ബെംഗളൂരു: കോൺഗ്രസ്-ജെഡിഎസ് സർക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ എന്തിന് രാജി വയ്ക്കണം. രാജി വയ്ക്കേണ്ട അടിയന്തര സാഹചര്യമില്ല. 2008ൽ സമാന സാഹചര്യം ഉണ്ടായപ്പോൾ യെഡിയൂരപ്പ രാജിവച്ചിട്ടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

എംഎൽഎമാരുടെ രാജിക്കാര്യത്തിൽ ഇന്ന് വൈകുന്നേരം ആറ് മണിക്ക് സ്പീക്കർ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. എംഎൽഎമാരോട് സ്പീക്കർക്ക് മുന്നിൽ ഹാജരാകണമെന്നും സുപ്രീം കോടതി പറഞ്ഞു. എംഎൽഎമാർക്ക് കർശന സുരക്ഷ ഒരുക്കാൻ ഡിജിപിക്ക് നിർദേശം നൽകി. കേസ് നാളെ വീണ്ടും സുപ്രീം കോടതി പരിഗണിക്കും. നിയമസഭയിൽ തങ്ങൾ ഭൂരിപക്ഷം തെളിയിക്കുമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സിദ്ധരാമയ്യ ഇന്ന് കെ.സി.വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തും.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ഇന്നലെതന്നെ ബിജെപി അധ്യക്ഷന്‍ യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. പാര്‍ട്ടിയുമായി പ്രശ്നങ്ങളില്ലെങ്കിലും രാജി കാര്യത്തില്‍ നിലപാട് മാറ്റാന്‍ സാധിക്കില്ലെന്ന് മുംബൈയിലുള്ള എംഎല്‍മാര്‍ പറഞ്ഞു കഴിഞ്ഞു. പുറത്തുള്ള എംഎല്‍എമാരില്‍ പരമാവധി എട്ടു പേരുടെയെങ്കിലും പിന്തുണ ലഭിച്ചെങ്കില്‍ മാത്രമേ സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ സാധിക്കൂ. ഇന്നലെ രാജിവച്ച രണ്ടു പേരും മുംബൈയിലെ വിമതര്‍ക്കൊപ്പം ചേര്‍ന്നു. കൂടുതല്‍ പേര്‍ രാജി വച്ചേക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കെ ഇരുട്ടടിയായി ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പത്ത് പേര്‍ കൂടുമാറി. തങ്ങളെ ബിജെപിയില്‍ ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 15 എംഎല്‍എമാര്‍ ഉണ്ടായിരുന്നു. പത്ത് എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നതോടെ അംഗസഖ്യ അഞ്ചാകും. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കർ അടക്കമാണ് ബിജെപിയിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നത്.

നിയമസഭ ഡപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോ എംഎല്‍എമാരുടെ രാജി വാര്‍ത്ത സ്ഥിരീകരിച്ചു. രാജിവച്ച എംഎല്‍എമാര്‍ ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ നിന്ന് വിട്ട് ബിജെപിയിലേക്ക് ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ രാജേഷ് പട്‌നേക്കറിന് ഇന്നലെ വൈകീട്ടാണ് എംഎല്‍എമാര്‍ കത്ത് നല്‍കിയത്. ബിജെപിയാണ് ഗോവയില്‍ ഭരണത്തിലുള്ളത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയിലെത്തി. ഇതോടെ രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടു.

Read Also: ശിവകുമാറിനെ വിട്ടയച്ചു; രാജിവച്ച എംഎല്‍എയെ റൂമിനുള്ളില്‍ പൂട്ടിയിട്ടതായി റിപ്പോര്‍ട്ട്

സംസ്ഥാന നിയമസഭയില്‍ ബിജെപിയാണ് നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 17 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 15 എംഎല്‍എമാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് അഞ്ചായി ചുരുങ്ങി. എന്‍സിപിക്ക് രണ്ട്, എംജിപി 1, ജിഎഫ്പി 3 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ അംഗബലം.

കൂറുമാറിയ എംഎല്‍എമാര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. പാര്‍ട്ടിയിലെ ആകെ അംഗബലത്തില്‍ മൂന്നില്‍ രണ്ട് ഭാഗം കൂറുമാറുകയാണെങ്കില്‍ അതിന് സാധുതയുണ്ട്. 15 ല്‍ 10 പേര്‍ പാര്‍ട്ടി മാറുമ്പോള്‍ അത് കൂറുമാറ്റ നിരോധന നിയമപ്രകാരം കുറ്റകരമല്ല. അതിനാല്‍ ഈ എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook