scorecardresearch

പ്രതിസമര നായകര്‍-യാസര്‍ അറഫാത്ത് എഴുതിയ കഥ

മലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് നാടൊടുട്ടുക്കും ഒരു തീരുമാനമെടുത്തു. മലയടിവാരത്തില്‍ ഒരു കുടിലൊരുങ്ങിയത് പൊടുന്നനെയാണ്. ഒരു കല്യാണപ്പന്തലൊരുക്കുന്നതിന്റെ ആരവത്തോടെയാണ് അവരത് നിര്‍മിച്ചത്. ‘കൊടങ്കാട്ടു മല’ നോവലിന്റെ മുഖചിത്രവും കുടിലിനു മുന്നില്‍ വരച്ചു ചേര്‍ത്തു

yasar arafath, story, iemalayalam

ഒന്ന്

മകരമെത്തിയിട്ടും മരം കോച്ചാതിരുന്നൊരു പ്രഭാതത്തില്‍ നാരായണന്‍ പ്രഫസര്‍ പതിവു പോലെ പത്ര വായന തുടങ്ങി. തരിശായിക്കിടക്കുന്ന തലയില്‍ ഇടയ്ക്കിടെ തടവിയും ചന്തിയുടെ ഇരു കരകളിലേക്കും മാറിമാറി ബലം കൊടുത്തും ഒരു പ്രത്യേക താളത്തിലാണ് പ്രഫസറുടെ പത്ര വായന. പത്രം വരുത്തുന്നത് മാട്ട മൂപ്പരാണെങ്കിലും അതില്‍ ആദ്യം സ്പര്‍ശിക്കാനുള്ള അവകാശം അയാള്‍ക്കാണ്. വായിച്ചതത്രയും മാളോരോട് ഹരം പിടിച്ച് വിവരിക്കുന്നതും ഇദ്ദേഹത്തിന്റെയൊരു ശീലമാണ്.

“അമ്പമ്പോ…ഇദാരാണിപ്പോ,” നാരായണന്‍ പത്രക്കടലാസുമായി ഇരുന്നിടത്തു നിന്നും പെട്ടെന്നൊന്നു പൊന്തി. അതിലെ അസ്വാഭാവിക കണ്ട് പോത്തു ദാമോദരന്‍ മുറുക്കുന്നത് ഒരു നിമിഷത്തേക്ക് നിര്‍ത്തി അയാളെ വല്ലാത്തൊരു നോട്ടം നോക്കി.

“ഇയ്യാള് മ്പളെ എയ്ത്തച്ചനല്ലേ”

എഴുത്തച്ഛനെന്താ പത്രത്തില്‍ കാര്യമെന്നു നിനച്ച് പോത്തു ദാമോദരന്‍ നാരായണന്‍ നീട്ടിയ കടലാസിലേക്ക് കണ്ണെറിഞ്ഞു. പടത്തിനടിയിലെ പേരു മറ്റൊന്നായിരുന്നെങ്കിലും ആളതു തന്നെയെന്ന് ദാമോദരനും ഉറപ്പിച്ചു.

“കടലാസിലൊക്കെ മോറ് കാണിക്കാന്‍ മാത്രം കോപ്പ്ള്ള ഭയങ്ക്രനാ…”

“അദ്ദാണ് പറഞ്ഞത്… ആരേം അണ്ടറെസ്റ്റിമേറ്റ് ചെയ്യര്ത്ന്ന്…”

നാരായണ വചനം കേട്ട് പോത്തിന്റെ കണ്ണുകള്‍ പിന്നെയും തുറിച്ചുന്തി. അപ്പറഞ്ഞതിന്റെ അര്‍ഥം അയാള്‍ക്ക് തിരിഞ്ഞില്ല. വര്‍ത്തമാനം പറയുന്നതിനിടെ ഇമ്മാതിരി പ്രയോഗങ്ങള്‍ നടത്തുന്നതിനാലാണ് നാരായണന് പ്രഫസര്‍ എന്നൊരു പേരുകൂടെ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.

“എന്താപ്പം അണ്ടറെസ്റ്റിമേറ്റിന്റെയൊരു പ്രശ്‌നം…”

മരത്തട്ടുകളില്‍ നിരത്തി വച്ച പലചരക്കു സാമാനങ്ങള്‍ക്കിടയിലെ പൊടിയും പല്ലിക്കാട്ടവുമെല്ലാം തൂത്തു വൃത്തിയാക്കുകയായിരുന്ന മാട്ടമൂപ്പരുടെ നാവ് പീടികയുടെ പുറത്തേക്ക് തള്ളി വന്നു. ദാമോദരന്റെ കൈയ്യില്‍ നിന്നും കടലാസ് പറിച്ചു വാങ്ങി നാരായണന്‍, മാട്ടയുടെ നേരെ നീട്ടി. കണ്ണും നെറ്റി കയറി തലയും പത്രക്കടലാസിലൂടെ ഉരുട്ടിയതിനു ശേഷം മാട്ട രസകരമായൊന്നു ചിരിച്ചു.yasar arafath, story, iemalayalam
“ഇത്തിരി ലൂസാണ്‌ന്നൊക്കെ തോന്നെങ്കിലും സാദാരണ ലെവലല്ല ആള്…ഇനിക്കന്നേ മനസ്സ്‌ലായ്ക്ക്ണ്…”

നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു പെട്ടെന്നങ്ങാടിയുടെ കിഴക്കേ ഭാഗത്തുള്ള റേഷന്‍ മാമയുടെ വീടിനരികിലായി അയാള്‍ താമസിക്കാന്‍ വരുന്നത്. വെളിച്ചം മടിച്ചു മടിച്ചു മാത്രം കയറുന്നൊരു ഓടിട്ട വീടായിരുന്നു അത്. അതു കാരണം ഏറെപ്പേരൊന്നും അവിടെ പാര്‍ക്കാന്‍ വരാറില്ല. പാര്‍ത്തവരാകട്ടെ ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ടു തന്നെ തടി കാലിയാക്കുകയും ചെയ്യും.

വീടിനു ചുറ്റും ഉയരമുള്ള മരങ്ങളാണ്. മരക്കൊമ്പുകളിലെല്ലാം പരുക്കന്‍ സ്വരം പുറപ്പെടുവിക്കുന്ന കിളികളായിരുന്നു. ഇടയക്കിടെ മുറ്റത്തൂടെ ഇഴജീവികള്‍ ചലിക്കുന്നത് കാണാം. വാടകത്തുക കുറച്ചു കൊടുത്താല്‍ മതിയെന്നതു മാത്രമായിരുന്നു ആ വീടിനോടുള്ള ഏക പ്രലോഭനം.

വല്ലപ്പോഴും അങ്ങാടിയിലേക്ക് സാധനം വാങ്ങാന്‍ വരുമ്പോള്‍ മാത്രമേ, നാട്ടുകാര്‍ അയാളെ കണ്ടിട്ടുള്ളൂ. അപ്പോഴാകട്ടെ അയാള്‍ ആരോടും സംസാരിക്കാന്‍ നിന്നതുമില്ല. ആരെങ്കിലും അങ്ങോട്ടു എന്തെങ്കിലും ചോദിച്ചാല്‍ തന്നെ രണ്ടക്ഷരങ്ങള്‍ മാത്രമുള്ള വാക്കില്‍ എല്ലാമൊതുക്കി പിന്‍വാങ്ങിക്കളയും. നീണ്ട മൂക്ക്, തീക്ഷ്ണമായ കണ്ണുകള്‍, പിന്നിലേക്ക് നീണ്ട മുടി.

മുറ്റത്തിന്റെ അതിരിലുള്ള ഇലഞ്ഞിച്ചോട്ടില്‍ പഴകിയൊരു കസേരയിലിരുന്നു എന്തൊക്കെയോ കുത്തിക്കുറിക്കുന്നതു മാത്രമാണ് പെട്ടന്നങ്ങാടിക്കാര്‍ ആകെ കണ്ടിട്ടുള്ളത്. അസ്തമിക്കുന്നതിനു മുന്നേ ഇരുട്ടു കയറുന്ന അവിടെ പാതിരയാവോളം മെഴുകുതിരിയോ മേശവിളക്കോ മുനിഞ്ഞു കത്തുന്നത് കാണാം. കടലാസിലേക്കല്ലാതെ അയാളുടെ നോട്ടം ചെന്നെത്താറുമില്ല. അതുകൊണ്ടു തന്നെ പെട്ടെന്നങ്ങാടിക്കാര്‍ അയാളെ എഴുത്തച്ഛന്‍ എന്നു വിളിച്ചു.
“ഇയാക്കൊരു സ്വീകരണം കൊട്ക്കണല്ലോ,” മാട്ട മൂപ്പര്‍ തന്റെ തുടയിടുക്കില്‍ രസം പിടിച്ച് ചൊറിഞ്ഞു.

രണ്ട്

“ആത്മാക്കള്‍ക്ക് സാനം കൊട്ക്കാനാണ്.”

