അലഹബാദ്: അര്‍ധ കുംഭമേളയ്ക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ ഒരുക്കങ്ങൾ പൂർത്തിയായി. പഴയ അലഹബാദിലെ ത്രിവേണീ സംഗമത്തിലാണ് കുംഭമേള. സ്‌നാനത്തിനും പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമായി ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇതിനോടകം തന്നെ അലഹബാദിൽ എത്തിക്കഴിഞ്ഞു. ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന അര്‍ധ കുംഭമേളയാണ് ഇത്തവണ നടക്കുന്നത്. ഇന്ന് മുതൽ മാര്‍ച്ച് നാലുവരെയാണ് മേള.

അമ്പത് ദിവസം നീണ്ടു നിൽക്കുന്ന കുംഭമേളയിൽ 12 കോടി പേരെങ്കിലും എത്തിച്ചേരുമെന്നാണു കരുതുന്നത്. 33 ലക്ഷം ആളുകൾ ഇതിനോടകം തന്നെ മേളനഗരത്തിൽ എത്തിക്കഴിഞ്ഞു. ഒമ്പത് സോണുകളിലായി 16 ജില്ലകൾ ഉൾപ്പെടുന്ന 3200 ഹെക്ടറിലാണ് മേള നഗരം പരന്ന് കിടക്കുന്നത്. 1.2 ലക്ഷം ശൗചാലയങ്ങളും 40 പൊലീസ് സ്റ്റേഷനുകളുമാണ് കുംഭനഗരിയിലുള്ളത്.

പൊലീസ് സ്റ്റേഷനുകൾക്ക് പുറമെ ആശുപത്രികൾ, ബാങ്കുകൾ എന്നിവയും മേള നഗരിയിൽ പ്രവർത്തിക്കും. നിരവധി വിദേശ സഞ്ചാരികളും കുംഭമേളയോട് അനുബന്ധിച്ച് പ്രയാഗ് രാജിൽ എത്തിച്ചേരും. ഇവർക്ക് മാത്രമായി 1200 ഓളം താത്ക്കാലിക ആഡംബര ടെന്റുകളും ഭക്ഷണ ശാലകളും ഒരുങ്ങിക്കഴിഞ്ഞു.

സുരക്ഷ ചുമതലയ്ക്കായി 25000 പൊലീസ് ഉദ്യോഗസ്ഥരും മേളനഗരിയിലുണ്ട്. 500 ക്യാമറകൾ ഉൾപ്പടെ 1100 ഹൈ ഡെഫനിഷൻ ക്യാമറകളാണ് പ്രയാഗ് രാജിൽ സ്ഥാപിച്ചിരിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് സുഹാസ് എൽ.വൈ പറഞ്ഞു. അഞ്ച് ലക്ഷം വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 500 ഷട്ടിൽ ബസ്സുകൾ സർവ്വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook