scorecardresearch
Latest News

ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിന്റെ ഗുണങ്ങള്‍

മതിയായ പരിരക്ഷാ തുകയ്ക്ക് ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങുന്നത് നിങ്ങളുടെ കുടുംബാംഗങ്ങളുടെ സ്വപ്നങ്ങള്‍, അഭിലാഷങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ പാളം തെറ്റുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശരിയായ നടപടിയാണ്

ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിന്റെ ഗുണങ്ങള്‍

ഓണ്‍ലൈന്‍ ജീവിതത്തിന്റെ കാലമാണിത്, പ്രത്യേകിച്ച് പുതിയ തലമുറയുടേത്. സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നതു മുതല്‍ രാജ്യാന്തര അവധിയാത്രകള്‍ ബുക്ക് ചെയ്യുന്നതുവരെ നമ്മളില്‍ പലര്‍ക്കും ആദ്യ തിരഞ്ഞെടുപ്പായി ഓണ്‍ലൈന്‍ മാധ്യമം മാറി. എന്തിനധികം, ഒരാളുടെ സാമ്പത്തിക ജീവിതം അടുക്കും ചിട്ടയിലുമാക്കാന്‍ വരെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കുന്നു.

ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായുള്ള സമ്പാദ്യത്തിനു സഹായിക്കുന്ന, നേരിട്ടുള്ള ഇക്വിറ്റി, മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള മൂലധന വിപണി ഉല്‍പ്പന്നങ്ങളിലേക്ക് പ്രവേശിക്കാന്‍ നിക്ഷേപക പ്ലാറ്റ്‌ഫോമുകളുണ്ട്. അതുപോലെ, ജീവിതത്തിലെ സാമ്പത്തിക വെല്ലുവിളികള്‍ സുരക്ഷിതമാക്കുന്ന ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും ഓണ്‍ലൈനായി വാങ്ങാന്‍ കഴിയും.

ലൈഫ് ഇന്‍ഷുറന്‍സിന്റെ ഏറ്റവും അടിസ്ഥാനപരമായ ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ വെബ്സൈറ്റില്‍നിന്ന് നേരിട്ടോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് അഗ്രഗേറ്ററുടെ വെബ്സൈറ്റില്‍നിന്നോ ഓണ്‍ലൈനായി വാങ്ങാം.

ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്സൈറ്റില്‍നിന്ന് നേരിട്ട് ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍, പോളിസി കരാറില്‍ മാറ്റമൊന്നുമുണ്ടാകുന്നില്ല. നഷ്ടമാകുന്ന ഒരേയൊരു കാര്യം ഇന്‍ഷുറന്‍സ് ഏജന്റിന്റെ അല്ലെങ്കില്‍ ഇടനിലക്കാരന്റെ പങ്ക് മാത്രമാണ്. പോളിസി മാറ്റങ്ങള്‍ക്കോ ക്ലെയിമുകള്‍ക്കോ നിങ്ങള്‍ക്കും നോമിനികളായ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുററുമായി നേരിട്ട് ബന്ധപ്പെടേണ്ടി വരും.

ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിന്റെ ചില സവിശേഷ ഗുണങ്ങള്‍ ഇതാ:

ലളിതമായ വാങ്ങല്‍ പ്രക്രിയ

ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് ലളിതവും എളുപ്പവുമാണ്. ഈ കാര്യം നിങ്ങളുടെ വീടിന്റെയോ ഓഫീസിന്റെയോ സൗകര്യങ്ങളില്‍നിന്ന് പൂര്‍ത്തിയാക്കാനും കഴിയും. പ്രായം, ലിംഗഭേദം, സം അഷ്വേര്‍ഡ് (പരിരക്ഷാ തുക), പരിരക്ഷ ആവശ്യമുള്ള കാലയളവ് എന്നി വിശദാംശങ്ങള്‍ നല്‍കണം. ഈ വസ്തുകതകളെ അടിസ്ഥാനമാക്കി, പ്രതിവര്‍ഷ, അര്‍ധവാര്‍ഷിക, ത്രൈമാസ, അല്ലെങ്കില്‍ മാസംതോറും അടയ്ക്കേണ്ടുന്ന പ്രീമിയം തുക എത്രയെന്ന് കണക്കാക്കാന്‍ ഓണ്‍ലൈന്‍ ടേം ഇന്‍ഷുറന്‍സ് കാല്‍ക്കുലേറ്റര്‍ നിങ്ങളെ സഹായിക്കുന്നു.

നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ കാലയളവും പരിരക്ഷാ തുകയും മാറ്റുകയോ പരിഷ്‌കരിക്കുകയോ ചെയ്യാം. ശരിയായ ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ നിങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍, പണമടയ്ക്കല്‍ പ്രക്രിയ പൂര്‍ണമായും ഡിജിറ്റലാണ്. രേഖകള്‍ സമര്‍പ്പിക്കുന്നതും ഓണ്‍ലൈനിലാണ്. ആവശ്യമെങ്കില്‍ മെഡിക്കല്‍ രേഖകള്‍ സംബന്ധിച്ച കാര്യങ്ങള്‍ മാത്രമേ ഓഫ്ലൈനില്‍ പൂര്‍ത്തിയാക്കേണ്ടതുള്ളൂ.

പ്രീമിയം തുകയിലെ ലാഭം

ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിന്റെ ഏറ്റവും വലിയ നേട്ടം കുറഞ്ഞ ചെലവാണ്. പ്രായം, പരിരക്ഷാ തുക, പരിരക്ഷാ കാലാവധി എന്നിവ പോലുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍, ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ പ്രീമിയം തുക ഓഫ്ലൈനില്‍ വാങ്ങുന്നതിനേക്കാള്‍ 25 ശതമാനം അല്ലെങ്കില്‍ അതിലേറെയും കുറവാണ്. ഓണ്‍ലൈന്‍ വാങ്ങലില്‍ ഇടനിലക്കാരന്‍ ഇല്ലാത്തതിനാല്‍, സാധാരണഗതിയില്‍ ഇന്‍ഷുറന്‍സ് കമ്പനി പോളിസി ഉടമയില്‍നിന്ന് ഈടാക്കുന്ന ചെലവ് ലാഭിക്കാന്‍ കഴിയുന്നു.

കൂടുതല്‍ സാധ്യതകള്‍

ഓണ്‍ലൈനായിക്കഴിഞ്ഞാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ കൂട്ടുന്നതോ കുറയ്ക്കുന്നതോ പോലുള്ള മറ്റ് തരത്തിലുള്ള ടേം ഇന്‍ഷുറന്‍സ് പ്ലാനുകളുടെ സാധ്യതകള്‍ ആരായാന്‍ കഴിയും. ഒരാളുടെ പ്ലാനില്‍ പരിക്ഷാ പരിധി വര്‍ധിപ്പിക്കാന്‍ റൈഡേഴ്‌സ് എന്ന് വിളിക്കുന്ന (ആക്‌സിഡന്റല്‍ റൈഡര്‍, മെഡിക്കല്‍ റൈഡര്‍) ഐച്ഛിക ആനുകൂല്യങ്ങള്‍ ചേര്‍ക്കാന്‍ കഴിയും. ഇന്‍ഷുറന്‍സ് അഗ്രഗേറ്ററുടെ പ്ലാറ്റ്ഫോമില്‍, വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പദ്ധതികളും സവിശേഷതകളും ഒരിടത്തുതന്നെ പരിശോധിക്കാന്‍ കഴിയും.

നിയന്ത്രണം വാങ്ങുന്നയാള്‍ക്ക്

ഓണ്‍ലൈന്‍ ഉപഭോക്താവ് എന്ന നിലയില്‍, വാങ്ങുന്നതിന്റെ പൂര്‍ണ നിയന്ത്രണം നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ മെഡിക്കല്‍, കുടുംബ ചരിത്രം വെളിപ്പെടുത്തുന്നതു മുതല്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പോളിസികളുടെ വിശദാംശങ്ങള്‍ നല്‍കുന്നത് വരെ, ഓണ്‍ലൈനായി അപേക്ഷാ ഫോം പൂരിപ്പിക്കുന്നതില്‍ സുതാര്യത നിലനിര്‍ത്തുന്നു. ഓണ്‍ലൈനില്‍ വാങ്ങിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് ഓഫ്ലൈനില്‍ വാങ്ങിയതിനേക്കാള്‍ ഉയര്‍ന്ന സ്ഥിരതാനുപാതമുണ്ടെന്നാണു നിരീക്ഷണം.
പോളിസി ഉടമകള്‍ കാലാവധി വരെ പ്രീമിയം അടയ്ക്കുന്നുവെന്നും ഇടയ്ക്കുവച്ച് പിന്മാറുന്നില്ലെന്നുംന്നും ഉയര്‍ന്ന സ്ഥിരതാ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് ഒരു തരത്തില്‍ വാങ്ങുന്നയാളുടെ വിവേകപൂര്‍വമായ വാങ്ങല്‍ തീരുമാനം കാണിക്കുന്നു.

സമ്പര്‍ക്ക കേന്ദ്രങ്ങള്‍

ഒരു ടേം പ്ലാന്‍ വാങ്ങുന്നയാള്‍ക്ക് അത് ഓണ്‍ലൈനില്‍ വാങ്ങിയതാണെങ്കില്‍ പോലും എപ്പോഴും ഒരു സമ്പര്‍ക്ക ബിന്ദുവുണ്ട്. നിങ്ങള്‍ ഇന്‍ഷുറന്‍സ് അഗ്രിഗേറ്ററുടെ പ്ലാറ്റ്ഫോമില്‍നിന്ന് പോളിസി വാങ്ങുകയാണെങ്കില്‍, സഹായം ഒരു ഫോണ്‍ കോള്‍ അകലെയുണ്ട്. നിങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് നേരിട്ട് വാങ്ങുമ്പോഴും അത് സമാനമാണ്. പോളിസി വാങ്ങുന്നതിനു മുന്‍പ് ഇന്‍ഷുന്‍സ് കമ്പനി അധികൃതരുമായോ ഇന്‍ഷുറന്‍സ് അഗ്രഗേറ്റര്‍ വെബ്സൈറ്റിന്റെ എക്‌സിക്യൂട്ടീവിനോടോ സംസാരിക്കുന്നത് നല്ലതാണ്. പോളിസിയില്‍ ചേരുന്നതിനായി രേഖകള്‍ സമര്‍പ്പിക്കല്‍, മെഡിക്കല്‍ പരിശോധനകള്‍ എന്നിവ പൂര്‍ത്തിയാക്കുക. പണമടച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് പോളി രേഖകള്‍ ഇ-മെയില്‍ വഴിയും തപാല്‍ വഴിയും ലഭിക്കും.

അവസാനമായി, നിങ്ങളുടെ നോമിനികള്‍ക്ക് പോളിസിയെക്കുറിച്ചും പോളിസി രേഖകളെക്കുറിച്ചും അറിയാമെന്ന് ഉറപ്പാക്കുക. കാര്യങ്ങള്‍ ലളിതമാക്കാനും പോളിസി പുതുക്കല്‍ തീയതി മറക്കുന്നത് ഒഴിവാക്കാനും നിശ്ചിത തീയതിയില്‍ അക്കൗണ്ടില്‍നിന്ന് തുക നല്‍കാന്‍ നിങ്ങളുടെ ബാങ്കിനു രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ നല്‍കുക.

Read More: സുനില്‍ ധവാന്‍ എഴുതിയ മറ്റു കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മതിയായ പരിരക്ഷാ തുകയ്ക്ക് ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങുന്നത് നിങ്ങളുടെ കുടുംബാംഗങ്ങളുടെ സ്വപ്നങ്ങള്‍, അഭിലാഷങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ പാളം തെറ്റുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശരിയായ നടപടിയാണ്. ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ നിങ്ങളുടെ വരുമാനം  ഉറപ്പാക്കുന്ന ഒരു ഉപകരണമായി പ്രവര്‍ത്തിക്കുന്നു.

നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഒരു പൈസ പോലും ലാഭിക്കുന്നതിന് മുമ്പുതന്നെ മിക്ക ധനകാര്യ ആസൂത്രകരും ടേം ഇന്‍ഷുറന്‍സ് വാങ്ങാന്‍ നിര്‍ദേശിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല.

  • മുന്‍കാലങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ പ്രവര്‍ത്തിച്ചിരുന്ന സുനില്‍ ധവാന്‍റെ ഉള്‍ക്കാഴ്ച, ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങുമ്പോള്‍ തീരുമാനങ്ങളെടുക്കുന്നതില്‍ വായനക്കാര്‍ക്ക് പ്രയോജനമയേക്കാം

Stay updated with the latest news headlines and all the latest Money news download Indian Express Malayalam App.

Web Title: Advantages of buying term insurance plan online know before purchasing

Best of Express