സ്വര്‍ണം ഇന്ത്യക്കാരെ സംബന്ധിച്ച് വളരെ സാമൂഹികവും വൈകാരികവുമായ മൂല്യമുള്ള അതുല്യ സ്വത്താണ്. ഒരു വൈവിധ്യവത്കരിച്ച നിക്ഷേപ പോര്‍ട്ടഫോളിയോ ഉണ്ടാക്കുമ്പോള്‍, സ്വര്‍ണത്തില്‍ നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുന്‍ ലേഖനത്തില്‍ വിശദമാക്കിയിരുന്നല്ലോ. ഇനി നമുക്ക് സ്വര്‍ണത്തില്‍ ഏതൊക്കെ രീതിയില്‍ നിക്ഷേപം നടത്താമെന്നു പരിശോധിക്കാം. ഓരോരുത്തര്‍ക്കും അനുയോജ്യമായ നിക്ഷേപരീതി തിരഞ്ഞെടുക്കാന്‍ വ്യത്യസ്ത നിക്ഷേപരീതികളെപ്പറ്റിയുള്ള അറിവ് സഹായകമാകും.
Read More: സ്വർണവും നിക്ഷേപ സാധ്യതകളും
ആദ്യകാലങ്ങളില്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാനുള്ള ഏക മാര്‍ഗം ആഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍ അല്ലെങ്കില്‍ സ്വര്‍ണ ബിസ്‌കറ്റ് വാങ്ങിക്കുക എന്നതായിരുന്നു. സ്വര്‍ണം ഇപ്പോഴും പ്രധാന ആസ്തികളില്‍ ഒന്നായതിനാല്‍, ഒരാള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഒന്നിലധികം മാര്‍ഗങ്ങളുണ്ട്.
സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാനുള്ള ജനപ്രിയ മാര്‍ഗങ്ങള്‍ താഴെപ്പറയുന്നു.
സ്വര്‍ണബാറുകള്‍, സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇ ടി എഫ്), സ്വര്‍ണ ധനസമ്പാദന പദ്ധതി, സോവറിന്‍ സ്വര്‍ണ ബോണ്ടുകള്‍, സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണ ഫണ്ടുകള്‍, ഡിജിറ്റല്‍ സ്വര്‍ണം എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയില്‍, സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനുള്ള പ്രധാന മാര്‍ഗങ്ങള്‍. ഇനി നമുക്ക് ഈ മാര്‍ഗങ്ങളുടെ വിശദാംശങ്ങളിലേക്കു കടക്കാം.
സ്വര്‍ണബാറുകള്‍
ചതുരാകൃതിയിലുള്ള സ്വര്‍ണക്കട്ടികളാണ് സ്വര്‍ണബാറുകള്‍, സ്വര്‍ണ ബിസ്‌കറ്റ് എന്ന് മലയാളി ഓമനപ്പേരിട്ട് വിളിക്കുന്നതും ഈ ബാറുകളെത്തന്നെയാണ്. സാധാരണയായി ഒരു നിക്ഷേപമെന്ന നിലയില്‍ ചില ഉത്സവസീസണുകളോട് അനുബന്ധിച്ചാണ് സ്വര്‍ണബാറുകള്‍ വാങ്ങുന്നത്. ധന്തേരസ്, ദീപാവലി, അക്ഷയ തൃതീയ തുടങ്ങിയ ദിവസങ്ങള്‍ സ്വര്‍ണത്തിന്റെ വിപണനം കൂടുതലായി നടക്കുന്ന ഉത്സവങ്ങള്‍ ആണ്.
സ്വര്‍ണബാറിന്റെ മേക്കിങ് ചാര്‍ജ് പൊതുവെ ആഭരണങ്ങളെ അപേക്ഷിച്ചു കുറവാണ്. കൂടാതെ വില്പനക്കാരന്റെ ലാഭവിഹിതം കുറവായതിനാല്‍, നിക്ഷേപകന് ഇതൊരു ലാഭകരമായ മാര്‍ഗമാണ്.
സ്വര്‍ണബാറുകള്‍ അര ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെയുള്ള അളവുകളില്‍ ലഭ്യമാകും. അഞ്ച്, എട്ട്, പത്ത് ഗ്രാം ബാറുകളാണ് ഏറ്റവും ജനപ്രിയമായ ചോയിസുകള്‍.
നിങ്ങളുടെ ബജറ്റ്, നിക്ഷേപം, എളുപ്പം വില്‍ക്കാനുള്ള സാധ്യത എന്നിവ പരിഗണിച്ചു വേണം സ്വര്‍ണബാറുകളില്‍ നിക്ഷേപിക്കാന്‍. ഉയര്‍ന്ന ഭാരമുള്ള ബാറുകള്‍ കൂടുതല്‍ ലാഭം തരുമ്പോള്‍, കുറഞ്ഞ ഭാരമുള്ളവയായിരിക്കും വില്‍ക്കാന്‍ എളുപ്പം.
സ്വര്‍ണബാറിന്റെ പരിശുദ്ധി നിക്ഷേപത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഹാള്‍മാര്‍ക്ക് ചെയ്ത ബാറുകള്‍ വാങ്ങുന്നുവെന്ന് ഉറപ്പാക്കുക.
നാണയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണബാറുകളുടെ മൂല്യം കൂടുതലായതിനാല്‍ വീടുകളില്‍ സൂക്ഷിക്കുന്നത് ബുദ്ധിയല്ല. ബാങ്ക് ലോക്കറുകള്‍ പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സുരക്ഷിത രീതിയില്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.
സ്വര്‍ണബാറുകളില്‍ നിക്ഷേപിക്കുന്ന തുക ഗണ്യമായി കൂടുതലാണ്. അതിനാല്‍ സ്വര്‍ണബാറുകള്‍ വാങ്ങിക്കുമ്പോള്‍, വളരെ വിശ്വാസ്യതയുള്ളതും നമുക്ക് ലാഭകരമായ ഡീല്‍ ഓഫര്‍ ചെയ്യുന്നതുമായ ജ്വല്ലറികളില്‍നിന്നു വാങ്ങുക.
ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ മാത്രമല്ല, എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്ന ഒരു നിക്ഷേപമെന്ന നിലയിലും സ്വര്‍ണബാറുകള്‍ ലാഭകരമായ നിക്ഷേപ ആശയമാണ്.
വളരെക്കുറഞ്ഞ മേക്കിങ് നിരക്ക്, വലിയ സാമ്പത്തികസുരക്ഷ, ആഭരണമാക്കി മാറ്റാനോ, വില്‍ക്കാനോ ഉള്ള എളുപ്പം എന്നിവ ഗോള്‍ഡ് ബാറുകള്‍ ജനപ്രിയനിക്ഷേപമാകുന്നതിനെ പ്രധാന കാരണങ്ങളാണ്.
നിലവില്‍ സ്വര്‍ണബാറുകള്‍ ഏത് ജ്വല്ലറിയിലും വിപണനം നടത്താം.
സ്വര്‍ണനാണയങ്ങള്‍
ഇന്ത്യയില്‍ സ്വര്‍ണനാണയങ്ങള്‍ സ്വര്‍ണ നിക്ഷേപത്തിന്റെ ഒരു പ്രധാന മാര്‍ഗമാണ്. സ്വര്‍ണനാണയം വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം.
പരിശുദ്ധി
സ്വര്‍ണനാണയം പൊതുവെ 916.6 (22 കാരറ്റ്) ആണ്. ഇത് ജ്വല്ലറിയില്‍ നിന്നു നാണയം വാങ്ങുമ്പോള്‍ ഉറപ്പുവരുത്തുക.
ഭാരം
അര ഗ്രാം മുതല്‍ 100 ഗ്രാം വരെയുള്ള നാണയങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണെങ്കിലും ഏറ്റവും പ്രചാരമുള്ള ഭാരം 10 ഗ്രാം, 8 ഗ്രാം, 4 ഗ്രാം എന്നിവയാണ്.
രൂപകല്‍പ്പന
പലതരം ഡിസൈനുകളില്‍ സ്വര്‍ണനാണയങ്ങള്‍ ലഭ്യമാണ്. ജ്വല്ലറികളുടെ ഡിസൈന്‍, ദേവീദേവന്മാരുടെ ഡിസൈന്‍ ഉള്ള നാണയങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ വിപണനം ചെയ്യപ്പെടുന്നത്.
ഹാള്‍മാര്‍ക്കിങ്
സ്വര്‍ണനാണയം വാങ്ങുമ്പോള്‍ അത് ഹാള്‍മാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഹാള്‍മാര്‍ക്കിങ് സ്വര്‍ണനാണയത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നു.
എവിടെനിന്ന് വാങ്ങാം?
സ്വര്‍ണനാണയങ്ങള്‍ പൊതുവെ എല്ലാ ജ്വല്ലറികളിലും ലഭ്യമാണ്. അവ ആഭരണങ്ങള്‍ക്കായി കൈമാറ്റം ചെയ്യുകയോ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം വില്‍ക്കുകയോ ചെയ്യാം.
എസ് ജി ബി, ഇ ടി എഫ് എന്നിവയെപ്പറ്റി വരും ദിവസങ്ങളില്‍ വായിക്കാം.