ബംഗളൂരു: കര്‍ണാടകയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. കുട്ടികളും സ്ത്രീകളും അടക്കമുളളവരാണ് മരിച്ചത്. മാണ്ഡ്യയിലാണ് അപകടം നടന്നത്. കൂടുതല്‍ പേര്‍ ബസില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. അത്കൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
വയലിന് അടുത്ത് നിന്നും ജനങ്ങള്‍ കയറ് ഉപയോഗിച്ച് ബസ് കരയിലെത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആഴമുളള കനാലില്‍ ബസ് പൂര്‍ണമായും മുങ്ങിയിട്ടുണ്ട്. പാണ്ഡവപുരം താലൂക്കിലെ കങ്കനമരാടി ഗ്രാമത്തിലാണ് അപകടം നടന്നത്. 20 മൃതദേഹങ്ങള്‍ കരയിലെത്തിച്ചതായി പാണ്ഡവപുര തഹസില്‍ദാര്‍ വ്യക്തമാക്കി.
ഒരു സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. കനാലിന്റെ അടുത്തെ വളവില്‍ നിയന്ത്രണം വിട്ടാണ് ബസ് അപകടത്തില്‍പെട്ടതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കനാലിനെ തിരിക്കുന്ന സുരക്ഷാ ബണ്ടുകള്‍ ഇല്ലാത്തതാണ് അപകടകാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്നത്തെ പരിപാടികള്‍ റദ്ദാക്കിയ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പാണ്ഡവപുരത്തേക്ക് തിരിച്ചു.