കോഴികൂവും മുമ്പേ വേലന്‍ തന്ത കട തുറക്കും. ചിരപുരാതനമായ റാന്തല്‍ വിളക്ക് കടയുടെ മുന്‍വശത്ത് തൂക്കിയിടും. ആരും ആ സമയം സാധനം വാങ്ങാന്‍ വരാറില്ലെങ്കിലും അയാളങ്ങനെ വര്‍ഷങ്ങളോളം ചെയ്തു പോന്നു. പെട്ടെന്നങ്ങാടിയുടെ പടിഞ്ഞാറെ ഭാഗത്ത് ഒരു ശ്മശാനമുണ്ട്. തന്ത കട തുറക്കുന്ന നേരമാകുമ്പോള്‍ കുഴിമാടങ്ങള്‍ തുറന്ന് ചിലര്‍ അവിടേക്ക് വരാറുണ്ട്. അല്‍പം നാട്ടുകാര്യങ്ങള്‍ പറഞ്ഞ് രണ്ട് വലിയൊക്കെ വിട്ട് വെളിച്ചം വരുന്നതിനു മുമ്പേ, മണ്ണടരുകളില്‍ പോയി കിടക്കും.

പെട്ടെന്നങ്ങാടി എന്ന പേരുണ്ടാകുന്നതിനു മുമ്പേ അവിടെ കച്ചവടം നടത്തുന്ന ആളാണ് വേലന്‍ തന്ത. ബീഡി, സിഗരറ്റ്, മുറുക്കാന്‍, കാര സോപ്പ്… അങ്ങനെ ചുരുക്കം ചില സാധനങ്ങളെ തന്തയുടെ കടയിലുണ്ടായിരുന്നുള്ളൂ. അതില്‍ കൂടുതലെന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍ ആളുകള്‍ക്ക് പതിനൊന്നാം മൈലിലേക്കോ പുതുക്കോട്ടേക്കോ പോകേണ്ടതുണ്ടായിരുന്നു. അന്തി കഴിഞ്ഞാല്‍ വീണ്ടും അയാള്‍ കടയുടെ ഇറയത്തായി റാന്തല്‍  തൂക്കിയിടും. നിസരിയിലെ സെക്കന്റ് ഷോ കഴിഞ്ഞ് ചെക്കന്‍മാര്‍ മടങ്ങിയെത്തിയാലേ അത് അണയ്ക്കാറുണ്ടായിരുന്നുള്ളൂ. പടിഞ്ഞാറു ഭാഗത്തുള്ള ശ്മശാനത്തിനരികിലൂടെ വരുന്നവര്‍ക്ക് അതൊരാശ്വാസം തന്നെയായിരുന്നു.

“ആള് കലാകാരനാണെന്ന് ഇനിക്കറ്യാ…കലാകാരനാകണെങ്കി നെറ്റിപ്പട്ടം കെട്ടണന്നില്ല…”  തന്ത വലിയ ഒച്ചയില്‍ അലറി. സത്യത്തില്‍ അയാള്‍ പതുക്കെ പറയുന്നതാണ്. എത്ര ഒച്ച താഴ്ത്തിപ്പറഞ്ഞാലും ഇടികുടുക്കം പോലെയേ അത് പുറത്തു വരൂ.yasar arafath, story, iemalayalam
പെട്ടെന്നങ്ങാടിയുടെ തെക്കു ഭാഗത്ത് ഒരാള്‍ താമസിച്ചിരുന്നു. ചാലിയാറിന്റെ വക്കിലുള്ള ഒരു പമ്പ് ഹൗസിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. അയാളുടെ വീടിനു മുന്‍വശത്ത് ആര്‍ക്കും കാണാവുന്ന വിധത്തില്‍ ഒരു ബോഡില്‍ നോവലിസ്‌റ്റെന്നും കവിയെന്നും എഴുതി വച്ചിരുന്നു. പക്ഷേ, ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ അയാളുടെ പേര് അച്ചടിച്ചു വന്നതായി നാട്ടുകാര്‍ ആരും കണ്ടിട്ടില്ല. അയാളെ അനുസ്മരിച്ചാണ് വേലന്‍ തന്ത അതു പറഞ്ഞത്.

“കൊടങ്കാട്ടു മല…”  നാരായണന്‍ പ്രഫസര്‍ പിന്നെയും ആ പേര് ഉരുവിട്ടുകൊണ്ടിരുന്നു. മാട്ട മൂപ്പര്‍ കട തുറക്കാന്‍ വൈകിയതിനാലാണ് തന്തയുടെ അടുത്തേക്ക് പ്രഫസര്‍ വന്നത്. വാര്‍ത്ത വായിച്ച ഉടനെ അതു പങ്കുവെക്കാന്‍ ആളില്ലാതെ പോയി. ഇതിപ്പോള്‍ രണ്ടാമത്തെ അവാര്‍ഡു വിവരമാണ്.
“ദ്പ്പം മ്പളെ മലേന്റെ പേരല്ലേ…?”

