വാഷിംഗ്ടൺ: മെക്സിക്കോയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. മയക്കുമരുന്ന് കടത്തുകാരെയും കുടിയേറ്റക്കാരെയും നിയന്ത്രിക്കാൻ ഭരണകൂടം തയാറായില്ലെങ്കിൽ തങ്ങളുടെ സൈന്യത്തിന് അതിനുള്ള കഴിവുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെക്സിക്കൻ പ്രസിഡന്റ് എറിക് പെന നീറ്റോയുമായി നടത്തിയ ഫോൺ സംഭാഷത്തിലാണ് ട്രംപിന്റെ അഭിപ്രായ പ്രകടനം.
വൈറ്റ് ഹൗസില്‍ നിന്നും ചോര്‍ന്ന ഫോൺ സംഭാഷണത്തിന്റെ രേഖകൾ സഹിതം അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുനേതാക്കളും ഫോണിൽ സംസാരിച്ചത്. കുടിയേറ്റക്കാരെയും, മയക്കുമരുന്ന് കടത്തുകാരെയും തടയാന്‍ സാധിക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ സൈന്യം അതിന് തയാറാണെന്ന് ട്രംപ് നീറ്റോയെ അറിയച്ചതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈന്യത്തെ അയക്കുമെന്ന ഭീഷണിയോ, സൈന്യത്തെ അയക്കാമെന്ന സന്നദ്ധതയോ ആണ് ട്രംപ് അറിയിച്ചതെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മെക്സിക്കോയില്‍ മോശപ്പെട്ട ആള്‍ക്കാരുടെ കടന്നുകയറ്റമുണ്ട്. അവരെ നിയന്ത്രിക്കാന്‍ നിങ്ങളൊന്നും ചെയ്യുന്നില്ല. എനിക്ക് തോന്നുന്നു നിങ്ങളുടെ സൈന്യത്തിന് പേടിയാണെന്ന്, ഞങ്ങളുടെ സൈന്യത്തിന് അതില്ല. അത്തരക്കാരെ കൈകാര്യം ചെയ്യാന്‍ ഞാന്‍ സൈന്യത്തെ അയക്കുന്നതാണ് നല്ലതെന്നാണ് കരുതുന്നത്’, ഇതായിരുന്നു ട്രംപിന്റെ വാക്കുകളെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
മോശപ്പെട്ട ആള്‍ക്കാരെന്ന പരാമര്‍ശം കൊണ്ട് ട്രപ് ഉദ്ദേശിച്ചത് മയക്കുമരുന്നുകാരേയും കുടിയേറ്റക്കാരേയുമാണെന്നാണ് മെക്സിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. . അമേരിക്ക- മെക്സിക്കോ അതിര്‍ത്തിയില്‍ മതില് കെട്ടണമെന്നും അതിനുള്ള പണം മെക്സിക്കോ നല്കണമെന്നുള്ള ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വശളായിരുന്നു. ഇതിനിടയിലാണ് ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്.