ലോക്ക്ഡൗൺ കാലം നൽകിയ പ്രധാന പാഠങ്ങളിൽ ഒന്ന് ഒരു കരുതൽ സമ്പാദ്യത്തിന്റെ അഭാവവും, നമ്മൾ ഒരു ഫാമിലി ബജറ്റ് ഉണ്ടാക്കുകയും പിന്തുടരുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും ആണ്. ലളിതമായി പറഞ്ഞാൽ ഒരു ബജറ്റ്, വരുമാനം കണക്കാക്കുകയും സമ്പാദ്യങ്ങൾക്കും ചെലവുകൾക്കുമായി പണം നീക്കിവയ്ക്കുകയും ചെയ്യുന്നു.
കടക്കെണിയിൽനിന്നു രക്ഷപ്പെടാനും, വീട് വാങ്ങുക, വിരമിച്ച ശേഷം ജീവിതശൈലി നിലനിർത്തുക തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾ നേടാനും ഫാമിലി ബജറ്റ് സഹായിക്കും. പൊതുവേ ബജറ്റുകളിൽ ഉറച്ചുനിൽക്കുന്നവർക്ക് സാമ്പത്തിക ആശങ്കകൾ കുറവായിരിക്കും, ഒപ്പം അവർ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സാധ്യതയും കൂടുതലാണ്.
Read more: ഫിനാൻഷ്യൽ പ്ലാനിങ്ങിന്റെ അനിവാര്യതയും അടിസ്ഥാനവും
എന്തുകൊണ്ട് ഫാമിലി ബജറ്റ്
തിരക്കേറിയ ദിനചര്യകൾക്കിടയിൽ, ബജറ്റിംഗിനായി സമയം കണ്ടെത്തുന്നത് ബുദ്ധിമുട്ടായി തോന്നാം, പ്രത്യേകിച്ചും മാസാവസാനത്തിൽ പണത്തിനു ഞെരുക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ (നിശ്ചിതാവരുമാനക്കാർക്കിടയിൽ ഈ ഞെരുക്കം സാധാരണമാണ്). എന്നാൽ ബജറ്റിങ്ങിനായി ചെലവഴിക്കുന്ന സമയം ഒരു നഷ്ടമായി കണക്കാക്കേണ്ടതില്ല. കാരണം നമ്മുടെ വരവ് ചെലവുകൾ നിയന്തിക്കുന്നതിലൂടെയുള്ള നേട്ടം വളരെ വലുതാണ്.
ഫാമിലി ബജറ്റിന്റെ ഗുണങ്ങൾ
1. വായ്‌പയും അതിന്റെ തിരിച്ചടവും കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ രീതി
2. സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്ലാൻ
3. അടിയന്തിര ഫണ്ട് സൃഷ്ടിച്ച് വരുമാനമില്ലാത്ത കാലയളവിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നു.
4. മികച്ച നിക്ഷേപ തീരുമാനങ്ങൾ എടുക്കുവാൻ സഹായിക്കുന്നു.
5. ബജറ്റിംഗ് പ്രക്രിയ കൂടുതൽ കാര്യക്ഷമമായും ഉത്തരവാദിത്തത്തോടെയും ധനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നു.
6. വരുമാനത്തിന്റെ മെച്ചപ്പെട്ട ഉപയോഗം.
7. വരുമാനവുമായി ചെലവ് ക്രമീകരിക്കുന്നു.
8. ഒരാളുടെ സ്വന്തം വരുമാനത്തിനകത്ത് ജീവിക്കുവാൻ സഹായിക്കുന്നു.
9. അനാവശ്യ ചെലവുകൾ തിരിച്ചറിയതുന്നതോടൊപ്പം അവയെ നിയന്ത്രിക്കുവാനും സാധിക്കുന്നു.
10. ഭാവിയിലെ ചെലവുകൾക്കായി വരുമാനത്തിന്റെ ഒരു ഭാഗം ഇൻവെസ്റ്റ് ചെയ്യന്നു.
11. സാമ്പത്തിക ആശങ്കകളും ഉത്കണ്ഠകളും കുറയ്ക്കുന്നു.
12. ബോധപൂർവവും, കൂടുതൽ വ്യക്തവുമായ സാമ്പത്തിക തീരുമാനമെടുക്കാൻ സഹായിക്കുന്നു.
13. ഭാവിയിലേക്കുള്ള ഒരു റഫറൻസായി ഉപകരിക്കുന്നു.
14. കുടുംബത്തിനുള്ള ഒരു സാമ്പത്തിക ഗൈഡ്.
15. ആശങ്കകൾ കുറക്കുന്നതിലൂടെ ആരോഗ്യകരമായതും സന്തുഷ്ടവുമായ ജീവിതം.
കുടുംബ ബജറ്റ് എങ്ങനെ തയ്യാറാക്കാം
ഓരോ ഫാമിലി ബജറ്റും കുടുംബത്തിന്റെ വലുപ്പവും ആവശ്യങ്ങളും അനുസരിച്ച് വ്യത്യസ്തമായിരിക്കും. പക്ഷെ ബജറ്റിംഗ് ധനകാര്യമാനേജുമെന്റിന്റെ ആസൂത്രണ ഘട്ടമായതിനാൽ ഒരു പൊതു രീതി നമുക്ക് അവലംബിക്കാം. ബജറ്റ് തയ്യാറാക്കുന്നതിൽ ഏഴ് പ്രധാന ഘട്ടങ്ങൾ ആണ് ഉള്ളത്. നമുക്ക് ഓരോന്നായി പരിശോധിക്കാം.
1. എല്ലാ ചെലവുകളുടെയും പട്ടിക തയ്യാറാക്കുക
കുടുംബത്തിന് ആവശ്യമായ എല്ലാ ചരക്കുകളും സേവനങ്ങളും അതിൽ അടങ്ങിയിരിക്കണം. കൂടുതൽ വ്യക്തതയ്ക്കായി പ്രധാന ചെലവ് ഇനങ്ങളെ ചെറിയ ഇനങ്ങളായി തിരിക്കാം. ഈ ലിസ്റ്റിനു കീഴിൽ വരാവുന്ന പ്രധാന ഇനങ്ങൾക്കുള്ള ഉദാഹരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഭക്ഷണം
ഭക്ഷണം തയ്യാറാക്കാനുള്ള അസംസ്കൃത വസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, പാൽ, മാംസം, മത്സ്യം, മുട്ട, ജാം, അച്ചാറുകൾ, ബിസ്കറ്റ്, ശീതീകരിച്ച ഭക്ഷണങ്ങൾ, ഹോട്ടൽ ഭക്ഷണം എന്നിവ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തണം.
വീടുമായി ബന്ധപ്പെട്ടവ
വീടുമായി ബന്ധപ്പെട്ട ചെലവുകളിൽ വാടക, അറ്റകുറ്റപ്പണി നിരക്കുകൾ, വായ്പ ഗഡുക്കൾ, ഫർണിച്ചർ എന്നിവ ഉൾപ്പെടുത്താം .
വസ്ത്രങ്ങൾ
വസ്ത്രങ്ങൾക്കുള്ള ചെലവ്, തുന്നല്‍ ചാർജുകൾ, പാദരക്ഷകൾ, മറ്റ് ആക്സസറികൾ എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്നു.
യൂട്ടിലിറ്റി ബില്ലുകൾ
വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ്, വെള്ളം, ജോലിക്കാരുടെ ശമ്പളം, ഇൻഷുറൻസ്, വീട് നടത്തികൊണ്ടുപോകാനുള്ള മറ്റ് ചിലവുകൾ എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുത്തണം.
വിദ്യാഭ്യാസം
സ്കൂൾ അല്ലെങ്കിൽ കോളേജ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഈ പട്ടികയിൽ ഉൾപ്പെടുത്താം. ട്യൂഷനും മറ്റ് ഫീസുകളും, പുസ്തകങ്ങളും പഠന സാമഗ്രികളും വാങ്ങുന്നതിനുള്ള ചെലവ് ഈ പട്ടികയുടെ ഭാഗമാണ്.
ഗതാഗതം
യാത്രാ അനുബന്ധ ചെലവ്, റിക്ഷ, ടാക്സി, ബസ്, ട്രെയിൻ, ഫ്ലൈറ്റ് ചെലവുകൾ, ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണി, നന്നാക്കൽ, റോഡ് ടാക്സ്, വാഹന ഇൻഷുറൻസ് എന്നിവ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തണം.
വിനോദം
കേബിൾ ടിവി, ഒടിടി പ്ലാറ്റ്ഫോം, സിനിമ, പിക്നിക്, ക്ലബ് സബ്സ്ക്രിപ്ഷൻ എന്നിവ ഈ പട്ടികയുടെ ഭാഗമാക്കണം.
ആരോഗ്യം
മെഡിക്കൽ ചെലവുകൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, മരുന്ന് എന്നിവ ഈ പട്ടികയുടെ ഭാഗമാക്കാം.
എമർജൻസി ഫണ്ട്
ഒരു അത്യാവശ്യഘട്ടം വന്നാൽ ഉപയോഗിക്കുവാനായി കുറച്ചു പണം നീക്കിവയ്ക്കുക. ഇത് സേവിങ്സ് പോലെ തന്നെ പ്രധാനപ്പെട്ട ചിലവാണ്. ഈ തുക മാസംതോറും കൂട്ടിക്കൊണ്ടു വരാം. ഒന്നോ രണ്ടോ വർഷത്തിന് ശേഷം ഒരുപക്ഷെ നമുക്ക് മാസംതോറുമുള്ള തുക കുറക്കുകയും ചെയ്യാം.
സേവിംഗ്സ്
സേവിങ്സ് ഭാവിയിലെ ചെലവാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ബജറ്റിംഗിലെ ഏറ്റവും അത്യാവശ്യമായ ഇനമാണ് സേവിംഗ്സ്. ഈ ഗ്രൂപ്പിൽ ബാങ്ക് നിക്ഷേപങ്ങളും മറ്റ് നിക്ഷേപങ്ങളും ഉൾപ്പെടുത്താം.
ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ബജറ്റ് തയ്യാറാക്കിയതിനു ശേഷമുള്ള മാസങ്ങളിൽ നമ്മുടെ വരവും ചെലവും കൃത്യമായി എഴുതിവയ്ക്കുക എന്നതാണ്. ഇത് നമ്മുടെ ബജറ്റിനെ കൂടുതൽ കൃത്യമാക്കാനും മെച്ചപ്പെടുത്താനും സഹായിക്കും.
2. തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമുള്ള ഇനങ്ങളുടെ ചിലവ് കണക്കാക്കുക
ആവശ്യങ്ങളുടെ ലിസ്റ്റു തയ്യാറാക്കിയതിനുശേഷം ഓരോ ഇനത്തിന്റെയും ചെലവ് കഴിയുന്നത്ര കൃത്യമായി കണക്കാക്കുക. പരസ്യങ്ങൾ, മുൻബില്ലുകൾ എന്നിവ ഉപയോഗിച്ച് ഇത് എളുപ്പത്തിൽ ചെയ്യാം. കൂടാതെ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവ നൽകുന്ന വിവരങ്ങൾ ചെലവ് കണക്കാക്കാനും, ഓഫർ ചെക്ക് ചെയ്യാനും ഒരു വാങ്ങൽ തീരുമാനം എടുക്കാനും സഹായിക്കുന്നു. തുടക്കത്തിൽ ബുദ്ധിമുട്ട് തോന്നുമെങ്കിലും, വളരെ പ്രാധാന്യമുള്ളതും പ്രയോജനകരമായതുമായ ഒരു സ്റ്റെപ് ആണ് ചെലവ് കണക്കാക്കൽ . ആവശ്യമുള്ള എല്ലാ ഇനങ്ങളുടെയും ആകെ ചെലവ് കണക്കാക്കണം, അങ്ങനെ മൊത്തം വരുമാനവും ആകെ ചെലവും തമ്മിലുമുള്ള താരതമ്യം എളുപ്പത്തിൽ തയ്യാറാക്കാം.
നമ്മുടെ ചിലവുകൾ അനിവാര്യമെന്നും, നിർബന്ധമില്ലാത്തവ (വേണമെങ്കിൽ ഒഴിവാക്കാവുന്നത്) എന്നും രണ്ടു വിഭാഗങ്ങളായി തരംതിരിക്കുക. പണം എവിടേക്കാണ് പോകുന്നതെന്നും എന്തുകൊണ്ടാണെന്നും കണ്ടെത്തുവാനും നിയന്ത്രിക്കുവാനും ഈ തരംതിരിവ് അത്യാവശ്യമാണ്.
അനിവാര്യ ചെലവുകളിൽ താഴെ പറയുന്നവ ഉൾപ്പെടുത്താം. ശ്രദ്ധിക്കുക ഈ തരംതിരിക്കൽ ഓരോ കുടുംബത്തിന്റെയും ജീവിതശൈലി, ചെലവ് ശീലങ്ങൾ, മുൻഗണന എന്നിവയൊക്കെ അനുസരിച്ചു മാറ്റങ്ങൾ വരാവുന്നവയാണ്.
യൂട്ടിലിറ്റികൾ – വാടക, വൈദ്യുതി, ഫോൺ, ഇൻഷുറൻസ്, ഇന്റർനെറ്റ്, ടിവി, മൊബൈൽ ഫോൺ സേവനം മുതലായവ.
വായ്പാ അടവുകൾ – പണയം,വീട് വായ്പ, വാഹന വായ്പ, ക്രെഡിറ്റ് കാർഡുകൾ, വിദ്യാഭ്യാസ വായ്പ, മെഡിക്കൽ ബില്ലുകൾ എന്നിവ
സേവിങ്സ് – സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ, റിക്കറിംഗ് ഡെപ്പോസിറ്റുകൾ, ചിട്ടി അടവുകൾ എന്നിവ
നിർബന്ധമില്ലാത്ത ( വേണമെങ്കിൽ ഒഴിവാക്കാവുന്നത് ) ചെലവുകളിൽ താഴെ പറയുന്നവ ഉൾപ്പെടുത്താം.
ഹോട്ടൽ ഭക്ഷണം, വിനോദം, സമ്മാനങ്ങൾക്കായി ഷോപ്പിംഗ് തുടങ്ങിയവ.
3. വരുമാനം കണക്കാക്കുക
ബജറ്റിന്റെ മൂന്നാമത്തെ പ്രധാനപ്പെട്ട ഘട്ടമാണിത്. ബജറ്റ് മാസത്തിലെ ആകെ വരുമാനം വേണം പരിഗണിക്കേണ്ടത്. സ്ഥിരാവരുമാനക്കാർക്ക് വരുമാനം റെക്കോർഡ് ചെയ്യുക വളരെ എളുപ്പമായിരിക്കും. എങ്കിലും എല്ലാ വരുമാനസ്രോതസ്സുകളും പരിഗണിച്ചു എന്ന് ഉറപ്പു വരുത്തുക. ഉദാഹരണത്തിന് ശമ്പളക്കാരനായ ഒരാളുടെ ഫിക്സഡ് ഡെപ്പോസിറ്റ് പലിശ, വരുമാനം കണക്കുകൂട്ടുമ്പോൾ വിട്ടുപോകാവുന്ന ഒന്നാണ്. നിങ്ങൾ സ്വയം തൊഴിൽ ചെയ്യുകയാണെങ്കിലോ, നിശ്ചിതാവരുമാനക്കാരൻ അല്ലെങ്കിലോ ഒരു ശരാശരി പ്രതിമാസ വരുമാനം അല്ലെങ്കിൽ ഒരു പ്രത്യേക മാസത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന വരുമാനം ഇവിടെ ഉപയോഗിക്കുക.
4. വരവും ചെലവും താരതമ്യപ്പെടുത്തുക
ഇതൊരു വരവ് ചെലവ് താരതമ്യവും അതിനുശേഷം ബാലൻസ് കൊണ്ടുവരികയും ചെയ്യുന്ന സ്റ്റേജ് ആണ്. ബഡ്ജറ്റിൽ ചെലവ് വരുമാനത്തേക്കാൾ കൂടുതലാണെങ്കിൽ രണ്ടു രീതിയിൽ നമുക്ക് ബജറ്റ് ബാലൻസ് ചെയ്യാം.
a. വരുമാനം വർദ്ധിപ്പിക്കുക:
അധികവരുമാനം ഉണ്ടാക്കുവാൻ സൈഡ് ബിസിനസ്സ്, തുന്നൽ, കളിപ്പാട്ട നിർമ്മാണം, വീട്ടിൽ തയ്യാറാക്കാവുന്ന ഭക്ഷണങ്ങൾ വിപണനം ചെയ്യൽ, ട്യൂഷൻ, പശു, കോഴി വളർത്തൽ, പച്ചക്കറിക്കൃഷി എന്നിവ പരിഗണിക്കാവുന്നതാണ്.
b. അനാവശ്യചെലവ് ഒഴിവാക്കുക:
റെഡിമെയ്‌ഡ് ഭക്ഷണം, ഹോട്ടൽ ഭക്ഷണം എന്നിവ ഒഴിവാക്കുക, സിനിമ, മാസികകൾ എന്നിവ നിയന്ത്രിക്കുക- തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്. പല ആവശ്യങ്ങൾക്കും ചെലവുകുറഞ്ഞതും എന്നാൽ ഗുണമേന്മയെ ബാധിക്കാത്തതുമായ ബദലുകൾ കണ്ടെത്താവുന്നതാണ്.
5. യാഥാർഥ്യബോധത്തോടെയുള്ള ബജറ്റ്
അടുത്തതായി പരിശോധിക്കേണ്ടത് ബജറ്റ് എത്രമാത്രം യാഥാർഥ്യബോധത്തോടെയുള്ളതാണ് എന്നതാണ്. അതിനായി താഴെ പറയുന്ന കാര്യമാണ് നമുക്ക് പരിശോധിക്കാം.
ബജറ്റ് നടപ്പിലാക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനുള്ള പ്ലാനിംഗ് ആണ് ഈ ഘട്ടം . ഇതിനായി താഴെ പറയുന്ന കാര്യമാണ് നമുക്ക് പരിശോധിക്കാം.
കുടുംബത്തിലെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചിട്ടുണ്ടോ
ബില്ലുകളും വായ്പകളും സംബന്ധിച്ച വിവരങ്ങൾ കൃത്യമാണോ
അത്യാവശ്യങ്ങൾ വന്നാൽ കൈകാര്യം ചെയ്യാനായി ആവശ്യത്തിന് പണം നീക്കിവച്ചിട്ടുണ്ടോ
ഒരു ബജറ്റ് മികച്ചതാവാൻ താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധചെലുത്തുക
- വരുമാനാം കൃത്യമായി കണക്കാക്കുക.
- ചെലവ് കണക്കാക്കുന്നത് കഴിയുന്നത്ര കൃത്യമായിരിക്കണം.
- ചെലവ് ഇനങ്ങൾക്ക് മതിയായ ഫണ്ട് അനുവദിക്കുക.
- ചെലവ് ഇനങ്ങൾ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാതിരിക്കുക.
- മാറ്റങ്ങൾ വരാവുന്ന ചെലവുകൾക്ക് അത് പരിഗണിച്ചുകൊണ്ട് ഫണ്ട് അനുവദിക്കുക.
- ബജറ്റ് തയ്യാറാക്കുന്നതിൽ വീട്ടിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുക
6. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ തീരുമാനിക്കുക
നിങ്ങളുടെ ഹ്രസ്വകാല, മധ്യകാല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ വ്യക്തമായി തീരുമാനിക്കുന്നത് ബജറ്റ് മാനേജ് ചെയ്യുവാൻ വളരെ സഹായകരമായിരിക്കും. ഉദാഹരണമായി ഹ്രസ്വകാല ലക്ഷ്യങ്ങളിൽ അടിയന്തര ഫണ്ട് സൃഷ്ടിക്കുക, ക്രെഡിറ്റ് കാർഡിൽ പെൻഡിങ്ങ് കടം ഉണ്ടെങ്കിൽ അത് വീട്ടുക എന്നിവ പരിഗണിക്കാം.
മധ്യകാല ലക്ഷ്യങ്ങളായി ഒരു ഹോം ലോണിന്റെയോ കാർ ലോണിന്റെയോ ഡൌൺ പേയ്‌മെന്റ് റെഡി ആക്കുക,അല്ലെങ്കിൽ പലിശ കൂടുതലുള്ള ഒരു ലോണിൽ പ്രീപെയ്‌മെന്റ് നടത്തുക എന്നിവ പരിഗണിക്കാം.
ഇനി പ്രധാനമായ ഒരു ദീർഘകാല ലക്ഷ്യം വിരമിക്കലിനായി പണം സംഭരിക്കുക എന്നതാണ്, അതിന് നിങ്ങളുടെ പണം സംബന്ധിക്കുന്ന കാലയളവിൽ പണം ലഭിക്കുകയും നിക്ഷേപങ്ങൾ നടത്തുകയും ചെയ്യേണ്ടതുണ്ട്, അത് 20 – 30 വർഷം വരെ അല്ലെങ്കിൽ അതിലും കൂടുതൽ ആകാം.
ലക്ഷ്യങ്ങൾ മെച്ചപ്പെടുത്തുവാൻ നമുക്ക് SMART അനാലിസിസ് നടത്താം. ലക്ഷ്യം വ്യക്തമായിരിക്കണം, കണക്കുകൂട്ടാവുന്നതായിരിക്കണം,
നേടാവുന്നതായിരിക്കണം, യാഥാർഥ്യബോധത്തോടെയുള്ളതായിരിക്കണം, കൂടാതെ സമയബന്ധിതമായിരിക്കണം എന്നുള്ളതാണ് സ്മാർട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരു ബജറ്റ് തയ്യാറാക്കിയതിനുശേഷം, നമ്മുടെ കൈയിൽ എത്ര പണം ഒരു മാസം ചെലവുകഴിഞ്ഞു അവശേഷിക്കുമെന്നു അറിയാൻ പറ്റുന്നു. അതുകൊണ്ടു തന്നെ നമുക്ക് ഓരോ ലക്ഷ്യവും നേടാനുള്ള പ്ലാനിംഗ് നടത്താൻ സാധിക്കും.
7. ബജറ്റ് വിലയിരുത്തുക
ഒരു മാസത്തിനു ശേഷം പ്ലാനും യഥാർത്ഥ ചെലവകളും താരതമ്യം ചെയ്ത് വേണ്ട മാറ്റങ്ങൾ അടുത്ത മാസത്തെ ബജറ്റിൽ വരുത്തുക എന്നതാണ് ഈ ഘട്ടം. ബജറ്റിൽ നിങ്ങൾ എത്രത്തോളം ഉറച്ചുനിൽക്കുന്നുവെന്ന് വിലയിരുത്തുന്നത് വളരെ നിർണായകമാണ്. മാസത്തിലുടനീളം പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് പരിശോധിക്കുന്നത് ഒരു ശീലമാക്കുക, ബജറ്റ് ജീവിതത്തിന് അനുയോജ്യമായ രീതിയിൽ തുടർച്ചയായി മെച്ചപ്പെടുത്തുക. ബജറ്റ് വെട്ടിക്കുറവുകൾ ആദ്യം ഒരു നല്ല ആശയമായി തോന്നിയേക്കാമെങ്കിലും, നിങ്ങളുടെ വാങ്ങൽ തീരുമാനങ്ങളും സ്വഭാവവും മെച്ചപ്പെടുത്തുകയാണ് യാഥാർത്ഥ ലക്‌ഷ്യം.
ഉദാഹരണത്തിന്, 50/20/30 മോഡൽ ഉപയോഗിക്കുന്നത് നിങ്ങളുടെ ചെലവുകൾ ക്രമീകരിക്കാൻ സഹായിക്കാം. ഈ മോഡലിൽ, വരുമാനത്തിന്റെ 50 ശതമാനം നിങ്ങളുടെ ഒഴിവാക്കാനാവാത്ത ചെലവുകൾ, 20 ശതമാനം സേവിംഗുകൾ, 30 ശതമാനം മറ്റു ചെലവുകൾ എന്ന രീതിയിൽ ചെലവഴിക്കുക.
ഓർമിക്കുക ബജറ്റിംഗ് ഒരു നിരന്തരമായ യാത്രയാണ്. ബജറ്റ് ഉണ്ടാക്കുന്നത് ആ യാത്രയുടെ ഒരു തുടക്കം മാത്രമാണ്.
Read more: കുറയ്ക്കാം ചെലവും കടവും; ഇതാ ചില മണി ടിപ്സ്