രാജ്‌കോട്ട്: മീന്‍പിടിത്ത ബോട്ടില്‍ കടത്തുകയായിരുന്ന 300 കോടി രൂപ വില മതിക്കുന്ന 40 കിലോ മയക്കുമരുന്നും ആയുധങ്ങളും വെടിക്കോപ്പുകളുമായി 10 പാക്കിസ്ഥാന്‍ പൗരന്മാര്‍ ഗുജറാത്ത് തീരത്ത് പിടിയില്‍. ഇവര്‍ സഞ്ചരിച്ച അല്‍ സൊഹേലിയെന്ന പാക്കിസ്ഥാന്‍ ബോട്ടും പിടിച്ചെടുത്തു.
ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന(എ ടി എസ്)യുമായി ചേര്‍ന്നു ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തിങ്കളാഴ്ച പുലർച്ചെ നടത്തിയ ഓപ്പറേഷനിലാണു സംഘം വലയിലായത്. പിടിയിലാവരെയും ബോട്ടും ദേവഭൂമി ദ്വാരക ജില്ലയിലെ ജഖാവു തുറമുഖത്തേക്കു കൊണ്ടുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഗുജറാത്ത് എ ടി എസില്‍നിന്നു ലഭിച്ച രഹസ്യാന്വേഷണ വിവരത്തെ തീരസംരക്ഷണ സേന കപ്പലായ ‘അരിഞ്ജയ്’ അറബിക്കടലിലെ സാങ്കല്‍പ്പിക അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയ്ക്കു സമീപം വിന്യസിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ബോട്ട് ശ്രദ്ധയില്‍പ്പെട്ടതോടെ മുന്നറിയിപ്പ് വെടിയുതിര്‍ത്തു. തുടര്‍ന്നു ബോട്ടും ജീവനക്കാരരെയും പിടികൂടുകയായിരുന്നു.
”തിങ്കളാഴ്ച പുലര്‍ച്ചെ, പാകിസ്ഥാന്‍ മീന്‍പിടിത്ത ബോട്ട് അല്‍ സൊഹേലി ഇന്ത്യന്‍ സമുദ്രത്തില്‍ സംശയാസ്പദമായി നീങ്ങുന്നതു കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ തടയാന്‍ ശ്രമിച്ചതോടെ ബോട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. മുന്നറിയിപ്പ് വെടിയുതിര്‍ത്തിയിട്ടു പോലും നിര്‍ത്തിയില്ല. ഇരുട്ടില്‍ കുതിച്ചുകയറിയ കപ്പല്‍ ബോട്ട് തടഞ്ഞു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണു കോസറ്റ് ഗാര്‍ഡ് സംഘം ബോട്ടില്‍ കയറിയത്,” കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
നിയമവിരുദ്ധ വിപണിയില്‍ 300 കോടി രൂപ വിലമതിക്കുന്ന 40 കിലോ മയക്കുമരുന്നും ആയുധങ്ങളും വെടിക്കോപ്പുകളും ബോട്ടില്‍നിന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

ആറ് പിസ്റ്റളുകളും 100 റൗണ്ട് വെടിയുണ്ടകളും ബോട്ടില്‍നിന്നു പിടിച്ചെടുത്തതായി ഓപ്പറേഷനില്‍ പങ്കാളിയായ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംശയാസ്പദമായ പദാര്‍ത്ഥം മയക്കുമരുന്നാണെന്നു പ്രഥമദൃഷ്ട്യാ മനസിലാക്കുന്നത്. ഏതു തരം മയക്കുമരുന്നാണെന്നു കണ്ടെത്താന്‍
ഫോറന്‍സിക് പരിശോധന നടത്തും. ബോട്ടിലെ 10 ക്രൂ അംഗങ്ങള്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്നാണു പ്രാഥമികമായ വിലയിരുത്തല്‍. രണ്ടു ദശാബ്ദത്തിനിടെ ഇതാദ്യമായാണു ഗുജറാത്ത് തീരത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് എ ടി എസും ചേര്‍ന്ന് നടത്തുന്ന 17-ാമത്തെ ഓപ്പറേഷനാണിതെന്ന് ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു. ഈ കാലയളവില്‍, 44 പാകിസ്ഥാന്‍, ഏഴ് ഇറാന്‍ സ്വദേശികളില്‍നിന്നായി 1930 കോടി രൂപ വിലമതിക്കുന്ന3 46 കിലോ ഹെറോയിന്‍ പിടികൂടിയതായും പ്രസ്താവനയില്‍ പറയുന്നു.