പെട്ടെന്നങ്ങാടിയില്‍ നിന്ന് അല്‍പം കിഴക്കോട്ടു മാറി സ്ഥിതി ചെയ്യുന്ന കുന്നാണ് അത്. അതിന്റെ കുറേ ഭാഗങ്ങള്‍ മണ്ണെടുത്തു പോയിട്ടുണ്ട്. എങ്കിലും അതിന്റെ ചാരുതയ്ക്ക് അത്ര ഭംഗം വന്നിട്ടൊന്നുമില്ല. എപ്പോഴും സുഖമുള്ള കാറ്റാണ് അവിടെ. അവിടെ നിന്ന് നോക്കിയാല്‍ ചുറ്റുപാടും മലനിരകളാണ്. പച്ചത്തഴപ്പുകളും ചിറകടിച്ചുയരുന്ന പറവകളുമെല്ലാം കാഴ്ചക്ക് കുളിരു നല്‍കുന്നു.

“ഞ്ഞിപ്പം മ്പളൊക്കെ ഇതില് കഥാപാത്രാണ്ന്ന് വര്വോ…”  വേലന്‍ തന്തക്ക് കൗതുകമായി.

“ഒന്നും പറയാമ്പറ്റൂല…മൂപ്പര് ആരോടൊന്നും ചോദിച്ചില്ലേലും എല്ലാര്ടിം മോന്തമ്മലേക്ക് ങ്ങനെ നോക്കല്‌ണ്ടൈനി…”  മാട്ട മൂപ്പരാണ്. കട തുറക്കാനുള്ള വരവാണ്. കൊന്ത്രമ്പല്ല് പുറത്തു കാണും വിധം മൂപ്പരൊന്ന് ചിരിച്ചു.

“എന്തായാലും സംഗതി ജോറാണ്…രണ്ടായ്ച്ചന്റുള്ളില് രണ്ടാമത്തെ അവാര്‍ഡാ…”  നാരായണന്‍ പത്രം ചുരുട്ടി മാട്ടയുടെ കൈയ്യില്‍ കൊടുത്തു.

“മൂപ്പര്‌ക്കൊര് സ്വീകരണം കൊട്ക്കണം. അദ് മസ്റ്റാ…” മാട്ട തന്നെയാണ് ഇക്കുറിയും സ്വീകരണ കാര്യത്തെ കുറിച്ച് ഓര്‍മിപ്പിച്ചത്.

മൂന്ന്

വളരെ പെട്ടെന്നുണ്ടായൊരു അങ്ങാടി തന്നെ. അതിനേക്കാള്‍ മാട്ടയുടെ കലാബോധമാണ് അങ്ങനെയൊരു പേരു വരാന്‍ കാരണം.
കാരിമൂപ്പരുടെ പത്തുസെന്റ് നിലം വാങ്ങി രണ്ടുമുറി പണിയിച്ചതോടെയാണ് അതിന്റെ ചരിത്രം തുടങ്ങുന്നത്. തന്റെ പറമ്പിലെ തേങ്ങയും അടക്കയും പിന്നെ പണിയുപകരണങ്ങളും സൂക്ഷിക്കാനൊരിടം എന്നേ മാട്ട കരുതിയിരുന്നുള്ളൂ. പണി ഏകദേശം പൂര്‍ത്തിയായി വരുമ്പോഴാണ് തെങ്ങിലെയും കവുങ്ങിലെയും കായ്ഫലങ്ങള്‍ കുറയുന്നത്. പിന്നെ പണിയുപകരണങ്ങള്‍ സൂക്ഷിക്കാനായി രണ്ടു മുറികളുടെ ആവശ്യവും ഇല്ല. മാട്ടക്ക് അപ്പോള്‍ തോന്നിയ വെളിവാണ് പലചരക്കു കടയായി രൂപാന്തരം പ്രാപിച്ചത്.

പത്തു കിലോ പഞ്ചസാരയും രണ്ടു ചാക്കരിയും പെട്ടിയോട്ടോയില്‍ കൊണ്ടിട്ട് തുടങ്ങിയതാണ് മാട്ടയുടെ കട. അല്‍ഭുതകരമെന്നു പറയട്ടെ ഒരൊറ്റ ദിവസം കൊണ്ടു തന്നെ കടയെല്ലാം കാലിയായി. രാമനാട്ടുകരച്ചന്തയില്‍ നിന്ന് പിന്നെയും പെട്ടിയോട്ടോ കയറി സാധനങ്ങളെത്തി. തന്റെ രണ്ടാമത്തെ മുറിയില്‍ കാരംസുകളിക്കാന്‍ സജ്ജീകരണങ്ങള്‍ ചെയ്തതോടെ ചെറുപ്പക്കാര്‍ മാട്ടയുടെ കടയെ ചുറ്റിപ്പറ്റി നിന്നു. കളിച്ചു തളരുമ്പോള്‍ അവര്‍ക്കു കുടിക്കാന്‍ ചായയും സര്‍ബത്തുമൊക്കെയായി പൂള അബു ഒരു കുടിലു കെട്ടി. കടം പോകാന്‍ തുടങ്ങിയതോടെ കൃത്യം മൂന്നാം ദിനം അയാള്‍ മേശയും സ്റ്റൂളുമെല്ലാം പുരയിലേക്കു തന്നെ കെട്ടിയെടുത്തു.

“തൊയിലും കൂലീംല്യാത്ത കുണ്ടമ്മാരെക്കണ്ട് ചായ പാരാന്‍ നിന്നന്നെ വേണം തല്ലാന്‍…” കുറുകാന്‍ വന്ന പാത്തുവിനോട് അയാള്‍ കെറുവിച്ചു.
പീടികയുടെ വശത്തേക്ക് തണലു കെട്ടിയിറക്കി മാട്ട പിന്നെയും കാരംസ് ബോര്‍ഡുകളിറക്കി. ആളുകൂടി. അതുകണ്ട് മേശയും മരബെഞ്ചുമെടുത്ത് കല്ലന്‍ കുമാരന്‍ ചായയടിക്കാന്‍ തുടങ്ങി. തുടങ്ങിയാല്‍ കുടുങ്ങി എന്നു പറഞ്ഞമാതിരി നാലാം നാള്‍ അയാളും സമാവാറു കെടുത്തി പുരമിറ്റത്തു കൊണ്ടു വച്ചു. അല്‍പം കിതപ്പോടെ അബു പറഞ്ഞ വാക്യം തന്നെ ആവര്‍ത്തിച്ചു. ‘തൊയിലും കൂലീംല്യാത്ത കുണ്ടമ്മാരെക്കണ്ട് ചായ പാരാന്‍ വന്നന്നെ വേണം തല്ലാന്‍…’ അതുകേട്ട കുമാരന്റെ ഭാര്യ രണ്ടെണ്ണം പൊട്ടിച്ചു കൊടുത്തു.yasar arafath, story, iemalayalam
അങ്ങനെ തുടര്‍ച്ചയായ നാലു ചായക്കുടിലുകള്‍ അവിടെ വരികയും പോകുകയും ചെയ്തു. എന്നാല്‍ മാട്ടയുടെ പലചരക്കു പീടിക മാത്രം തളര്‍ന്നില്ല. പെട്ടെന്നങ്ങാടിയുടെ പതാകമരമായി അതങ്ങനെ നിന്നു.

“ന്നാലും മൂപ്പര് ഇത്ര കൃത്യായി ഇദൊക്കെ എങ്ങനെ എയ്തീന്നാണ് ഞാനാലോചിക്കണത്…”

ആരോടും സംസാരിക്കാത്ത, അതൊരു അങ്ങാടിയായി രൂപാന്തരപ്പെട്ടു വരുന്ന കാലത്ത് അവിടെയില്ലായിരുന്ന എഴുത്തച്ഛന്‍ എങ്ങനെ ഇത്ര കൃത്യമായി പെട്ടെന്നങ്ങാടിയുടെ ചരിത്രം നോവലില്‍ കൊരുത്തുവെച്ചുവെന്നോര്‍ത്ത് നാരായണന്‍ പ്രഫസറും മാട്ടയും മൂക്കത്ത് വിരല്‍ വച്ചു. അതിലേക്കാളേറെ തന്നെയും തന്റെ കടയേയും കഥാപാത്രമാക്കിയതിലുള്ള ആശ്ചര്യം കലര്‍ന്ന സന്തോഷം മാട്ടയുടെ കവിളില്‍ തുടിച്ചു നിന്നു. കോഴിക്കോട്ടെ പ്രമുഖ പുസ്തകശാലയില്‍ നിന്നാണ് നാരായണന്‍ ആ പുസ്തകം സംഘടിപ്പിച്ചത്. ഒരു രാത്രിയത്രയും ഉറക്കമിളച്ചിരുന്ന് നാരായണന്‍ അതു മുഴുവന്‍ വായിച്ചു.

“കൊടങ്കാട്ടു മല എവിടെയാണ്?”

അങ്ങാടിയിലേക്ക് ഇരച്ചു വന്ന ഒരു ബൈക്ക് മാട്ടയുടെ കടയുടെ മുന്നില്‍ ബ്രേക്കിട്ടു. പുതു തലമുറയുടെ എല്ലാ ലക്ഷണങ്ങളും അവരില്‍ ഉണ്ടായിരുന്നു. സ്‌പൈക്ക് ചെയ്ത മുടി. ഒറ്റക്കാതില്‍ കുടുക്കിയ കമ്മല്‍ പറ്റ്, കണ്‍മഷിയിട്ട പുരികങ്ങള്‍.

“എവിടന്നു വരുന്നു?” നാരായണന്‍ തന്റെ കയ്യിലെ പുസ്തകം മടക്കി കക്ഷത്തു വച്ചു. അയാളുടെ ആ ചോദ്യം ചെറുക്കന്‍മാര്‍ക്ക് ഇഷ്ടമായില്ലെന്ന് തോന്നി.

“പത്തമ്പത് കിലോമീറ്ററ് ദൂരത്ത്ന്ന് വര്കാ… ഇപ്പട്ത്ത് വാട്ട്‌സപ്പിലും ഫേസ്ബുക്കിലുമൊക്കെ ആ മലയെക്കുറിച്ച് പലരും പറയുന്നതു കേട്ടു… അങ്ങനെയൊരു പുസ്തകവും ഇറങ്ങിയിട്ട്ണ്ടല്ലോ…”

നാരായണന്‍ തന്റെ കക്ഷത്തുള്ള പുസ്തകമെടുത്ത് വെറുതെ നിവര്‍ത്തി.

“നേരെ പോയാല്‍ മലയെത്തി…അതെഴ്തിയ ആളും ഇവ്‌ടെട്ത്താ…ആ പോണ വഴീല് തന്നെ…”

അത് കേട്ടുകേട്ടില്ലെന്ന മട്ടില്‍ മുന്നിലിരിക്കുന്ന ചെറുപ്പക്കാരന്‍ ആക്‌സിലേറ്ററില്‍ കൈ മുറുക്കി.
അതിനെ തുടര്‍ന്ന് പിന്നെയും ആളുകള്‍ വന്നു. വാഹനങ്ങളുടെയും കലപില സംസാരങ്ങളുടെയും ഒച്ചയില്‍ നാട്ടുകവല വിയര്‍ത്തു. സഞ്ചാരികളെ കണ്ടു മാത്രം പെട്ടെന്നങ്ങാടിയില്‍ ധൃതിപിടിച്ച് കടകള്‍ ഉയര്‍ന്നു.

നാല്

ഒരു പുസ്തകത്തിന്റെ ആകൃതിയില്‍ നിര്‍മിച്ച കഫറ്റേരിയയായിരുന്നു അവയില്‍ മുഖ്യം. പനയോലയും മുളങ്കൊമ്പും ചേര്‍ത്ത് മാട്ട തന്നെയാണ് അത് നിര്‍മിച്ചത്. മുഖ്യ കവാടത്തില്‍ കൊടങ്കാട്ടു മല എന്നെഴുതി വച്ചിരുന്നു. അതിനടുത്തു തന്നെയായി എഴുത്തച്ഛന്റെ തിളങ്ങുന്ന ഒരു പടവുമുണ്ടായിരുന്നു. ഓലച്ചുമരുകളില്‍ സാഹിത്യകാരന്‍മാരുടെ പടങ്ങളും കവിതാശകലങ്ങളും തൂക്കിയിട്ടിരുന്നു.

അതേസമയം, നാട്ടുകാര്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുകയുമായിരുന്നു. നാടിന്റെ സ്വീകരണമേറ്റു വാങ്ങാന്‍ അവര്‍ക്കിതുവരെയും എഴുത്തച്ഛനെ ലഭിച്ചിട്ടില്ല. അയാള്‍ അവിടെ നിന്നും അപ്രത്യക്ഷനായിട്ട് ആറു മാസമെങ്കിലും കഴിഞ്ഞു കാണും. എവിടേക്കാണ് പോയതെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. അവാര്‍ഡു കമ്മിറ്റികളെയും പ്രസാധകരെയുമെല്ലാം വിളിച്ചു നോക്കിയിട്ടും എവിടെ നിന്നും വിവരങ്ങളുണ്ടായില്ല.

അതിനിടയിലാണ് പെട്ടന്നങ്ങാടിയിലൂടെ രണ്ടു മണ്ണുമാന്തി യന്ത്രങ്ങള്‍ അപ്രതീക്ഷിതമായി കടന്നു പോയത്. അത് കണ്ട മാത്രയില്‍ തന്നെ നാരായണന്‍ പ്രഫസറ് ചായയടിക്കുന്നത് നിര്‍ത്തി മാട്ടയെ വിളിച്ചു. മാട്ടയുടെ കഫറ്റേരിയയില്‍ നാരായണനാണ് കിച്ചണിലെ കാര്യങ്ങളെല്ലാം നോക്കുന്നത്.

“മലേല്‍ക്ക് തന്നെ അയിന്റെ പോക്ക്…”yasar arafath, story, iemalayalam
നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്നേയാണ് ആ മല മുഴുവനും വേമ്പാട്ടുകുഴിക്കാരുടെ പക്കല്‍ നിന്നും രാമനാട്ടുകരക്കാരനായ ഒരു മുതലാളി വാങ്ങുന്നത്. അത്രയും വില കൊടുത്ത് ഇതുപോലൊരു കുന്നിനെ വാങ്ങേണ്ട ആവശ്യം എന്തെന്ന് പെട്ടെന്നങ്ങാടിക്കാര്‍ക്ക് പിടികിട്ടിയിരുന്നില്ല. അവിടെ വല്ല പദ്ധതിയും പുതുതായി വരുന്നുണ്ടെന്നു മാത്രം എല്ലാവരും കരുതി. അതു വരുമ്പോഴേക്കും പെട്ടെന്നങ്ങാടിയുടെ മുഖച്ഛായ തന്നെ മാാറുമെന്ന് ന്യായമായും അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍, തുടക്കത്തില്‍ മലയടിവാരത്തിലെ കാട് വെട്ടിയതൊഴിച്ചാല്‍ പിന്നീടൊന്നും അവിടെ കാണുകയുണ്ടായില്ല. മുതലാളി പെട്ടെന്ന് പാപ്പരായതാണ് കാരണമെന്ന് എല്ലായിടത്തും ഒരു ശ്രുതി പരക്കുകയുമുണ്ടായി.

അങ്ങാടിയിലൂടെ കടന്നുപോയ മണ്ണുമാന്തികള്‍ കടത്തിണ്ണകളെ വീണ്ടും സജീവമാക്കി.

“ആ കുന്നിനെ ആശ്രയിച്ചാണ് ഇപ്പൊ മ്പളെ ബിസെന്‍സെല്ലാം…”

“മലയിടിച്ചാ പിന്നെ മ്പളാരൂല്യട്ടോ…’ മാട്ട മൂപ്പര് പെട്ടെന്നങ്ങാടിയിലെ മറ്റു കച്ചവടക്കാരെയെല്ലാം വിളിച്ചുകൂട്ടി.

കൊടങ്കാട്ടു മലയുടെ താഴ്‌വാരത്തില്‍ ജെസിബികള്‍ എത്തിയപ്പോഴേക്കും ഒരു കൂട്ടം ആളുകള്‍ അവയെ വളഞ്ഞു കഴിഞ്ഞിരുന്നു.

അഞ്ച്

കൊടങ്കാട്ടു മല സംരക്ഷണ യജ്ഞം. മലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് നാടൊടുട്ടുക്കും ഒരു തീരുമാനമെടുത്തു. മലയടിവാരത്തില്‍ ഒരു കുടിലൊരുങ്ങിയത് പൊടുന്നനെയാണ്. ഒരു കല്യാണപ്പന്തലൊരുക്കുന്നതിന്റെ ആരവത്തോടെയാണ് അവരത് നിര്‍മിച്ചത്. ‘കൊടങ്കാട്ടു മല’ നോവലിന്റെ മുഖചിത്രവും കുടിലിനു മുന്നില്‍ വരച്ചു ചേര്‍ത്തു.

നിരാഹാരം കിടക്കാനും മുദ്രാവാക്യം വിളിക്കാനുമൊക്കെയായി മുളങ്കമ്പുകള്‍ കെട്ടിവച്ച് നീണ്ട ഇരിപ്പിടങ്ങളുണ്ടാക്കി. എഴുത്തച്ഛന്റെ നോവലില്‍ നിന്നുള്ള ഭാഗങ്ങള്‍ വായിച്ചാണ് ദിവസവും അവര്‍ മുദ്രാവാക്യം വിളികള്‍ തുടങ്ങിയത്. കൊടങ്കാട്ടു മലയ്ക്ക് സാംസ്‌കാരിക ചരിത്രത്തില്‍ ഒരിടം നല്‍കിയത് ആ നോവലാണല്ലോ. ചുറ്റുവട്ടത്തുള്ള വീടുകളില്‍ നിന്ന് ദിവസവും ഒരാള്‍ വീതം സത്യാഗ്രഹ പന്തലിലിരിക്കണമെന്നുള്ള ഒരു കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നു. അതനുസരിച്ച് ഊഴമിട്ട് ആളുകള്‍ മാറി മാറിവന്നു.

പോലീസു വന്നു. ഗുണ്ടകള്‍ വന്നു. എന്നാല്‍, അവര്‍ നിയമത്തേക്കാള്‍ വലിയ നിയമം സൃഷ്ടിച്ചു. ഗുണ്ടകളേക്കാള്‍ വലിയ ഗുണ്ടകളായി. സമരം പതിനാലാം നാളിലേക്ക് കടക്കവേയാണ്, മലയടിവാരത്തില്‍ ഒരു ഓട്ടോറിക്ഷ കുത്തിപ്പിടിച്ചു നിന്നത്. തോളൊപ്പം മുടിയുള്ള ഒരു മനുഷ്യന്‍ അതില്‍ നിന്നിറങ്ങി പന്തലിലേക്ക് നടന്നു വന്നു.yasar arafath, story, iemalayalam
“എയ്ത്തച്ചന്‍…”  മുദ്രാവാക്യം വിളിക്കുന്നതിനിടെ കഞ്ഞി വാസു ആവേശത്തോടെ ഒച്ചയിട്ടു. അതോടെ അന്ന് നിരാഹാരമിരിക്കുന്നവര്‍ ഒന്നിളകി. എല്ലാവരും അയാളെ സ്വീകരിക്കാനായി പന്തലില്‍ നിന്നിറങ്ങിയോടി.

