scorecardresearch
Latest News

എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്, നേട്ടങ്ങൾ എന്തൊക്കെ?

സ്വർണം ഭൗതിക രൂപത്തിൽ കൈവശം വയ്ക്കുന്നതിന്റെ  അപകടസാധ്യതകളും ചെലവുകളും എസ് ജി ബിയിൽ ഇല്ല. നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുമ്പോഴും ആനുകാലിക പലിശ സമയത്തും സ്വർണത്തിന്റെ വിപണി മൂല്യം ഉറപ്പുനൽകുന്നു

santoy john, gold, iemalayalam

സ്വർണനിക്ഷേപത്തിന്റെ വിവിധ സാധ്യതകളെപ്പറ്റി മുൻലേഖനത്തിൽ വിശദീകരിച്ചിരുന്നല്ലോ. ഭൗതിക സ്വർണത്തിൽ (ഫിസിക്കൽ ഗോൾഡ്) സ്വർണബാറുകൾ, സ്വർണാഭരണങ്ങൾ എന്നിവയെപ്പറ്റി നമ്മൾ മനസിലാക്കി കഴിഞ്ഞു. ഇനി മറ്റൊരു പ്രധാന നിക്ഷേപസാധ്യതയായ സോവറിൻ ഗോൾഡ് ബോണ്ടിനെക്കുറിച്ച് (എസ് ജി ബി) മനസിലാക്കാം.

സോവറിൻ ഗോൾഡ് ബോണ്ട്

എസ് ജി ബികൾ സർക്കാർ സെക്യൂരിറ്റികളാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഗുണിതങ്ങളായി അവ ഇഷ്യൂ ചെയ്യുന്നു. എസ് ജി ബി ഭൗതിക സ്വർണം കൈവശം വയ്ക്കുന്നതിനു പകരമാണ്. നിക്ഷേപകർ ഇഷ്യൂ വിലക്ക്  അനുസരിച്ച് പണം നൽകി വാങ്ങുന്ന ബോണ്ടുകൾ, കാലാവധി പൂർത്തിയാകുമ്പോൾ പണമായി റിഡീം ചെയ്യാവും. കേന്ദ്രസർക്കാരിനു വേണ്ടി റിസർവ് ബാങ്കാണ് എസ് ജി ബി ഇഷ്യൂ ചെയ്യുന്നത്.

ഭൗതിക സ്വർണത്തേക്കാൾ എസ് ജി ബി എന്തുകൊണ്ട് മെച്ചമാണ്?

പണമാക്കി മാറ്റുന്ന സമയത്ത് നിലവിലുള്ള മാർക്കറ്റ് വില ലഭിക്കുന്നതിനാൽ, നിക്ഷേപകന് പണമടയ്ക്കുന്ന സ്വർണത്തിന്റെ അളവ് സംരക്ഷിക്കപ്പെടുന്നു. സ്വർണം ഭൗതിക രൂപത്തിൽ കൈവശം വയ്ക്കുന്നതിന്റെ  അപകടസാധ്യതകളും ചെലവുകളും എസ് ജി ബിയിൽ ഇല്ല. നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുമ്പോഴും ആനുകാലിക പലിശ സമയത്തും സ്വർണത്തിന്റെ വിപണി മൂല്യം ഉറപ്പുനൽകുന്നു.

ജ്വല്ലറി രൂപത്തിലുള്ള സ്വർണത്തിന്റെ കാര്യത്തിൽ നിക്ഷേപകന് വഹിക്കേണ്ടി വരുന്ന മേക്കിങ് ചാർജുകൾ, പ്യൂരിറ്റി റിസ്ക് തുടങ്ങിയ പ്രശ്നങ്ങളും എസ് ജി ബിയിൽ ഇല്ല. ബോണ്ടുകൾ ആർബിഐയുടെ ബുക്കുകളിലോ ഡീമാറ്റ് രൂപത്തിലോ സൂക്ഷിക്കുന്നതിനാൽ എസ് ജി ബി കൈമോശം വരാനുള്ള റിസ്ക് ഒഴിവാകുന്നു.

