ലോകം കോവിഡ്-19 മഹാമാരിയുടെ പിടിയിലമര്‍ന്നതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ ആവശ്യകത തീര്‍ച്ചയായും വര്‍ധിച്ചിരിക്കുകയാണ്. കൊറോണ വൈറസ് സംബന്ധിച്ച ആശുപത്രി ചികിത്സാ ചെലവ് ലക്ഷങ്ങള്‍ വരുന്നതായാണ് മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ ആളുകളെ പ്രേരിപ്പിക്കുമ്പോള്‍ തന്നെ, ഇതിനകം ചേര്‍ന്നവര്‍ പരിരക്ഷ വര്‍ധിപ്പിക്കുകയാണ്. കോവിഡിനായി പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ കമ്പനികള്‍ അവതരിപ്പിച്ചതോടെ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.
ലോകം മഹാമാരിയെ അഭിമുഖീകരിക്കുമ്പോള്‍ കാര്യങ്ങള്‍ വിധിക്കു വിടുന്നത് സാമ്പത്തിക വിവേകല്ല. സ്വന്തമായും കുടുംബാംഗങ്ങള്‍ക്കും മതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്, അത്യാവശ്യകാര്യത്തിനുവേണ്ടി നീക്കിവച്ച പണവും നിക്ഷേപങ്ങളും ചെലവാക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇത് ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കുന്നു.
പുതിയ ആരോഗ്യ പരിരക്ഷ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്ലെങ്കില്‍ പരിരക്ഷ തുക വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ മനസിലാക്കുന്നത് വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ സഹായിക്കും.
1. ഏതുതരം പ്ലാനാണ് വാങ്ങേണ്ടതെന്ന് അറിയുക
പല തരത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തുടക്കക്കാര്‍ക്കായി ലഭ്യമാണ്. അവയില്‍ ചിലത് നഷ്ടപരിഹാര പ്ലാനുകളാണെങ്കില്‍ മറ്റു ചിലത് ആനുകൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളവയാണ്. നഷ്ടപരിഹാര പ്ലാനുകള്‍ ആശുപത്രി ബില്ലുകളുടെ തുക ഉപഭോക്താവിനു തിരിച്ചുനല്കുമ്പോള്, നിര്‍വചിക്കപ്പെട്ട ആനുകൂല്യ പ്ലാനുകളുടെ കാര്യത്തില്‍ യഥാര്‍ത്ഥ ആശുപത്രി ചെലവ് കണക്കിലെടുക്കാതെ ഇന്‍ഷുറന്‍സ് കമ്പനി മൊത്തമായൊരു തുക നല്കുന്നു. വ്യക്തിഗത ആരോഗ്യ പ്ലാനുകള്‍ അല്ലെങ്കില്‍ മെഡിക്ലെയിം എന്നറിയപ്പെടുന്ന ഫാമിലി ഫ്ളോട്ടര്‍ പ്ലാനുകള്‍ നഷ്ടപരിഹാര പ്ലാനുകളാണ്. അതേസമയം ഗുരുതരമായ രോഗ പ്ലാന്‍ ആനുകൂല്യാധിഷ്ഠിത പ്ലാനുകളുടെ വിഭാഗത്തില്‍ പെടുന്നു.
ഉദാഹരണത്തിന്, പരിരക്ഷ അല്ലെങ്കില്‍ ഇന്‍ഷുര്‍ ചെയ്ത തുക ഒന്‍പത് ലക്ഷം രൂപയും ആശുപത്രി ബില്‍ 1.8 ലക്ഷം രൂപയുമാണ് എന്നു കരുതുക. മെഡിക്ലെയിം പ്ലാനുകളുടെ കാര്യത്തില്‍ ആശുപത്രി ബില്‍ തുകയായ 1.8 ലക്ഷം രൂപ തിരിച്ച് ലഭിക്കുന്നു. അതേസമയം, പോളിസി ഉടമയുടേത് ഗുരുതര രോഗ പ്ലാനാണെങ്കില്‍ (Critical llness plans) ഇന്‍ഷുര്‍ ചെയ്ത മുഴുവന്‍ തുകയായ ഒന്‍പത് ലക്ഷം രൂപയും ഇന്‍ഷുറന്‍സ് കമ്പനി നല്കുന്നു. പ്ലാനില്‍ പരാമര്‍ശിച്ച രോഗങ്ങളുടെ അടിസ്ഥാനത്തിലാണ് തുക ലഭിക്കുക.
