കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അമിതവേഗത്തിലോടിച്ച ഫെരാരി സ്പോര്‍ട്സ് കാര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദൊംജൂരിലെ പകൂരിയയിലാണ് ഞായറാഴ്ച രാവിലെ 9.30ഓടെ അപകടം ഉണ്ടായത്. അപകടത്തില്‍ പരുക്കേറ്റ യുവതിയെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണം വന്നിട്ടില്ല. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഇതില്‍ സ്ഥിരീകരണമാവുകയുളളൂ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫ്ലൈഓവറിന്റെ തൂണിലാണ് അമിതവേഗത്തില്‍ വന്ന കാറിടിച്ചത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇരു വശത്തേയും ഡോറുകളും അപകടത്തില്‍ തകര്‍ന്നു. ഫ്ലൈഓവറില്‍ ചേര്‍ന്നിട്ടുണ്ടായിരുന്ന 6 ഇഞ്ചോളം നീളമുളള ഇരുമ്പ് കമ്പി കാറിന്റെ ബോണറ്റ് വഴി അകത്തേക്ക് തുളച്ചു കയറിയ രീതിയിലാണ്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു.
500 ഹോഴ്സ് പവറിന് മുകളിലുളള ഫെരാരി കാലിഫോര്‍ണിയ ടി മോഡല്‍ കാറാണ് അപകടത്തില്‍ പെട്ടത്. 2017 ജൂലൈയില്‍ നോയിഡയിലും സമാനമായ അപകടം ഉണ്ടായിട്ടുണ്ട്. അന്ന് അമിതവേഗതയില്‍ ലംബോര്‍ഗിനി ഓടിച്ച 20കാരനാണ് മരിച്ചത്. സ്വിഫ്റ്റ് ഡിസയര്‍ കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ മാരുതി ഇക്കോ വാഹനത്തില്‍ ഉരസി നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.