/indian-express-malayalam/media/media_files/uploads/2023/05/Retirement-Planning-part-1.jpg)
Benefits of Retirement Planning
Retirement Investment Options: ജനനനിരക്കുമായി ബന്ധപ്പെടുത്തി കണക്കാക്കുമ്പോൾ പ്രായമായവരുടെ ജനസംഖ്യ താരതമ്യേന കൂടുതലുള്ള സംസ്ഥാനമാണ് കേരളം. മറ്റൊരു വിധത്തിൽ ജോലിയിൽ നിന്നും വിരമിച്ചവരുടെ എണ്ണക്കൂടുതലുള്ള സംസ്ഥാനം എന്ന് പറയാം. സർക്കാർ ജോലി മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങളിലും, മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലി ചെയ്ത് വിരമിച്ച് വന്നവർ നിരവധിയുള്ള സംസ്ഥാനമാണ് കേരളം. നിലവിൽ ഇവിടങ്ങളിലൊക്കെ ജോലി ചെയ്യുന്ന നിരവധി മലയാളികളുമുണ്ട്.
പലരും പലവിധ പ്രാരാബ്ധങ്ങൾക്കിടയിലോ അലസത കൊണ്ടോ, അല്ലെങ്കിൽ ഭാവികാലത്തെ കുറിച്ചുള്ള ആലോചന ഉയർന്നുവരാതെ പോകുന്നത് കൊണ്ടോ ജോലി ചെയ്യുന്ന കാലത്തിന് ശേഷമുള്ള ജീവിതം അഥവാ റിട്ടയർമെന്റ് ലൈഫ് എന്ന് പറയുന്ന കാലത്തെ കുറിച്ച് ആലോചിച്ചുണ്ടാവില്ല. അതുകൊണ്ട് തന്നെ പലപ്പോഴും വിരമിക്കാറാകുമ്പോൾ ആളുകളിൽ ഉത്കണ്ഠയും മാനസിക സംഘർഷവും ഏറുന്നുണ്ട്. റിട്ടയർമെന്റ് കാലത്ത് വരുമാനക്കുറവ്, വരുമാനമില്ലായ്മ എന്നിവയൊക്കെ ജോലിയിൽ നിന്നും വിരമിച്ച പലരുടെയും ജീവിതത്തിൽ സമ്മർദ്ദങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്. പ്രധാനമായും അപ്രതീക്ഷിതമായി വരുന്ന സാമ്പത്തികമായ പ്രതിസന്ധികളാണ് അവരുടെ ജീവിതത്തെ സമ്മർദ്ദത്തിലാഴ്ത്തുന്നത്. അതിനെ എങ്ങനെ മറികടക്കാം. റിട്ടയർമെന്റ് ജീവിതം എങ്ങനെ ആയാസരഹിതവും ആഹ്ലാദഭരിതവുമാക്കാം അതേ കുറിച്ച് വിശദമാക്കുകയാണ് ഈ പരമ്പരയിൽ.
മുൻകൂട്ടി തയ്യാറെടുക്കുകയും സമഗ്രമായ ഒരു റിട്ടയർമെന്റ് പ്ലാൻ വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെ, റിട്ടയർമെന്റിൽ ഉണ്ടാകുന്ന അപ്രതീക്ഷിത ചെലവുകൾ നേരിടാനും, ജീവിതശൈലി നിലനിർത്താനും മതിയായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കഴിയും. വിരമിക്കലിന് വേണ്ടിയുള്ള ആസൂത്രണം ആരംഭിക്കാൻ ഒരിക്കലും വൈകേണ്ടതില്ല. ഇന്ന് ആരംഭിച്ചാൽ അത്രയും നല്ലത്. അതിനായി അറിയേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്.
എന്തിനാണ് റിട്ടയർമെന്റ് പ്ലാനിങ്?
ജോലിയിൽ നിന്നും വിരമിച്ച ശേഷം നമ്മുടെ ജീവിതശൈലിയെ നിലനിർത്തിക്കൊണ്ടു പോകാൻ മതിയായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ള ആസൂത്രണമാണ് റിട്ടയർമെന്റ് പ്ലാനിങ്. വിദ്യാഭ്യാസത്തിലും തൊഴിലും തൊഴിൽ ആനുകൂല്യങ്ങളിലും വിദേശത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തിലും ഒക്കെ കേരളം വലിയ നേട്ടങ്ങൾ അവകാശപ്പെടുന്നുണ്ട്. ജനസംഖ്യയുടെ കാര്യത്തിൽ പ്രായമേറിയവർ താരതമ്യേന കൂടുതലുള്ള സംസ്ഥാനവുമാണ് കേരളം. അതുകൊണ്ട് തന്നെ വിവിധ ജോലികളിൽ നിന്നും പെൻഷനോടുകൂടിയോ പെൻഷൻ ഇല്ലാതെയോ വിരമിച്ചവർ മറ്റിടങ്ങളെ അപേക്ഷിച്ച് ശരാശരിയിൽ കൂടുതലുമാകാം. പക്ഷേ, നമ്മളിൽ നല്ലൊരു വിഭാഗം ആളുകളും ജോലി ചെയ്യുന്ന കാലത്ത് മുൻകൂട്ടികാണേണ്ട ഒന്ന് പലപ്പോഴും മറന്നുപോകുന്നു. അത് വിരമിക്കൽ ആസൂത്രണത്തിന്റെ പ്രാധാന്യമാണ്. റിട്ടയർമെന്റ് ആസൂത്രണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിരമിക്കുമ്പോൾ മാത്രം ആലോചിച്ചാൽ പോര എന്നത് എപ്പോഴും എല്ലാവരും ഓർക്കേണ്ട ഒന്നാണ്. അതുകൊണ്ട് എന്താണ് റിട്ടയർമെന്റ് പ്ലാനിങ്? അത് എങ്ങനെ നടപ്പാക്കാം? എന്നിങ്ങനെ കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത്.
വിരമിച്ചതിനു ശേഷമുള്ള വരുമാനം, ലക്ഷ്യങ്ങൾ എന്നിവ തീരുമാനിക്കുക, ആ ലക്ഷ്യങ്ങൾ എങ്ങനെ നേടാം എന്നിവയാണ് റിട്ടയർമെന്റ് പ്ലാനിങ്ങിന്റെ കാതൽ. ഒരാളുടെ നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തൽ, വിരമിക്കൽ ലക്ഷ്യങ്ങൾ നിശ്ചയിക്കൽ, റിട്ടയർമെന്റ് വരുമാനത്തിന്റെ ഉറവിടങ്ങൾ (വിരമിച്ച വ്യക്തി ലഭിക്കാവുന്ന വരുമാനങ്ങൾ) തിരിച്ചറിയൽ, ചെലവുകൾ കണക്കാക്കൽ, ഒരു റിട്ടയർമെന്റ് നിക്ഷേപ തന്ത്രം വികസിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിരമിച്ചവർ നേരിടുന്ന സവിശേഷമായ ചില വെല്ലുവിളികളെ നേരിടാൻ ഈ പ്ലാനിങ് അവരെ സഹായിക്കും. ആരോഗ്യപരിപാലനം, വീട് തുടങ്ങിയ കാര്യങ്ങളിൽ കേരളത്തിലെ ചെലവ് താരതമ്യേന ഉയർന്നതാണ്. കൂടാതെ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, അപ്രതീക്ഷിത ചികിത്സാ ചെലവുകൾ, സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങൾ എന്നിങ്ങനെയുള്ള ആകസ്മികമായ രൂപപ്പെടുന്ന പ്രതിസന്ധികളെ നേരിടാൻ വിരമിച്ചവർ ഭാവി സാമ്പത്തിക ശൈലി ആസൂത്രണം ചെയ്യേണ്ടതായുണ്ട്.
റിട്ടയർമെന്റ് പ്ലാനിങ് എങ്ങനെ ചെലവുകൾ കൈകാര്യം ചെയ്യാനും, ആകസ്മികതകൾ നേരിടാനും, വരുമാനം നിലനിർത്താനും, റിട്ടയർമെന്റ് ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കും. ഉദാഹരണത്തിന്, വിരമിച്ചവർക്ക് അവരുടെ റിട്ടയർമെന്റ് വരുമാനം വർധിപ്പിക്കുന്നതിന് പെൻഷൻ പ്ലാനുകളിലോ, സ്ഥിര നിക്ഷേപത്തിലോ നിക്ഷേപിക്കുന്നത് പരിഗണിക്കാം.
വിരമിച്ചവർക്ക് തുടർന്നുള്ള ജീവിതത്തിനുള്ള ഒരു റോഡ്മാപ്പ് തയ്യാറാക്കികൊണ്ട് ഈ വെല്ലുവിളികളെ നേരിടാം. അതിനായി ചില ഉദാഹരണങ്ങൾ ഇനി പറയുന്നു.
ഉയർന്ന ജീവിതച്ചെലവ്: റിട്ടയർമെന്റ് ആസൂത്രണം ആരോഗ്യ സംരക്ഷണ ചെലവുകൾ തിരിച്ചറിയാനും ഈ ചെലവുകൾ നികത്താൻ മതിയായ സാമ്പത്തിക സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും. ഉദാഹരണത്തിന്, വിരമിച്ചവർക്ക് മിക്ക മെഡിക്കൽ ചെലവുകളും ഉൾക്കൊള്ളുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് പരിഗണിക്കാം.
അപ്രതീക്ഷിതമായ ചെലവുകൾ: അപ്രതീക്ഷിതമായ ചികിത്സാ ചെലവുകൾ, വീടിന്റെ റിപ്പയർ തുടങ്ങിയ ആകസ്‌മിക കാര്യങ്ങൾ നേരിടാൻ റിട്ടയർമെന്റ് ആസൂത്രണം സഹായിക്കും. ഒരു സോളിഡ് റിട്ടയർമെന്റ് പ്ലാൻ ഉള്ളത്, റിട്ടയർമെന്റ് സമ്പാദ്യം നഷ്ടപ്പെടുത്താതെ തന്നെ അപ്രതീക്ഷിത ചെലവുകൾ കൈകാര്യം ചെയ്യാൻ സഹായിക്കും. ഉദാഹരണത്തിന്, വിരമിച്ചവർക്ക് അവരുടെ ജീവിതച്ചെലവിന്റെ കുറഞ്ഞത് ആറ് മാസമെങ്കിലും ഉൾക്കൊള്ളുന്ന ഒരു എമർജൻസി ഫണ്ട് സജ്ജീകരിക്കാൻ കഴിയും.
റിട്ടയർമെന്റ് വരുമാനം: റിട്ടയർമെന്റ് ആസൂത്രണത്തിന്റെ പ്രധാന വശമാണ് റിട്ടയർമെന്റ് വരുമാനത്തിന്റെ ഉറവിടങ്ങൾ തിരിച്ചറിയുന്നത്. റിട്ടയർമെന്റ് വരുമാനം വർധിപ്പിക്കുന്നതിന് പെൻഷൻ പ്ലാനുകളിലോ, സ്ഥിരനിക്ഷേപത്തി ലോ നിക്ഷേപിക്കുന്നത് പരിഗണിക്കാം.
വിരമിക്കൽ ലക്ഷ്യങ്ങൾ: ശരിയായ ആസൂത്രണം വിരമിക്കുന്നവരെ അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. ഒരു ടാർഗറ്റ് റിട്ടയർമെന്റ് പ്രായം നിശ്ചയിക്കുന്നതും, വിരമിക്കലിന് ശേഷം അവർ നയിക്കാൻ ആഗ്രഹിക്കുന്ന ജീവിതരീതി നിർണ്ണയിക്കുന്നതും അവരുടെ ഇഷ്ടപ്പെട്ട വിരമിക്കൽ ലക്ഷ്യസ്ഥാനം തിരിച്ചറിയുന്നതും ഇതിൽ ഉൾപ്പെടാം. ഉദാഹരണത്തിന്, റിട്ടയർമെന്റ് വർഷങ്ങൾ യാത്രയ്ക്കായി ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് അയാളുടെ റിട്ടയർമെന്റ് സമ്പാദ്യത്തിന്റെ ഒരു ഭാഗം യാത്രാ ചെലവുകൾക്കായി നീക്കിവച്ചുകൊണ്ട് ഇതിനായി ആസൂത്രണം ചെയ്യാൻ കഴിയും.
റിട്ടയർമെന്റ് ജീവിതം കരുതലോടെ മുന്നോട്ട് പോകാൻ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജോലിയുള്ളപ്പോഴുള്ള ജീവിതശൈലി മുന്നോട്ട് കൊണ്ടുപോകാനുള്ള വരുമാനം നേടുക എന്നത്. അതിനായി ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ അടുത്ത ഭാഗത്തില്‍ വായിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.