വ്യക്തിഗത ആരോഗ്യ പ്ലാനുകളും ഗുരുതര രോഗ പ്ലാനുകളും പരസ്പര പൂരകമല്ല. അവ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതും എന്നാല്‍ അനുബന്ധ സ്വഭാവമുള്ളവയുമാണ്.
2. പ്ലാനുകളില്‍ ഉപ പരിധികളുണ്ടോയെന്ന് മനസിലാക്കണം
ഉപ പരിധികളുണ്ടെന്നതാണ് മെഡിക്ലെയിം പ്ലാനുകളുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അങ്ങനെയുണ്ടെങ്കില്‍ ആശുപത്രി ബില്ലിന്റെ ഒരു ഭാഗം സ്വന്തം കീശയില്‍നിന്ന് അടയ്ക്കേണ്ടി വരും. ഉപ പരിധികളുള്ള പ്ലാനുകളില്‍ ഡോക്ടര്‍ ഫീസ്, നഴ്സിങ് ചാര്‍ജുകള്‍, ഐസിയു ചാര്‍ജുകള്‍ തുടങ്ങിയ ചെലവുകള്‍ ആശുപത്രി മുറി വാടകയുമായി ബന്ധിപ്പിച്ചിരിക്കുന്നു. സാധാരണയായി, മുറി വാടകയും മറ്റ് ചില ആശുപത്രി ചെലവുകളും ഇന്‍ഷുര്‍ ചെയ്ത തുകയുടെ ഒരു ശതമാനമായി പരിമിതപ്പെടുത്തുന്നു. പോളിസി ഉടമ ഉയര്‍ന്ന വാടകയുള്ള മുറി തിരഞ്ഞെടുക്കുകയാണെങ്കില്‍, ഇന്‍ഷുറന്‍സ് കമ്പനി ബില്‍ തുക തിരിച്ചുനല്‍കുന്നതിനു മുമ്പ് മറ്റെല്ലാ ആശുപത്രി ചെലവുകളും ആനുപാതികമായി കുറയും. അതിനാല്‍, റൂം വാടകയുടെ കാര്യത്തില്‍ അനുവദനീയമായ പരിധി പാലിക്കുകയോ അല്ലെങ്കില്‍ ഉപ പരിധികളില്ലാതെ പ്ലാനുകള്‍ തിരഞ്ഞെടുക്കുകയോ ആണ് ഉചിതം.
3. നിലവിലുള്ള രോഗങ്ങള്‍ വെളിപ്പെടുത്തുക
ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് അപ്രതീക്ഷിത ചികിത്സാ ആവശ്യകതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതിനാല്‍, പോളിസിയില്‍ ചേരുന്ന ദിവസം മുതല്‍ രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിരക്ഷ നല്‍കുന്നില്ല. അതായത് നിലവിലുള്ള രോഗങ്ങള്‍ക്കു പരിരക്ഷയില്ല. പുതുതായി പോളിസി വാങ്ങുന്നയാള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന രോഗാവസ്ഥതെ പ്രീ എക്സിസ്റ്റിങ് ഡിസീസ് എന്നറിയപ്പെടുന്നു. ഇവയ്ക്ക് പ്രത്യേക കാലയളവിനുശേഷം മാത്രമേ പരിരക്ഷ ലഭിക്കുകയുള്ളൂ. ആരോഗ്യ ഇന്‍ഷുറന്‍സ് നിയമങ്ങളനുസരിച്ച്, നിലവിലുള്ള അസുഖങ്ങള്‍ക്ക് 48 മാസത്തിനുശേഷം ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിരക്ഷ നല്‍കേണ്ടതുണ്ട്. ചില കമ്പനികള്‍ 24 അല്ലെങ്കില്‍ 36 മാസത്തിനുശേഷം പരിരക്ഷ അനുവദിക്കാറുണ്ട്.
ഇന്‍ഷുറന്‍സ് പ്ലാനില്‍ ചേരുമ്പോള്‍ നിലവിലുള്ള അസുഖങ്ങളെക്കുറിച്ച് പ്രസക്തമായ വിവരങ്ങളൊന്നും മറച്ചുവയ്ക്കില്ലെന്ന നിബന്ധനയ്ക്ക് വിധേയമാണ് ഈ പരിരക്ഷ. തെറ്റായ വിവരങ്ങളാണെന്ന് തെളിയിക്കപ്പെടുന്നത് ക്ലെയിം നിരസിക്കുന്നതിനു കാരണമായേക്കാം. അതിനാല്‍, അപേക്ഷാ ഫോമില്‍ ഒപ്പിടുമ്പോള്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങളുടെ സത്യസന്ധവും പൂര്‍ണവുമായ വെളിപ്പെടുത്തല്‍ ഉറപ്പാക്കുക.
4. കോ-പേയ്മെന്റുകള്‍ ഉണ്ടോയെന്ന് മനസിലാക്കുക
ചില ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളില്‍, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടിയുള്ളവയില്‍ കോ-പേയ്മെന്റ് എന്ന സവിശേഷതയുണ്ട്. ഇതിനര്‍ത്ഥം, ആശുപത്രി ബില്‍ തുക ഇന്‍ഷുറന്‍സ് കമ്പനി തുക നല്കുന്നതിനു മുന്‍പ് അതിന്റെ നിശ്ചിത വിഹിതം പോളിസി ഉടമ വഹിക്കണമെന്നതാണ്. കോ-പേയ്മെന്റ് സാധാരണഗതിയില്‍ ബില്‍ തുകയുടെ 20 ശതമാനമാണ്. ഉയര്‍ന്ന പരിധിയും തിരഞ്ഞെടുക്കാം. മിക്ക കേസുകളിലും ഉയര്‍ന്ന കോ-പേയ്മെന്റ് തിരഞ്ഞെടുക്കുന്നത് പ്രീമിയം കുറയാന്‍ സഹായിക്കുന്നു.
5. പരിരക്ഷാ തുക തീരുമാനിക്കുക
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ അളവ് കണക്കാക്കാന്‍ എളുപ്പത്തില്‍ പ്രയോഗിക്കാവുന്ന ചട്ടമോ കാല്‍ക്കുലേറ്ററോ ഇല്ല. നിങ്ങള്‍ താമസിക്കുന്ന നഗരം, നിങ്ങളുടെ സ്ഥലത്തിനു ചുറ്റുമുള്ള ആശുപത്രി ചെലവുകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുക. ചികിത്സാ ചെലവുകള്‍ വര്‍ധിക്കുന്നതിനാലും ആരോഗ്യ അത്യാഹിതങ്ങള്‍ വളരെ പ്രവചനാതീതമായതിനാലും ഉയര്‍ന്ന തുക ഇന്‍ഷുര്‍ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. പ്രധാനമായും, ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിങ്ങളുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടണം. കൂടാതെ, തൊഴിലുടമ നല്കുന്ന ഗ്രൂപ്പ് ആരോഗ്യ പരിക്ഷയ്ക്കു പുറമെ നിങ്ങള്‍ പണം മുടക്കി സ്വതന്ത്ര പരിക്ഷയുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും