന ഉന്നതജാതി സമുദായങ്ങളെ സംതൃപ്തിപ്പെടുത്താനാണ് ബിജെപി നിയമനിര്‍മ്മാണം കൊണ്ടു വന്നതെന്ന് വിമര്‍ശനം ഉണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook