ഉല്ലാസവും ഫിറ്റന്‌സുമാണു മിക്ക ചെറുപ്പക്കാരുടെയും മന്ത്ര. അവര്‍ തങ്ങളുടെ ഇഷ്ട ഷോകള്‍ ധാരാളം കാണുകയോ ഫിറ്റ്‌നസിനു വേണ്ടി ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട്‌ ചെയുക്കുകയോ ചെയ്യുന്നു. ഉല്ലാസഭരിതമായും  ആരോഗ്യത്തോടെയും തുടരാനുള്ള നല്ലൊരു സമീപനമാണിത്. പക്ഷേ ഇത് മതിയാകില്ല! അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരാകുന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാകേണ്ടതുണ്ട്, പ്രത്യേകിച്ചും അത് പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കു വരുമ്പോള്‍.

പ്രായ, വരുമാന ഘടകങ്ങള്‍ ബാധകമല്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിക്കാം. അതിലുപരി, ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ സമ്മര്‍ദവും ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളും നമ്മളില്‍ മിക്കവരുടെയും ആരോഗ്യത്തെ ബാധിക്കുന്നു. മെഡിക്കല്‍ സൗകര്യങ്ങളുടെ പുരോഗതി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. അതേസമയം, കോവിഡ്-19 പോലുള്ള പുതിയ രോഗങ്ങളും ആവിര്‍ഭവിക്കുന്നു. ഇതിനെല്ലാമിടയില്‍, ചികിത്സാ ചെലവ് വര്‍ധിക്കുന്നത് തീര്‍ച്ചയായും ആസന്നമാണ്.

വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവിന് ഏറ്റവും ഉചിത പരിഹാരമായ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനില്‍ ചേര്‍ന്ന് മനസമാധാനം ഉറപ്പാക്കുക എന്നതാണ് പ്രധാനം. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഒരു ഭാഗം (സം ഇന്‍ഷ്വേഡ്) പ്രീമിയമായി അടയ്ക്കുന്നതിലൂടെ, പോളിസി ഉടമയ്ക്കുവേണ്ടി വേണ്ടി ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രി ബില്ലുകള്‍ അടയ്ക്കുന്നുവെന്ന് ഉറപ്പാക്കപ്പെടുന്നു.

‘ഞാന്‍ ചെറുപ്പവും ആരോഗ്യവാനുമാണ്, അതിനാല്‍ ഞാന്‍ എന്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങണം,’ എന്നാണ് പൊതു കാഴ്ചപ്പാട്. എന്നാല്‍, ജീവിതത്തിന്റെ തുടക്കകാലത്ത് തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങുന്നതിന്റെ പ്രാധാന്യം യുവാക്കള്‍ എന്തുകൊണ്ട് മനസിലാക്കണമെന്നു നോക്കാം.

മികച്ച ക്ലെയിം ഹിസ്റ്ററി സൃഷ്ടിക്കുന്നു

മികച്ച ആരോഗ്യസ്ഥിതി ഉണ്ടായിരിക്കുകയും ശരീരഭാഗങ്ങളും അവയവങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വാങ്ങുന്നതിനുള്ള ശരിയായ സമയമെന്നത് സ്ഥാപിക്കപ്പെട്ട വസ്തുതയാണ്. നിങ്ങള്‍ ചെറുപ്പവും ആരോഗ്യവാനുമാണെങ്കില്‍, പ്രീമിയം കുറവാണെന്നു മാത്രമല്ല, ക്ലെയിം തേടാനുള്ള സാധ്യതയും കുറവാണ്. ഇത് ഭാവിയില്‍ അനുഗ്രഹമാകാനും ഇന്‍ഷുറന്‍സ് കമ്പനിയുമായി നല്ല ക്ലെയിം ഹിസ്റ്ററി സൃഷ്ടിക്കാനും സഹായിക്കുന്നു.

ബോണസ് നേടുന്നു

ഒരു വര്‍ഷവും ക്ലെയിം ഇല്ലെങ്കില്‍, ഒരാള്‍ക്ക് നോ-ക്ലെയിം ബോണസ് (എന്‍സിബി) ആനുകൂല്യം ലഭിക്കും. പോളിസി ഉടമ നിലയില്‍ ഒരാള്‍ക്ക്, ഓരോ ക്ലെയിം രഹിത വര്‍ഷത്തിലും അധിക ചെലവ് കൂടാതെ അധിക ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നു. കാലക്രമേണ, കവറേജിന്റെ പരിധി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യകരമായി തുടരുന്നതിന്റെ മാത്രമല്ല, ഇന്‍ഷുന്‍സ് കമ്പനിയുമായി സ്ഥിരമായി പോളിസി തുടരുകയും  ചെയ്യുന്നതിന്റെയും കൂടി നേട്ടമാണിത്.

നിലവിലുള്ള കവറേജ്

ചെറുപ്പത്തില്‍ത്തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വാങ്ങുന്നതിന്റെ ഏറ്റവും വലിയ നേട്ടം, നിലവിലുള്ള ഏതെങ്കിലും രോഗാവസ്ഥയുമായി ബന്ധപ്പെട്ട കാത്തിരിപ്പ് കാലയളവുകള്‍ മറികടക്കുക എന്നതാണ്. പക്ഷേ, കാത്തിരിപ്പ് കാലഘട്ടങ്ങള്‍ എന്തൊക്കെയാണ്? ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ പോളിസി ഉടമയുടെ നിശ്ചിത അല്ലെങ്കില്‍ നിലവിലുള്ള എല്ലാ രോഗങ്ങള്‍ക്കും പരിരക്ഷ ലഭിക്കുന്നതിനു മുമ്പായി ചില കാത്തിരിപ്പ് കാലയളവുകളുണ്ട്. ചില അസുഖങ്ങള്‍ക്കു 12 അല്ലെങ്കില്‍ 24 മാസത്തിനുശേഷം പരിരക്ഷ ലഭിക്കുമ്പോള്‍ മുമ്പുണ്ടായിരുന്ന രോഗങ്ങള്‍ക്കു മിക്കവാറും 48 മാസത്തിനുശേഷമാണ് പരിരക്ഷ ലഭിക്കുന്നത്. നേരത്തെ തന്നെയുള്ള അസുഖങ്ങള്‍ക്ക് ഒരു പ്രായത്തില്‍ സ്വയമേവ പരിരക്ഷ ലഭിക്കുമെന്നതാണ് നേരത്തെ പോളിസി വാങ്ങുന്നതിന്റെ പ്രയോജനം.

അപകട പരിരക്ഷ

പൊതുവെ പറയുന്നതുപോലെ, അപകടങ്ങള്‍ ആകസ്മികവും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതുമാണ്. പ്രായം വ്യത്യാസമില്ലാതെ തന്നെ, ഒരാള്‍ക്ക് നിര്‍ഭാഗ്യകരമായ സംഭവമുണ്ടാകുകയും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്യാം. പോളിസിയുടെ ആദ്യ ദിവസം മുതല്‍ അപകട ചികിത്സയ്ക്കു പരിരക്ഷയുള്ളതിനാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ഉണ്ടായിരിക്കുന്നത് ആശുപത്രി ചെലവുകള്‍ ലാഭിക്കാന്‍ സഹായിക്കുന്നു.

നികുതി നേട്ടം

നിങ്ങള്‍ ചെറുപ്പവും വരുമാനമുള്ളയാളുമാണെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങുന്നതില്‍ വലിയ നേട്ടമുണ്ട്. 1961 ലെ ആദായനികുതി നിയമപ്രകാരം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 25,000 രൂപ വരെ നികുതി ഇളവ് ലഭിക്കും. മക്കളെ ആശ്രയിക്കുന്ന മാതാപിതാക്കളുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനിനായി അടച്ച പ്രീമിയത്തിന് 50,000 രൂപ വരെ നികുതി ആനുകൂല്യം ലഭിക്കും. പല ജീവനക്കാര്‍ക്കും തൊഴിലുടമ നല്‍കുന്ന ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പരിരക്ഷയുണ്ട്. എന്നാല്‍ ഓര്‍ക്കുക, പരിരക്ഷ നിലനില്‍ക്കുന്നത് തൊഴില്‍ കാലളവില്‍ മാത്രമാണ്, അതിനുശേഷം ഇല്ല.

ജീവിതലക്ഷ്യങ്ങള്‍ ശരിയായ പാതയില്‍ തുടരുക

ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനില്‍ നേരത്തേ ചേരുന്നതിന്റെ മറ്റൊരു പ്രധാന നേട്ടം, ഒരാളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ ശരിയായി മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ അഭാവത്തില്‍, ആശുപത്രി ചെലവുകള്‍ക്കായി നിക്ഷേപങ്ങള്‍ ചെലവഴിക്കേണ്ടി വരും. അതിനാല്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി സമ്പാദിക്കാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങാന്‍ മിക്ക സാമ്പത്തിക ഉപദേശകരും  നിര്‍ദേശിക്കുന്നു.

പിന്‍കുറിപ്പ്

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തനിക്കു മാത്രമല്ല, കുടുംബത്തിനാകെ വേണ്ടിയുള്ളതാണെന്നതാണ് പ്രധാനം. നിങ്ങള്‍ ചെറുപ്പമാണെങ്കില്‍, വിവാഹിതനാണെങ്കില്‍, ഉചിതമായ ഫാമിലി ഫ്‌ളോട്ടര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളുണ്ട്. വന്നുചേരാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ നേരിടാന്‍ നിങ്ങള്‍ ചെറുപ്പത്തില്‍ തന്നെ സ്വീകരിക്കുന്ന ആദ്യ നടപടിയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങുന്നതെന്ന് ഓര്‍ക്കുക. നിങ്ങളുടെ ശരീരം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുക. അതേസമയം മനസമാധാനത്തിനായി ഒരു ആരോഗ്യ പരിരക്ഷ സ്വന്തമാക്കുക!

Read More: ദീപക് യോഹന്നാന്‍ എഴുതിയ മറ്റു കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook