ന്യൂഡൽഹി: രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നുളള പത്ത് ലക്ഷം ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് കുടിയൊഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്.   വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കാത്ത ആദിവാസി കുടുംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടത്. കേരളം അടക്കം 16 സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് ഇതോടെ വനത്തിന് പുറത്താവുക.

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവിന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.  കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളാണ് വനത്തിന് പുറത്താവുക.  വനത്തിനുള്ളിൽ താമസിക്കുന്നതിന് നിയമപരമായ പരിരക്ഷ തേടി  39,999 അപേക്ഷകളാണ് കേരളത്തിൽ ലഭിച്ചത്. പരിശോധനകൾക്ക് ശേഷം ഇതിൽ 894 അപേക്ഷകൾ തളളിക്കളഞ്ഞതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

കേസ് ജൂലൈ 24 ന് കോടതി വീണ്ടും പരിഗണിക്കും. അതിന് മുൻപ് വനാവകാശ നിയമത്തിന്റെ പരിരക്ഷ കിട്ടാത്ത മുഴുവൻ പേരെയും ഒഴിപ്പിക്കാനാണ് കോടതി നിർദേശം നൽകിയത്.  വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം ചെയ്ത് വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹാജരാവാതെ ഒളിച്ചുകളിച്ചെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

അപേക്ഷകൾ തളളിയപ്പോൾ തന്നെ എന്തുകൊണ്ടാണ് ഒഴിപ്പിക്കലുണ്ടാകാതിരുന്നതെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.  ജൂലൈ 24 ന് 16 സംസ്ഥാനങ്ങളിലും ഒഴിപ്പിക്കല്‍ പൂര്‍ത്തിയായെന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കണം.  നിർദേശം പാലിക്കാത്തത് ഗുരുതരമായി കാണുമെന്ന മുന്നറിയിപ്പും കോടതി നൽകി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