സ്വർണം: ഒരു ഹ്രസ്വ ചരിത്രം
സ്വർണത്തെ നിക്ഷേപമെന്ന നിലയിൽ പൂർണമായി മനസിലാക്കാൻ, നമുക്ക് സ്വർണ വിപണിയുടെ ആരംഭം മനസിലാക്കണം. പുരാതന ഈജിപ്തുകാർ 2000 ബി.സിയിൽ ആഭരണങ്ങൾ നിർമിക്കാൻ തുടങ്ങിയതോടെ സ്വർണത്തിന്റെ ചരിത്രം ആരംഭിക്കുന്നു. 560 ബി.സി.യിലാണ് സ്വർണം ആദ്യമായി കറൻസി എന്ന നിലയിൽ ഉപയോഗിക്കാൻ തുടങ്ങിയത്. അക്കാലത്ത്, വ്യാപാരകൈമാറ്റങ്ങൾ ലളിതമാക്കാനായി എളുപ്പത്തിൽ സൂക്ഷിക്കാവുന്നതും, കൈമാറാവുന്നതും, സ്ഥിരതയുള്ളതുമായ കറൻസി സൃഷ്ടിക്കാൻ വ്യാപാരികൾ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ ഭൂമിയുടെ വിവിധ കോണുകളിൽ വ്യാപകമായി അംഗീകരിക്കപ്പെടാൻ തുടങ്ങിയതിനാൽ, ഒരു മുദ്ര ഉപയോഗിച്ച് സ്റ്റാമ്പ് ചെയ്ത സ്വർണ നാണയം സൃഷ്ടിക്കുന്നത് ഈ പ്രശ്നത്തിന് ഒരു ഉത്തരമായി.
ഇംഗ്ലണ്ട് ലോഹങ്ങൾ അടിസ്ഥാനമാക്കിയുള്ള കറൻസി വികസിപ്പിച്ചു. പൗണ്ട് (സ്റ്റെർലിങ് വെള്ളിയുടെ ഒരു പൗണ്ടിന്റെ പ്രതീകം), ഷില്ലിങ്ങുകൾ, പെൻസ് എന്നിവയെല്ലാം അത് പ്രതിനിധീകരിക്കുന്ന സ്വർണത്തിന്റെ (അല്ലെങ്കിൽ വെള്ളിയുടെ) അളവിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ക്രമേണ, സ്വർണം യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ സമ്പത്തിന്റെ പ്രതീകമായി മാറി.
സ്വർണം തന്ത്രപരമായ സ്വത്ത് എന്ന നിലയിൽ
നമ്മുടെ രാജ്യത്ത് ജനങ്ങളുടെ പ്രിയപ്പെട്ട ഒരു നിക്ഷേപ മാർഗമാണ് സ്വർണം. കഴിഞ്ഞ 10 വർഷമായി ഷെയർ മാർക്കറ്റിനെയും റിയൽ എസ്റ്റേറ്റിറ്റിനെയും മറികടന്നുള്ള സ്വർണത്തിന്റെ സ്ഥിരതയുള്ള പ്രകടനം ഈ പ്രിയം നിലർത്താൻ സഹായിച്ചു. നിങ്ങളുടെ സമ്പാദ്യത്തിന്റെ മൂല്യം പണപ്പെരുപ്പത്തേക്കാൾ ഒരുപടി മുന്നിൽ നിൽക്കാൻ സഹായിക്കുന്ന സ്വത്താണ് സ്വർണം.
സ്വർണം ഒരു നിക്ഷേപം, ഒരു കരുതൽ ആസ്തി, ആഭരണങ്ങൾ എന്നിവ കൂടാതെ ഒരു വ്യാവസായിക സാങ്കേതിക ഘടകം കൂടിയാണ്. സ്വർണം വിൽക്കാനും വാങ്ങാനും വളരെ എളുപ്പമാണ്. ദീർഘകാല നിക്ഷേപം എന്ന നിലയിൽ സ്വർണം മികച്ച സ്റ്റെബിലിറ്റി നിക്ഷേപകന് ഉറപ്പു നൽകുന്നു.
ഒരു നിക്ഷേപം, ജ്വല്ലറി എന്നി നിലകളിൽ സ്വർണം കഴിഞ്ഞ 50 വർഷത്തിനിടയിൽ ശരാശരി 11 ശതമാനം വരുമാനം നൽകിയിട്ടുണ്ട്. ഇത് ഇക്വിറ്റികളുമായി താരതമ്യപ്പെടുത്താവുന്നതും ബോണ്ടുകൾ നൽകുന്ന വരുമാനത്തേക്കാൾ കൂടുതലും ആണ്.
പൊതുവെ സുരക്ഷിതമായ സ്വത്തായി സ്വർണത്തെ പരിഗണിക്കുന്നത്, മറ്റു നിക്ഷേപങ്ങൾ തളരുമ്പോൾ, മികച്ച വരുമാനവും ഉറപ്പും നൽകുന്നു എന്നതുകൊണ്ടാണ്. എന്നാൽ നിക്ഷേപമെന്ന നിലയിൽ സ്വർണം നല്ല സമയത്തും മോശം സമയത്തും ആശ്രയിക്കാവുന്ന ആസ്തിയാണ്.
സ്വർണം നിക്ഷേപമെന്ന നിലയിൽ
നിക്ഷേപമെന്ന നിലയിൽ ഏറ്റവും ജനപ്രിയ ലോഹമാണ് സ്വർണം. ആസ്തികളിൽ നിക്ഷേപം നടത്തുമ്പോൾ റിസ്ക് വൈവിധ്യവത്കരിക്കുന്നതിനുള്ള പ്രധാന മാർഗമായി നിക്ഷേപകർ സാധാരണയായി സ്വർണം വാങ്ങുന്നു. നിക്ഷേപത്തിനായി ഉപയോഗിക്കുന്ന മറ്റു വിലയേറിയ ലോഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, നിരവധി രാജ്യങ്ങളിൽ സ്വർണം ഏറ്റവും ഫലപ്രദമായ സുരക്ഷിത ഓപ്ഷൻ ആണ്.
ഷെയർ മാർക്കറ്റിലെ കുത്തനെയുള്ള ഇടിവും, കോവിഡ് -19 മഹാമാരി മൂലം സ്വർണ വിലയിലെ കുതിച്ചുചാട്ടവും എല്ലാവരുടെയും ശ്രദ്ധ സ്വർണത്തിലേക്ക് കൊണ്ടുവന്നു. എന്നാൽ സ്വർണത്തെ നിക്ഷേപമെന്ന നിലയിൽ നമ്മൾ എങ്ങനെ കാണണമെന്ന് നോക്കാം. പൊതുവായ ഒരു രീതി നിക്ഷേപ പോർട്ട്‌ഫോളിയോയുടെ 5-10 ശതമാനം സ്വർണത്തിൽ സൂക്ഷിക്കുക എന്നതാണ്. ഒരു നിശ്ചിത നിക്ഷേപത്തിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം നേടുന്നതിന് നീണ്ട കാലയളവിൽ സ്വർണം മികച്ച ഓപ്ഷൻ തന്നെയാണ്. സ്വർണത്തിൽ നിന്നുള്ള വരുമാനം പണപ്പെരുപ്പത്തെ മറികടക്കും. അതിനാൽ, അപകടസാധ്യത ഒഴിവാക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് സ്വർണത്തിൽ നിക്ഷേപിക്കുന്നത് അനുയോജ്യമായ ഓപ്ഷൻ ആണ്.
എന്നാൽ മികച്ച വരുമാനം തേടുകയും 10 മുതൽ 15 വർഷം വരെ ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറുള്ള നിക്ഷേപകർക്ക് മറ്റു ആസ്തികൾ ആകും കൂടുതൽ അനുയോജ്യം.
സ്വർണനിക്ഷേപം ആർക്കൊക്കെ അനുയോജ്യം
ചരിത്രം നോക്കിയാൽ, സ്വർണം 15 മുതൽ 20 വർഷവും അതിൽ കൂടുതലും ദീർഘകാല കാലയളവിൽ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകളെ പിന്നിലാക്കുന്നുവെന്ന് കാണാം. ദീർഘകാലാടിസ്ഥാനത്തിൽ 8-10 ശതമാനം വരെ വരുമാനം സ്വർണം നേടിത്തരും. കൂടാതെ, സ്വർണം പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച പ്രകടനം നടത്തുന്നു. റിസ്ക്-വിമുഖതയുള്ളവരാണ് സ്വർണത്തിനായുള്ള ശരിയായ നിക്ഷേപകർ, പ്രവർത്തന ചെലവുകൾക്കായി സ്വർണത്തെ ആശ്രയിക്കരുത്. ആഭരണങ്ങൾ, സ്വർണ നാണയങ്ങൾ തുടങ്ങിയവ വാങ്ങുന്ന വീടുകളിലെ അമ്മമാരും മുത്തശ്ശിമാരുമാണ് ഇന്ത്യയിൽ സ്വർണത്തിന്റെ ഈ ക്യാറ്റഗറിയിലെ പ്രധാന ഉപഭോക്താക്കൾ.
സ്വർണത്തിൽ നിക്ഷേപിക്കേണ്ട മറ്റൊരു കൂട്ടം നിക്ഷേപകർ ജോലിയിലിനിന്നുള്ള വിരമിക്കലടുത്ത് വരുന്നവരും റിട്ടയർമെന്റ് കോർപ്പസിന്റെ ഭൂരിഭാഗവും ഇക്വിറ്റിയിൽ നിക്ഷേപിക്കുന്നവരുമാണ്. വിരമിക്കൽ അടുത്തുവരുന്ന ആളുകൾ അവരുടെ നിക്ഷേപത്തിന്റെ 15-20 ശതമാനം സ്വർണത്തിലേക്ക് മാറ്റുന്നത് പരിഗണിക്കണം. മറ്റ് നിക്ഷേപങ്ങൾക്ക് വീണ്ടും വളരാൻ ആവശ്യമായ സമയം നൽകിക്കൊണ്ട് ഇത് ഒരു ലൈഫ് ഗാർഡായി പ്രവർത്തിക്കും. ചെറുപ്പവും മതിയായ എമർജൻസി ഫണ്ടും ഉള്ള ഒരാൾ സ്വർണമല്ല പ്രധാന നിക്ഷേപ മാർഗമായി പരിഗണിക്കേണ്ടത്.
സ്വർണത്തിൽ നിക്ഷേപിക്കാനുള്ള വഴികൾ
ഇനി നമുക്ക് സ്വർണത്തിൽ നിക്ഷേപിക്കാനുള്ള വഴികൾ ഏതൊക്കെയാണെന്ന് നോക്കാം. കാലങ്ങളായി സ്വർണത്തിൽ നിക്ഷേപിക്കാനുള്ള പ്രധാന മാർഗം നാണയങ്ങൾ, ബുള്ള്യനുകൾ അല്ലെങ്കിൽ ആഭരണങ്ങൾ എന്നിവയുടെ രൂപത്തിൽ സ്വർണം വാങ്ങുക എന്നതായിരുന്നു. എന്നാൽ കാലക്രമേണ, ഗോൾഡ് ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ), ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, സോവറിൻ ഗോൾഡ് ബോണ്ട് (എസ് ജി ബി) എന്നിവപോലുള്ള കൂടുതൽ വികാസം പ്രാപിച്ച നിക്ഷേപ രൂപങ്ങൾ ഉയർന്നുവന്നു.
യഥാർത്ഥ സ്വർണം കൊണ്ടുപോകുകയോ സംഭരിക്കുകയോ ചെയ്യാതെ ആനുപാതികമായ ഉടമസ്ഥാവകാശം സ്വർണത്തിൽ വാങ്ങുന്നതിന് തുല്യമാണ് ഗോൾഡ് ഇടിഎഫുകൾ. മോഷണത്തിന്റെ അപകടസാധ്യത ഒഴിവാക്കുന്നതിനാൽ ഇത് നിക്ഷേപകർക്ക് പ്രിയങ്കരമായി മാറുന്നു. ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത് സ്വർണത്തിലല്ല, മറിച്ച് സ്വർണ ഖനനത്തിൽ ഏർപ്പെടുന്ന കമ്പനികളിലാണ്. ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള വേറൊരു മാർഗമാണ്. നിക്ഷേപത്തിന്റെ ഓരോ രീതിക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
ഫിസിക്കൽ ഗോൾഡ്
സ്വർണത്തിലേക്കുള്ള നേരിട്ടുള്ള നിക്ഷേപമാണിത്. ഈ രീതിയിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ ഒരു ഡീമാറ്റ് അക്കൗണ്ടിന്റെ ആവശ്യമില്ല. സ്വർണ വിലയിലെ മാറ്റം ഈ നിക്ഷേപത്തെ നേരിട്ട് ബാധിക്കും. നിക്ഷേപ ചാർജ് ഇല്ലെങ്കിലും, സ്വർണം ജ്വല്ലറിയോ നാണയമോ ആയി വാങ്ങുമ്പോൾ മേക്കിങ് ചാർജ് ഉണ്ടാകും. മോഷണം എന്ന അപകടസാധ്യത കൂടുതലാണ്. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ വിലയെ ബാധിക്കുന്നില്ല. ആഭരണങ്ങളുടെ രൂപത്തിലുള്ള സ്വർണം പണയം വയ്ക്കുകയും ഉടമയ്ക്ക് വായ്പ നേടുകയും ചെയ്യാം. കാർഷിക ആവശ്യങ്ങൾക്കാണെങ്കിൽ വായ്പകൾക്ക് സബ്സിഡി പലിശയും ലഭിക്കും.
ഗോൾഡ് ഇടിഎഫുകൾ (ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ)
ഇ ടി എഫ് നിക്ഷേപകന് ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. സ്വർണ വിലയിലെ മാറ്റം സ്വർണ ഇടിഎഫുകളുടെ വിലയെ നേരിട്ട് ബാധിക്കും. സ്വർണത്തിലുള്ള ഈ നിക്ഷേപ മാതൃകയിൽ അസറ്റ് മാനേജ്മെന്റ് , ബ്രോക്കറേജ് ചാർജുകൾ ഉൾപ്പെടുന്നു. ഇടിഎഫുകളിൽ ഉടമയ്ക്ക് സ്വർണം സംഭരിക്കേണ്ട ആവശ്യമില്ല അതിനാൽ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും ഇല്ല. ഇടിഎഫ് നിക്ഷേപങ്ങളെ ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കില്ല.
ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
ഇവിടെ നിക്ഷേപം നടത്തുന്നത് സ്വർണത്തിലല്ല, മറിച്ച് സ്വർണം ഖനനം ചെയ്യുന്ന കമ്പനികളിലാണ്. നിക്ഷേപിക്കാൻ ഒരു ഡീമാറ്റ് അക്കൗണ്ടിന്റെ ആവശ്യമില്ല. സ്വർണ വിലയിലെ മാറ്റം ഗോൾഡ് എംഎഫുകളെ നേരിട്ട് ബാധിക്കില്ല. ഫണ്ടുകളുടെ നടത്തിപ്പിനായി ഒരു ചാർജ് ഉണ്ട്. കൂടാതെ, എൻട്രി, എക്സിറ്റ് ചാർജുകളും ഉണ്ടാകും. വാങ്ങുന്നയാൾക്ക് സ്വർണം സംഭരിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഗോൾഡ് എംഎഫുകളിൽ മോഷണസംബന്ധമായ അപകടമില്ല. എന്നാൽ ഈ നിക്ഷേപ രീതിയെ ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കുന്നു.
സോവറിൻ ഗോൾഡ് ബോണ്ട് (എസ് ജിബി)
ഗ്രാം സ്വർണത്തിൽ സൂചിപ്പിച്ചിരിക്കുന്ന സർക്കാർ സെക്യൂരിറ്റികളാണ് എസ്‌ജിബികൾ. സർക്കാരിനെ പ്രതിനിധീകരിച്ച് റിസർവ് ബാങ്ക് ബോണ്ട് ഇഷ്യു ചെയ്യുന്നു . ഒരു സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തിക്ക് എസ്‌ജിബി വഴി പരമാവധി 4 കിലോ സ്വർണം വരെ നിക്ഷേപിക്കാൻ കഴിയും. ബോണ്ടുകൾ പ്രതിവർഷം 2.50 ശതമാനം നിരക്കിൽ സ്ഥിര പലിശ നൽകുന്നു. ഇത്, അർധ വാർഷിക കാലയളവിൽ നൽകുന്നു. വിൽക്കുന്ന സമയത്ത് സ്വർണത്തിന്റെ വിപണി വില എസ്‌ജിബികൾ ഉറപ്പുനൽകുന്നു.
എസ്‌ജിബികളുടെ കാലാവധി എട്ട് വർഷമാണ്. എങ്കിലും അഞ്ചു വർഷത്തിന് ശേഷം ഇവ റെഡീം ചെയ്യാൻ അനുവദിക്കും.
ചില പ്രധാന കാര്യങ്ങൾ
ഫിസിക്കൽ മെറ്റൽ അല്ലെങ്കിൽ സ്വർണ്ണവുമായി ബന്ധപ്പെട്ട സെക്യൂരിറ്റികൾ എന്നിവയിൽ നിക്ഷേപിക്കുന്നത് സങ്കീർണമായ തീരുമാനമാണ്, ലഘുവായി കാണേണ്ട ഒന്നല്ല. സ്വർണം വാങ്ങാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾ ഒരു പ്രശസ്ത ഡീലറിൽ നിന്ന് വാങ്ങുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ റിട്ടയർമെന്റ് അക്കൗണ്ടിനായി നിങ്ങൾ സ്വർണം വാങ്ങുകയാണെങ്കിൽ, അത് ഇ ടി എഫ് ആവുന്നത് നല്ലത് .
പൊതുവെ നിങ്ങളുടെ ആസ്തിയുടെ ഒരു ചെറിയ ശതമാനം സ്വർണത്തിൽ കരുതുന്നത് നല്ലതാണ്. കാരണം ഇത് ഒരു ഇൻഷുറൻസ് പോളിസിപോലെ പ്രവർത്തിക്കുന്നു. ഒരു ക്രാഷിൽ മറ്റെല്ലാ സ്റ്റോക്കുകളും നഷ്‌ടപ്പെടുകയാണെങ്കിൽ, സ്വർണം പൊതുവെ ഉയർന്ന മൂല്യം തരും എന്നാണ് ചരിത്രപരമായ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. അതിനാൽ സ്വർണ നിക്ഷേപം, മൊത്തം നിക്ഷേപം തകരുന്നതിൽനിന്നു തടയുന്നു.