കൊറോണ വൈറസ് മഹാമാരി ഒരുപക്ഷേ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ വേണ്ടിയുള്ള ഒരു മുന്നറിയിപ്പായിരിക്കാം. ആശുപത്രി വാസത്തിന്റെ കാലയളവിനെ ആശ്രയിച്ച്, ചികിത്സാ ചെലവ് ലക്ഷങ്ങളായി ഉയരാം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുള്ളവരുടെ ആശുപത്രി ബില്ലുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അടയ്ക്കുമ്പോള്‍ അതില്ലാത്തവര്‍ക്കു സ്വന്തം പോക്കറ്റില്‍നിന്ന് പണം നല്‍കേണ്ടിവരുന്നു. വര്‍ധിച്ചുവരുന്ന ചികിത്സാ ബില്ലുകള്‍ അടയ്ക്കാനുള്ള തുക സമ്പാദ്യത്തില്‍നിന്ന് മുടക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ എത്രയും വേഗം പെട്ടെന്നു വാങ്ങാനുള്ള സമയമാണിത്.
കൊറോണ വൈറസ് ആരോഗ്യ പദ്ധതികള്‍
കോവിഡ് -19 ഉടനെയൊന്നും ഒഴിഞ്ഞുപോകാൻ ഇടയില്ലാത്ത സാഹചര്യത്തില്‍ കൊറോണ വൈറസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആരംഭിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐആര്‍ഡിഎഐ കഴിഞ്ഞവര്‍ഷം ആവശ്യപ്പെട്ടിരുന്നു. കൊറോണ കവച്ച് പോളിസി, കൊറോണ രക്ഷക് പോളിസി എന്നിങ്ങനെ രണ്ട് കൊറോണ വൈറസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വിപണിയിലുണ്ട്. കോവിഡ് സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് പോളിസിയായ കൊറോണ കവച്ച് പോളിസി ഏതെങ്കിലും ജനറല്‍ അല്ലെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് നിങ്ങള്‍ക്ക് വാങ്ങാനാവും. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ അവ വാഗ്ദാനം ചെയ്യുന്നില്ല. കൊറോണ രക്ഷക് പോളിസി വാങ്ങാനായി ജനറല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിക്കാം.
കൊറോണ കവച്ച് പോളിസി നഷ്ടപരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതിയായതിനാല്‍ ആശുപത്രി ബില്‍ തുക മാത്രമേ ലഭിക്കൂ. കൊറോണ രക്ഷാ പോളിസിയില്‍, ഫിക്‌സഡ് ബെനിഫിറ്റ് പ്ലാന്‍ എന്ന പോലെ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 100 ശതമാനം പോളിസി ഉടമയ്ക്കു ലഭിക്കും. ഇതാണ് ഈ രണ്ടു പ്ലാനുകള്‍ തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം.
എങ്ങനെ സഹായകരമാവും?
കൊറോണ വൈറസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ പ്രാധാന്യം ഇല്ലാതാക്കാന്‍ കഴിയില്ല, പ്രത്യേകിച്ച് ഈ സമയങ്ങളില്‍. അത്തരം പദ്ധതികള്‍ രോഗിയെ ഐസൊലേറ്റ് ചെയ്യല്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം, രോഗനിര്‍ണയം, നിലവിലുള്ള അല്ലെങ്കില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രോഗാവസ്ഥകളുടെ ചികിത്സ എന്നിവയ്ക്കുള്ള ആശുപത്രി ചെലവുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. നിങ്ങളുടെ പ്രായം, താമസിക്കുന്ന നഗരം, ഏതു തരം ആശുപത്രി, നിങ്ങളുടെ നിലവിലുള്ളതും മുന്‍കാലത്തെയും ആരോഗ്യ അവസ്ഥകള്‍ എന്നിവ കണക്കിലെലടുത്ത് മതിയായ ഇന്‍ഷ്വര്‍ തുക തിരഞ്ഞെടുക്കുകയാണ് വേണ്ടത്.
ഹ്രസ്വകാല പ്ലാനുകളായതിനാല്‍ ജീവിതകാലം വരെ നിങ്ങള്‍ പ്രീമിയം അടയ്ക്കണ്ടതില്ല എന്നതാണ് കൊറോണ വൈറസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ മറ്റൊരു നേട്ടം. ഒരു സ്ഥിരം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുന്നതിന് കൊറോണ കവച്ച് പോളിസി അല്ലെങ്കില്‍ കൊറോണ രക്ഷക് പോളിസി വാങ്ങാം. ഏതെങ്കിലും കൊറോണ വൈറസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ക്ലെയിം ഉണ്ടെങ്കില്‍, നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നോ ക്ലെയിം ബോണസിനെ ഉടനടി ബാധിക്കില്ല.
Read Also: സുനില്‍ ധവാന്റെ മറ്റു കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കൊറോണ കവച്ച്, കൊറോണ രക്ഷക് പോളിസികളില്‍ കോവിഡ് -19 ചികിത്സയില്‍ ഉണ്ടാകുന്ന മറ്റു രോഗാവസ്ഥകള്‍ പോലും ഉള്‍ക്കൊള്ളുന്നു. എന്നാല്‍ ഇവ രണ്ടും ഹ്രസ്വകാല പോളിസിയാണ്. ഇത് ഒരു ഹ്രസ്വകാല പ്ലാന്‍ ആയതിനാലും വൈറസിന്റെ പരിവര്‍ത്തനം മൂലം വരാനിരിക്കുന്ന ആഘാതം ഉള്‍പ്പെടെയുള്ളവ കണക്കിലെടുക്കുമ്പോഴും, ഉയര്‍ന്ന തുക ഇന്‍ഷ്വര്‍ ചെയ്യുന്ന ദീര്‍ഘകാല പോളിസി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
അവ പര്യാപ്തമാണോ?
നിങ്ങള്‍ ഒരു കൊറോണ വൈറസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വാങ്ങാന്‍ തീരുമാനിക്കുന്നതിനു മുന്‍പ് അവര്‍ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് അറിയുന്നത് പ്രധാനമാണ്. സാധാരണ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികളുടെ പകരക്കാരായി അവയെ കണക്കാക്കാമോ? ഇരു കൊറോണ വൈറസ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളും കോവിഡ് -19 ല്‍നിന്ന് ഉണ്ടാകുന്ന ആശുപത്രി ചെലവുകള്‍ നിറവേറ്റുന്നതിന് നിങ്ങളെ സഹായിക്കും. എന്നാല്‍ മറ്റേതെങ്കിലും അസുഖം മൂലമാണ് ആശുപത്രിയില്‍ പ്രവേശിക്കുന്നതെങ്കില്‍ ഇത് ബാധകമാവില്ല. അതിനാല്‍, പരിരക്ഷയുടെ വ്യാപ്തി അവയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. കാരണം ഇന്‍ഷുറന്‍സ് കമ്പനികളുടെ ഏക ലക്ഷ്യം കോവിഡ് -19 അനുബന്ധ ആശുപത്രി ചെലവുകള്‍ നിറവേറ്റുക എന്നതാണ്. ഇരു പ്ലാനുകളിലും ഇന്‍ഷ്വര്‍ ചെയ്ത ഏറ്റവും കുറഞ്ഞ തുക 50,000 രൂപയാണെങ്കിലും പരമാവധി പരിരക്ഷ കവച്ച് പോളിസിയില്‍ അഞ്ച് ലക്ഷം രൂപയും രക്ഷക് പോളിസിയില്‍ 2.5 ലക്ഷം രൂപയാണ്.
പരമാവധി തുക നിയന്ത്രിച്ചിരിക്കുന്നതിനാല്‍, കൊറോണ വൈറസ് ആരോഗ്യ പദ്ധതികളെ മെഡിക്ലെയിമിനു പകരമായി കണക്കാക്കരുത്.
നിങ്ങള്‍ക്കും കുടുംബത്തിനുമായി മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി താരതമ്യം ചെയ്ത് നേടുക. പദ്ധതികള്‍ ഹ്രസ്വകാല സ്വഭാവമുള്ളവയാണ്. കാത്തിരിപ്പ് കാലാവധി ഉള്‍പ്പെടെ മൂന്നര മാസം, ആറര മാസം, ഒന്‍പതര മാസം എന്നിങ്ങനെയാണ് പോളിസി കാലയളവുകള്‍. നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കായി, നിങ്ങള്‍ക്കൊരു സ്ഥിരം മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്ലാന്‍ ആവശ്യമാണ്, അത് ആജീവനാന്ത പരിരക്ഷ നല്‍കും.
മെഡിക്ലെയിമിനു പകരമാവില്ല
ആശുപത്രി ചെലവ് നിറവേറ്റുന്നതിനായി സമ്പാദ്യത്തില്‍നിന്ന് തുക എടുക്കുന്നത് ഒഴിവാക്കുകയെന്നതാണ് നിങ്ങള്‍ക്കും കുടുംബത്തിനുമായി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വാങ്ങേണ്ടതിന്റെ ആവശ്യകത. മെഡിക്ലെയിം പദ്ധതികള്‍ വളരെ സമഗ്രമാണ്. കൂടാതെ അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ ചെലവുകള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. പ്രസവ പരിരക്ഷ, ഒപിഡി, ഡേ കെയര്‍ ചികിത്സകള്‍ തുടങ്ങിയ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പരിരക്ഷയുടെ പരിധി വിശാലമാണ്.
അതിനാല്‍, ഒരു സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കു പകരമായി കൊറോണ വൈറസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പരിഗണിക്കരുത്. കൊറോണ കവച്ച് പോളിസിയും കൊറോണ രക്ഷക് പോളിസിയും നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്ക് പകരമാവില്ല. പക്ഷേ നിങ്ങളുടെ നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ഇതു സഹായകമാകും. നിങ്ങള്‍ ഇതുവരെ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടില്ലെങ്കില്‍, എല്ലാതരം അപകടസാധ്യതകളിൽനിന്നും പരിരക്ഷ നേടുന്നതിനായി, തയാറാക്കിയ ആരോഗ്യ പരിരക്ഷാ പോളിസിയെക്കുറിച്ച് ആലോചിക്കാനുള്ള സമയമാണിത്.
ഈ ലേഖനം ഇംഗ്ലിഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- നേരത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ പ്രവര്‍ത്തിച്ചിരുന്ന സുനില്‍ ധവാന്റെ ഉള്‍ക്കാഴ്ച, ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങുമ്പോള്‍ തീരുമാനങ്ങളെടുക്കുന്നതില്‍ വായനക്കാര്‍ക്ക് പ്രയോജനമായേക്കാം