സ്ഥിരതയുള്ള സാമ്പത്തികസ്ഥിതി എല്ലാവരുടെയും ലക്ഷ്യമാണ്. ഒരു വ്യക്തി പഠനം കഴിഞ്ഞ് ജോലി തുടങ്ങുമ്പോൾ തന്നെ അയാളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനായുള്ള ശ്രമവും ആരംഭിക്കുന്നു. ചില മിടുക്കന്മാർ (മിടുക്കികളും) പഠനസമയത്ത് തന്നെ പാർട്ട്ടൈം ജോലികൾ ചെയ്തു വരുമാനമുണ്ടാക്കുവാൻ തുടങ്ങുന്നു.
കൃത്യമായ ആസൂത്രണത്തിലൂടെ ചെലവുകൾ നിയന്ത്രിക്കുകയും ദീർഘകാലവീക്ഷണ ത്തോടെ നിക്ഷേപങ്ങൾ നടത്തി സാമ്പത്തിക സുരക്ഷിതത്വം നേടിയെടുക്കുകയുമാണ് ഫിനാൻഷ്യൽ പ്ലാനിങ്ങിന്റെ ലക്ഷ്യം. കേരളം പോലെ ഉപഭോക്തൃപ്രവണത കൂടിയ ഒരു സംസ്ഥാനത്ത് ഫിനാൻഷ്യൽ പ്ലാനിങ്ങിന്റെ പ്രാധാന്യം ഏറെയാണ്. കാരണം, പണം സമ്പാദിക്കുന്നതിനൊപ്പം തന്നെ പ്രധാന്യമേറിയ കാര്യമാണ് പണം കൃത്യമായി ചെലവഴിക്കുക എന്നതും. എടുത്തുപറയേണ്ട ഒന്ന്, മലയാളികൾ പൊതുവെ കുട്ടികളെ പണം സമ്പാദിക്കുക കാര്യം നന്നായി പഠിപ്പിക്കും. പക്ഷേ പണം എങ്ങനെ കൃത്യമായ ആസൂത്രണത്തോടെ ചെലവാക്കണമെന്ന് പഠിപ്പിക്കുന്നതിൽ മലയാളികൾ പിന്നിലാണ്.
Read Also: കുറയ്ക്കാം ചെലവും കടവും; ഇതാ ചില മണി ടിപ്സ്
ഫിനാൻഷ്യൽ പ്ലാനിങ്ങിന്റെ ഗുണവശങ്ങൾ
നമ്മുടെ വരുമാനം ഫലപ്രദമായി ചെലവഴിക്കുവാൻ ഫിനാൻഷ്യൽ പ്ലാനിങ് സഹായിക്കും. നമ്മുടെ വരുമാനം ഉപയോഗിച്ച് നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്കു എത്തുവാൻ വ്യക്തമായ ആസൂത്രണം അനിവാര്യമാണ്.
അടുത്തതായി പരിഗണിക്കേണ്ടത് നമ്മുടെ ചെലവുകളാണ്. ചെലവുകളെ അനിവാര്യമായവ, ഒഴിവാക്കാവുന്നവ, ആർഭാടങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. വ്യക്തമായ പ്ലാനിങ് നമ്മുടെ ചെലവുകൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. കോവിഡ് 19 നമ്മുടെ ചെലവുകളുടെ മുൻഗണനകൾ മാറ്റിയത് ഓർക്കുക.
മിച്ചം പിടിക്കേണ്ട തുക, നമ്മുടെ ദീർഘകാല ലക്ഷ്യങ്ങളിലേക്കെത്താൻ എത്ര പണം നിക്ഷേപമാക്കി മാറ്റണമെന്ന് മനസിലാക്കുവാൻ പ്ലാനിങ് സഹായിക്കുന്നു.
നികുതി ഇളവുകൾ എങ്ങനെ നേടിയെടുക്കാം എന്ന് കണ്ടുപിടിക്കാൻ ഫിനാൻഷ്യൽ പ്ലാനിങ് വേണം. പലവിധ നികുതി കിഴിവുകളും ചില പ്രത്യേക നിക്ഷേപരീതികളിലൂടെ നമുക്ക് നേടിയെടുക്കാം. ഇൻഷുറൻസ് പോളിസി, ഹോം ലോൺ, പെൻഷൻ ഫണ്ടുകൾ എന്നിവ ചില ഉദാഹരണങ്ങളാണ്.
Read Also: ചെറുപ്പവും അവിവാഹിതനുമാണ്, എന്നിട്ടും എന്തിന് ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങണം?
ഫിനാൻഷ്യൽ പ്ലാനിങ്ങിനെ പലപ്പോഴും റിട്ടയർമെന്റ് പ്ലാനിങ് മാത്രമായി തെറ്റിദ്ധരിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ റിട്ടയര്മെന്റിനു ശേഷവും, ജീവിതനിലവാരം നിലനിർത്തുക, ഉയർത്തുക എന്നിവയാണ് ശരിയായ ഫിനാൻഷ്യൽ പ്ലാനിങ്ങിലൂടെ നമുക്ക് സാധ്യമാകുന്നത്. റിട്ടയർമെൻ്റ് പ്ലാനിങ് സാമ്പത്തിക ആസൂത്രണത്തിൻ്റെ ഒരു ഭാഗം മാത്രമാണ്.
പണപ്പെരുപ്പം: നിക്ഷേപങ്ങൾക്കു ലഭിക്കുന്ന പലിശയേക്കാൾ കൂടുതലാണ് പണപ്പെരുപ്പത്തിന്റെ തോത് മിക്കപ്പോഴും. ഈ കാരണം കൊണ്ട്, നമ്മുടെ നിക്ഷേപങ്ങളുടെ മൂല്യം കാലക്രമേണ കുറയുന്നു. ഈ നഷ്ടം ഒഴിവാക്കാൻ നല്ല നിക്ഷേപരീതികൾ തിരഞ്ഞെടുക്കുവാൻ ഫിനാൻഷ്യൽ പ്ലാനിങ് നമ്മെ സഹായിക്കുന്നു.
അത്യാവശ്യങ്ങൾ: പലപ്പോഴും ഒരു കുടുംബ ബജറ്റിന്റെ താളം തെറ്റാൻ ഒരു അപകടം കൊണ്ടോ, അസുഖം കൊണ്ടോ ഒരു കുടുംബാംഗം ആശുപത്രിയിൽ ആയാൽ മതി. എന്നാൽ ഈ രീതിയിലുള്ള അടിയന്തരഘട്ടങ്ങളെ നേരിടാൻ ഫിനാൻഷ്യൽ പ്ലാനിങ്ങിലൂടെ സാധ്യമാണ്.
സ്വപ്നങ്ങൾ എന്നതിലുപരി മലയാളിയെ സംബന്ധിച്ച് അനിവാര്യതകളായ വീട്, വാഹനം, കുട്ടികളുടെ ഉന്നതപഠനം, ജോലി, വിവാഹം എന്നിവ കടബാധ്യതകൾക്കടിമയാകാതെ നേടിയെടുക്കാൻ ഫിനാൻഷ്യൽ പ്ലാനിങ്ങിലൂടെ സാധിക്കും.
സാമ്പത്തിക ആസൂത്രണം എന്തുകൊണ്ട് അനിവാര്യമെന്ന് മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നു. ഇനി ഫിനാൻഷ്യൽ പ്ലാനിങ് എങ്ങനെ തുടങ്ങണം, എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്, എന്താണ് ഫാമിലി ബജറ്റ്, ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ്, ഇക്വിറ്റി, സിസ്റ്റമാറ്റിക് ഇൻവെസ്റ്റമെന്റ് പ്ലാൻ, ഹോം ലോൺ, ക്രെഡിറ്റ് കാർഡ്, ടാക്സ് സേവിങ്സ് എന്നിവ വരും ദിവസങ്ങളില്‍ ചർച്ചചെയ്യാം.
Read Also: ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