എസ് ജി ബിയുമായി ബന്ധപ്പെട്ട ഒരു റിസ്ക്, വാങ്ങുന്ന സമയത്തെ വിലയേക്കാൾ കുറഞ്ഞ വില അഞ്ചു വർഷത്തിനു ശേഷമോ (മുൻ‌കൂർ പിൻവലിക്കൽ സമയം) എട്ടു വർഷത്തിനു ശേഷമോ വിൽക്കുമ്പോൾ വന്നാൽ നിക്ഷേപകന് നഷ്ടം ഉണ്ടാകാം എന്നുള്ളതാണ്.

നിക്ഷേപത്തിനുള്ള യോഗ്യത

1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (FEMA) പ്രകാരം ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്കു എസ്‌ജിബിയിൽ നിക്ഷേപിക്കാം. യോഗ്യരായ നിക്ഷേപകരിൽ വ്യക്തികൾ, HUF-കൾ, ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ജോയിന്റ് ഹോൾഡിങ് അനുവദനീയമാണ്. പ്രായപൂർത്തിയാകാത്തവർക്കും  എസ്‌ജിബിയിൽ നിക്ഷേപിക്കാം, പ്രായപൂർത്തിയാകാത്തയാളുടെ പേരിൽ രക്ഷിതാവിന് എസ് ജി ബി വാങ്ങാം.

എസ് ജി ബി എങ്ങനെ വാങ്ങാം?

അപേക്ഷാ ഫോം ഇഷ്യൂ ചെയ്യുന്ന ബാങ്കുകൾ/എസ്എച്ച്‌സിഐഎൽ ഓഫീസുകൾ/നിയോഗിക്കപ്പെട്ട പോസ്റ്റ് ഓഫീസുകൾ/ഏജന്റുകൾ/ആർബിഐ റീട്ടെയിൽ എന്നീ വഴികളിലൂടെ എസ് ജി ബി വാങ്ങാം. ഓൺലൈൻ അപേക്ഷാ സൗകര്യവും ലഭ്യമാണ്. നിക്ഷേപകർക്ക് ആദായനികുതി വകുപ്പ് നൽകുന്ന ‘പാൻ നമ്പർ’ ഉണ്ടായിരിക്കണം. നോമിനിയെ അപേക്ഷക്കൊപ്പം തന്നെ ചേർക്കാം.

നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധി

ഒരു ഗ്രാം സ്വർണത്തിന്റെ മൂല്യത്തിലും അതിന്റെ ഗുണിതങ്ങളായുമാണ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്. ബോണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം, പരമാവധി പരിധി വ്യക്തികൾക്ക് നാല് കിലോ, ഹിന്ദു അവിഭക്ത കുടുംബത്തിന് (HUF) നാല് കിലോ. ട്രസ്റ്റുകൾക്കും സമാന സ്ഥാപനങ്ങൾക്കും 20 കിലോഗ്രാം ആണ്.

ജോയിന്റ് ഹോൾഡിങ് ആണെങ്കിൽ, പരിധി  പ്രൈമറി ഹോൾഡർക്കാണ് ബാധകമാവുക.  പരമാവധി പരിധി നിശ്ചയിച്ചിട്ടുള്ളത് ഒരു സാമ്പത്തിക വർഷത്തിന്റെ  (ഏപ്രിൽ-മാർച്ച്) അടിസ്ഥാനത്തിൽ ആയതിനാൽ ഒരു നിക്ഷേപകന്/ട്രസ്റ്റിന് എല്ലാ വർഷവും നാല് കിലോ/20 കിലോഗ്രാം വിലയുള്ള സ്വർണം വാങ്ങാം.

പലിശ നിരക്കും പേയ്‌മെന്റ് രീതിയും

പ്രാരംഭ നിക്ഷേപത്തിന്റെ തുകയിൽ പ്രതിവർഷം 2.50 ശതമാനം (നിശ്ചിത നിരക്ക്) എന്ന നിരക്കിൽ ബോണ്ടുകൾക്ക് പലിശ ലഭിക്കും. നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അർദ്ധവാർഷികമായാണ് പലിശ ക്രെഡിറ്റ് ചെയ്യുന്നത്. അവസാന പലിശ മുതലിനൊപ്പം കാലാവധി പൂർത്തിയാകുമ്പോൾ നൽകും.

ഹോൾഡിങ് സർട്ടിഫിക്കറ്റ്

എസ്‌ ജി ബി ഇഷ്യു ചെയ്യുന്ന തിയതിയിൽ ഉപഭോക്താക്കൾക്ക് ഹോൾഡിങ് സർട്ടിഫിക്കറ്റ് ലഭിക്കും .  നിക്ഷേപന് ഇഷ്യൂ ചെയ്യുന്ന ബാങ്കുകൾ / SHCIL ഓഫീസുകൾ / പോസ്റ്റ് ഓഫീസുകൾ / നിയുക്ത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ / ഏജന്റുമാരിൽ നിന്ന് ഹോൾഡിങ് സർട്ടിഫിക്കറ്റ്  ആവശ്യപ്പെടാം.  അപേക്ഷയോടൊപ്പം ഇമെയിൽ നൽകിയിട്ടുണ്ടെങ്കിൽ ആർബിഐയിൽനിന്ന് നേരിട്ട് ഇമെയിലിൽ ഹോൾഡിങ് സർട്ടിഫിക്കറ്റ് ലഭിക്കും.

ബോണ്ടുകളുടെ വാങ്ങൽ  റിഡെംപ്ഷൻ വിലകൾ 

സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിന് മുമ്പുള്ള ആഴ്‌ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ, ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് (ഐ ബി ജെ എ) പ്രസിദ്ധീകരിച്ച 999 പരിശുദ്ധിയുള്ള സ്വർണത്തിന്റെ ശരാശരി ക്ലോസിങ് വിലയുടെ അടിസ്ഥാനത്തിലാണ് ഗോൾഡ് ബോണ്ടുകളുടെ വില തീരുമാനിക്കുന്നത്.

എസ് ജി ബി വാങ്ങാനായി ക്യാഷ്  (20000 രൂപ വരെ)/ചെക്കുകൾ/ഡിമാൻഡ് ഡ്രാഫ്റ്റ്/ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ എന്നിവയിലൂടെ പണമടയ്ക്കാം.

കാലാവധി പൂർത്തിയാകുമ്പോൾ, ഗോൾഡ് ബോണ്ടുകൾ റിഡീം ചെയ്യപ്പെടും. ഐ ബി ജെ എ പ്രസിദ്ധീകരിച്ച, തിരിച്ചടവ് തീയതി മുതൽ മുമ്പത്തെ മൂന്നു പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വർണത്തിന്റെ ക്ലോസിങ് വിലയുടെ  ശരാശരിയെ അടിസ്ഥാനമാക്കിയാണ് റിഡെംപ്ഷന്റെ വില തീരുമാനിക്കുന്നത് . ബോണ്ട് വാങ്ങുന്ന സമയത്ത് ഉപഭോക്താവ് നൽകിയ ബാങ്ക് അക്കൗണ്ടിലേക്കു പലിശയും റിഡെംപ്ഷൻ വിലയും ക്രെഡിറ്റ് ചെയ്യപ്പെടും.

ഓൺലൈൻ അപേക്ഷയ്ക്ക് ഇളവ്

ഓൺലൈനായി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഗോൾഡ് ബോണ്ടുകളുടെ ഇഷ്യു വില ഓഫ്‌ലൈൻ വിലയേക്കാൾ ഗ്രാമിന് 50 രൂപ കുറവായിരിക്കും

റിഡെംപ്ഷൻ എങ്ങനെ?

• ബോണ്ടിന്റെ മെച്യൂരിറ്റിക്ക് ഒരു മാസം മുമ്പ് നിക്ഷേപകനു  വിവരം നൽകും.

• മെച്യൂരിറ്റി തിയതിയിൽ, മെച്യൂരിറ്റി വരുമാനം രേഖപ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങൾ പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

• റിഡെംപ്ഷൻ സുഗമമാക്കാൻ അക്കൗണ്ട് നമ്പർ, ഇമെയിൽ ഐഡികൾ എന്നിങ്ങനെയുള്ള വിശദാംശങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ, നിക്ഷേപകൻ ബാങ്ക്/SHCIL/PO എന്നിവയെ ഉടൻ അറിയിക്കണം.

കാലാവധിക്കും മുൻപുള്ള റിഡെംപ്ഷൻ 

ബോണ്ടിന്റെ കാലാവധി എട്ടു വർഷമാണെങ്കിലും കൂപ്പൺ പേയ്‌മെന്റ് തീയതികളിൽ ഇഷ്യൂ ചെയ്ത തീയതി മുതൽ അഞ്ചാം വർഷത്തിനു ശേഷം ബോണ്ടിന്റെ നേരത്തെയുള്ള എൻക്യാഷ്‌മെന്റ്അ നുവദനീയമാണ്.

വായ്പകൾക്കുള്ള ഈടായി എസ് ജി ബികൾ

എസ് ജി ബികൾ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, നോൺ-ബാങ്കിങ്ങ് ഫിനാൻഷ്യൽ കമ്പനികൾ (എൻ ബി എഫ് സി) എന്നിവയിൽനിന്നുള്ള വായ്പകൾക്ക് ഈടായി ഉപയോഗിക്കാം. കാലാകാലങ്ങളിൽ ആർബിഐ നിർദ്ദേശിക്കുന്ന സാധാരണ സ്വർണവായ്പകൾക്കുള്ള  ലോൺ ടു വാല്യൂ അനുപാതം ബാധകമായിരിക്കും. എസ്‌ ജി ബികൾക്കെതിരെ വായ്പ അനുവദിക്കുന്നത് ബാങ്കിന്റെ/ഫിനാൻസിങ് ഏജൻസിയുടെ തീരുമാനത്തിനു വിധേയമായിരിക്കും.

പലിശക്കും മൂലധന നേട്ടത്തിനുമുള്ള  നികുതി

1961-ലെ ആദായനികുതി നിയമത്തിലെ (1961-ലെ 43) വ്യവസ്ഥകൾ അനുസരിച്ച് ബോണ്ടുകളുടെ പലിശയ്ക്ക് നികുതി ബാധ്യതയുണ്ട് . ഒരു വ്യക്തിക്ക് എസ് ജി ബി കാലാവധിക്കു ശേഷം പണമാക്കി മാറ്റുമ്പോൾ ഉണ്ടാകുന്ന മൂലധന നേട്ടത്തിനു നികുതി ബാധ്യതയില്ല. ബോണ്ടിനു ടിഡിഎസ് ബാധകമല്ല. പക്ഷേ, നികുതി നിയമങ്ങൾ ബോണ്ട്  ഉടമ പാലിക്കേണ്ടതാണ്.

സോവറിൻ ഗോൾഡ് ബോണ്ട് സ്‌കീം (എസ്‌ജിബി): 2021-22 കാലയളവിൽ ഇനി വരാനിരിക്കുന്ന ട്രാഞ്ചുകളുടെ ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു.

      1. 2021-22 സീരീസ് VIIl നവംബർ 29 -ഡിസംബർ 03, 2021
      2. 2021-22 സീരീസ് IX ജനുവരി 10-14, 2022
      3. 2021-22 സീരീസ് X ഫെബ്രുവരി 28 – മാർച്ച് 04, 2022

ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളെപ്പറ്റി അടുത്ത ലേഖനത്തിൽ.

Also Read: സ്വര്‍ണത്തില്‍ തിളങ്ങാം; നിക്ഷേപിക്കാന്‍ ഒന്നിലധികം മാര്‍ഗം

Stay updated with the latest news headlines and all the latest Money news download Indian Express Malayalam App.

Web Title: What is sovereign gold bond how to buy