Karnataka MLA Resign, Karnataka Political Crises: ബെംഗളൂരു: കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് പത്തോളം എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നു. കോണ്‍ഗ്രസില്‍ നിന്ന് എട്ട് എംഎല്‍എമാരും ജെഡിഎസില്‍ നിന്ന് മൂന്ന് എംഎല്‍എമാരും രാജി സമര്‍പ്പിക്കുന്നതിനായി വിധാന്‍ സൗധയില്‍ എത്തി. സ്പീക്കറെ കണ്ട് രാജി സമര്‍പ്പിക്കാനാണ് എംഎല്‍എമാര്‍ എത്തിയിരിക്കുന്നത്. എംഎല്‍എമാര്‍ രാജി വയ്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് അത് തിരിച്ചടിയാകും.

രാജിവയ്ക്കാന്‍ എത്തിയ എംഎല്‍എമാരില്‍ പ്രമുഖ നേതാക്കളായ എച്ച്.വിശ്വനാഥ, രാമലിംഗ റെഡ്ഡി എന്നിവരും ഉണ്ട്. സ്പീക്കറെ കണ്ട് രാജി സമര്‍പ്പിക്കാനാണ് താന്‍ വിധാന്‍ സൗധയിലെത്തിയതെന്ന് രാമലിംഗ റെഡ്ഡി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, ആരും രാജിവയ്ക്കില്ലെന്നാണ് കര്‍ണാടകയിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാര്‍ പറയുന്നത്. എംഎല്‍എമാരുടെ അടിയന്തര യോഗവും കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാല്‍ ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിധാന്‍ സൗധയിലെത്തിയ എംഎല്‍എമാരുമായി ഡി.കെ.ശിവകുമാര്‍ കൂടിക്കാഴ്ച നടത്തും.

കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ രാജിവയ്പിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. യെഡിയൂരപ്പയുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ താമര നടത്തുന്നത്. നിലവില്‍ കര്‍ണാടക നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. എന്നാല്‍, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ് ഭരണത്തില്‍. ബിജെപിക്ക് 105 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനുള്ളത് 116 എംഎല്‍എമാരുടെ പിന്തുണയുണ്ട്. 15 എംഎല്‍എമാര്‍ ഇതില്‍ നിന്ന് രാജിവച്ചാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്കായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook