/indian-express-malayalam/media/media_files/uploads/2018/12/computer_big_new.jpg)
ന്യൂഡൽഹി: രാജ്യത്തെ കംപ്യൂട്ടറുകളിലെ ഡാറ്റകൾ പരിശോധിക്കുന്നതിന് പത്ത് ഏജൻസികളെ ചുമതലപ്പെടുത്തിക്കൊണ്ടുളള ഉത്തരവ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗ്വാബ പുറത്തിറക്കി. കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്നതോ, അയച്ചതോ, സ്വീകരിച്ചതോ ആയ വിവരങ്ങൾ പരിശോധിക്കുകയോ, പിടിച്ചെടുക്കുകയോ ചെയ്യാമെന്നാണ് ഉത്തരവിൽ പറയുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ ഇന്റലിജൻസ് ബ്യൂറോ, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സ്, ഡയറ്റക്റ്ററേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ്, കമ്മീഷണർ ഓഫ് പൊലീസ് എന്നീ എജൻസികൾക്കാണ് ഡാറ്റ പരിശോധിക്കാനുള്ള ചുമതല.
ഉത്തരവ് പ്രകാരം ഇന്റർനെറ്റ് വരിക്കാർ, സർവീസ് പ്രൊവൈഡർ, കംപ്യൂട്ടർ ഉപയോഗിക്കുന്നവർ എന്നിവർ പരിശോധന ഏജൻസികൾക്ക് പരിശോധിക്കാനുള്ള സൗകര്യം ഒരുക്കണം. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് ഏഴു വർഷം വരെ തടവുശിക്ഷയോ പിഴയോ കിട്ടാവുന്ന കുറ്റമാണ്.
ഐടി ആക്ട് 2000ത്തിലെ സെക്ഷൻ 69 (1) പ്രകാരമാണ് ഏജൻസികൾക്ക് കംപ്യൂട്ടറിലെ വിവരങ്ങൾ നിരീക്ഷിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. കംപ്യൂട്ടറിലെ വിവരങ്ങൾ പരിശോധിക്കുന്നതിനാണ് നിലവിലെ ഉത്തരവിൽ പറയുന്നത്. നേരത്തെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ ഫോൺ വിവരങ്ങൾ ചോർത്തുന്നതിന് അംഗീകൃത ഏജൻസികളെ ചുമതലപ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.