വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറും ഹോളിവുഡ് താരവുമായ അര്‍നോള്‍ഡ് ഷ്വാസ്‍നഗറും തമ്മിലുള്ള വാക്പോര് പുതിയ തലത്തില്‍. ട്രംപിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന്, ട്രംപിനെ ഒരു കൂടിക്കാഴ്ചക്ക് ക്ഷണിക്കുമെന്നും വന്നാല്‍ താനും തന്റെ സഹായിയും കൂടി ട്രംപിന്റെ മുഖം മേശയില്‍ ഇടിച്ച് പൊളിക്കുമെന്നാണ് ഷ്വാസ്‍നഗര്‍ പറഞ്ഞത്. മെന്‍സ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് ഷ്വാസ്‍നഗറിന്റെ പരാമര്‍ശം.

തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ചാനലിന്റെ അവതാരകനായിരുന്നു ട്രംപ്. പ്രചരണച്ചൂട് തുടങ്ങിയതോടെ ട്രംപിന് പകരക്കാരനായി അവതാരക കസേരയിലേക്ക് എത്തിയത് അര്‍നോള്‍ഡ് ആയിരുന്നു. എന്നാല്‍ അര്‍നോള്‍ഡ് അവതാരകനായതോടെ പരിപാടിയുടെ റേറ്റിങ് കുറഞ്ഞെന്ന് കഴിഞ്ഞദിവസം ട്രംപ് കളിയാക്കിയിരുന്നു.

ഇതിന് മറുപടിയുമായി അര്‍നോള്‍ഡും രംഗത്തെത്തി. ”നമുക്ക് നമ്മുടെ ജോലികള്‍ പരസ്‍പരം മാറിയെടുക്കാം. ട്രംപ് ചാനല്‍ പരിപാടി അവതരിപ്പിച്ചോളൂ, ഞാന്‍ അമേരിക്കയുടെ പ്രസിഡന്റാകാം, ഇതോടെ അമേരിക്കന്‍ ജനതക്ക് പഴയതു പോലെ സുഖമായി ഉറങ്ങാന്‍ കഴിയുമെന്നുമായിരുന്നു അര്‍നോള്‍ഡിന്റെ പരിഹാസം. ഇതിന് ശേഷമാണ് മെന്‍സ് ജേണലിന്റെ അഭിമുഖത്തിലും അര്‍നോള്‍ഡ് ട്രംപിനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്.

പ്രസിഡന്റ് പദത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ ട്രംപ് പുറപ്പെടുവിച്ച മുസ്‍ലിം- കുടിയേറ്റ വിരുദ്ധ ഉത്തരവ് അടക്കമുള്ള നടപടികള്‍ക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ ആയിരുന്നു അര്‍നോള്‍ഡിന്റെ കളിയാക്കല്‍. ഇതിനിടെ മറ്റൊരു ഹോളിവുഡ് താരവും ട്രംപിനെ ഇടിക്കുമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിട്ടുണ്ട്. റോബര്‍ട്ട് ഡി നീറോയാണ് പ്രസിഡന്റിന്റെ മുഖത്ത് ഇടിക്കുമെന്ന് പറഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