വാഷിംഗ്ടണ്‍: കുടിയേറ്റക്കാരെ നാടു കടത്തിയും ചില രാജ്യക്കാര്‍ക്കു മുമ്പില്‍ അമേരിക്കയുടെ വാതില്‍ കൊട്ടിയടച്ചും നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് പദത്തിലേറി രണ്ടാഴ്ച്ച പിന്നിടും മുമ്പാണ് ജനവിരുദ്ധ നയങ്ങള്‍ കൊണ്ട് ട്രംപ് വാര്‍ത്തകളില്‍ നിറയുന്നത്. ഇതിനിടെയാണ് അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ നടന്ന ഒരു സര്‍വേയുടെ ഫലം പുറത്തുവന്നിരിക്കുന്നത്.

മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അധികാരത്തിലേക്ക് തിരിച്ചു വരണമെന്നാണ് ഭൂരിഭാഗം അമേരിക്കന്‍ വോട്ടര്‍മാരും കരുതുന്നതെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. 52 ശതമാനം പേരാണ് ഒബാമ തിരിച്ചു പ്രസിഡന്റ് പദത്തിലേക്ക് വരണമെന്ന അഭിപ്രായം പ്രകടിപ്പിച്ചത്. എന്നാല്‍ 43 ശതമാനം പേര്‍ ട്രംപിന്റെ ഭരണത്തില്‍ സന്തുഷ്ടരാണെന്നാണ് പബ്ലിക് പോളിസി പോളിംഗ് സര്‍വേയില്‍ പറയുന്നത്.

പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് തങ്ങളുടെ അധികാര പദത്തിലേറി ഹണിമൂണ്‍ കാലഘട്ടം ആഘോഷിക്കുന്ന ഘട്ടത്തില്‍ ജനപ്രിയരായിരിക്കും. എന്നാല്‍ ട്രംപിന്റെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണെന്ന് പബ്ലിക് പോളിസി പോളിംഗിന്റെ പ്രസിഡന്റ് ഡീന്‍ ഡെബ്നാം പറഞ്ഞു. ഭൂരിഭാഗം വോട്ടര്‍മാരുടേയും ആഗ്രഹം ട്രംപിനെ ഇംപീച്ച് ചെയ്യണം എന്നതാണ്. മുന്‍ പ്രസിഡന്റ് ഒബാമ തിരിച്ചു വന്നെങ്കില്‍ എന്ന ആഗ്രഹം ഉള്ളവരും അധികമാണ്, ഡെബ്നാം കൂട്ടിച്ചേര്‍ത്തു.

40 ശതമാനം പേരാണ് ട്രംപിനെ ഇംപീച്ച്ചെയ്യണമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 48 ശതമാനം മാത്രമാണ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന അഭിപ്രായത്തോട് യോജിക്കാതിരുന്നത്. കുടിയേറ്റത്തിനെതിരെ ട്രംപ് സ്വീകരിച്ച നടപടികളോടും ജനങ്ങള്‍ രണ്ടു തട്ടില്‍ നിന്നു. 47 ശതമാനം ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചപ്പോള്‍ 49 ശതമാനം പേര്‍ കുടിയേറ്റ വിരുദ്ധ നയത്തെ എതിര്‍ത്തു.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയം മുസ്ലിംങ്ങളെ രാജ്യത്ത് നിരോധിക്കാനാണെന്നാണ് 52 ശതമാനം വോട്ടര്‍മാരും അഭിപ്രായപ്പെട്ടത്. എന്നാല്‍ 41 ശതമാനം പേര്‍ തീരുമാനം മുസ്ലിംങ്ങളെ ഉദ്ദേശിച്ചല്ല എന്ന് അഭിപ്രായപ്പെട്ടു. ഇനി മുസ്ലിംങ്ങളെ നിരോധിക്കുകയാണ് ട്രംപിന്റെ ഉദ്ദേശമെങ്കില്‍ അതിനെ പിന്തുണയ്ക്കുന്നില്ലെന്നാണ് 65 ശതമാനം പേരും പറഞ്ഞത്. വെറും 26 ശതമാനം മാത്രമാണ് മുസ്ലിംങ്ങളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

സിറിയന്‍ അഭയാര്‍ത്ഥികളെ രാജ്യത്ത് വിലക്കണമെന്ന് 43 ശതമാനം ആവശ്യപ്പെട്ടപ്പോള്‍ 48 ശതമാനം പേരും സിറിയന്‍ അഭയാര്‍ത്ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ജനുവരി 30നും 31നും നടന്ന സര്‍വേയുടെ ഫലമാണ് പബ്ലിക് പോളിസി പോളിംഗ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