അക്കാലമത്രയും അവര്‍ കണ്ട ആളേ അല്ലായിരുന്നു അയാള്‍. അയാള്‍ എല്ലാവരോടും സംസാരിക്കുകയും ചിരിക്കുകയും ചെയ്തു. തീക്ഷ്ണത മുറ്റി നിന്ന കണ്ണുകളില്‍ ഇപ്പോള്‍ അലിവിന്റെ കൃഷ്ണമണികളായിരുന്നു. പ്രസന്നമായ മുഖം. തെളിഞ്ഞ വാക്കുകള്‍.
എഴുത്തച്ഛന്‍ രംഗത്തെത്തിയതോടെ സമരത്തിന് പുതിയ നിറം കൈവന്നു. പത്രക്കാരും ചാനലുകാരും പെട്ടെന്നങ്ങാടിയിലൂടെ മലയടിവാരത്തിലെത്തി.

അതോടെ ലോകം മുഴുവന്‍ ഇളകി. ഫേസ് ബുക്കിലും വാട്ട്‌സ് അപ് ഗ്രൂപ്പുകളിലും ഈ സംഭവം ചൂടോടെ ഷെയര്‍ ചെയ്യപ്പെട്ടു. പേങ്ങാട്, പുതുക്കോട്, രാമനാട്ടുകര, പെരിങ്ങാവ് -സമീപ പ്രദേശങ്ങളില്‍ നിന്നെല്ലാം ജനം ഒഴുകിയെത്തി.

‘കൊടങ്കാട്ടു മലയില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിയേ പറ്റൂ…’   ജന ഗര്‍ജനം ദൂരെ മുതാര്‍കുന്നിലും കാഞ്ഞിരക്കുന്നിലും തട്ടി പ്രതിധ്വനിച്ചു. പാറക്കെട്ടുകള്‍ വിറച്ചു… സമരം വിജയിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായൊരു സംഭവം ഉണ്ടായത്.

ആറ്

“ഇദൊരു മാതിരി മറ്റേട്‌ത്തെ ഏര്‍പ്പാടായിപ്പോയി…”

ചീട്ടു കശക്കുന്നതിനിടെ മങ്കുര്‍ണിയാശാന്‍ പല്ലുകള്‍ തമ്മില്‍ തുടര്‍ച്ചയായി ഉരതി. കഞ്ഞി വാസുവും നാരായണന്‍ പ്രഫസറും പൂച്ചക്കുറിഞ്ഞി ദേവനും മാത്രമേ പന്തലില്‍ ഉണ്ടായിരുന്നുള്ളൂ. പന്തലിനു മുന്നിലെ നോട്ടീസുകളെല്ലാം ആരുടെയോ കൈക്രിയകളില്‍ വികൃതരൂപങ്ങളായി മാറിയിരുന്നു. വാസുവിനാകട്ടെ കളിയേക്കാള്‍ പുകവലിയിലായിരുന്നു കമ്പം.

മൂന്നോ നാലോ പേര്‍ നേരമ്പോക്കിനായി ഒത്തു കൂടുന്നുവെന്നല്ലാതെ ഒരു സമരത്തിന്റെ വീറും വാശിയുമെല്ലാം സമരക്കുടിലില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. പത്രക്കാരും ചാനലുകാരും ആ വഴി പിന്നീട് വന്നതേയില്ല. മലയുടമയാകട്ടെ, ഇപ്പോള്‍ അതില്‍ വലിയ താല്‍പര്യമൊന്നും കാണിക്കാതെ മാറി നില്‍ക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നതിന്റെ സൂചനകളൊന്നും അയാള്‍ നല്‍കിയതുമില്ല. വ്യക്തമായൊരു ഉറപ്പു കിട്ടാതെ പിന്‍വലിയേണ്ടെന്നു തന്നെയായിരുന്നു സമരക്കമ്മിറ്റിക്കാരുടെ തീരുമാനം.

“ഇനീപ്പം ഇതൊര് ഷെഡായിട്ട് അങ്ങട് ഉപയോഗിക്ക്യ തന്നെ…ഇത്രീം കാറ്റും വെളിച്ചൂം കിട്ട്ണ സലത്ത് വന്ന് കെടക്കണെങ്കി ഒരിടായല്ലോ…”  ചീട്ടെറിയുന്നതിനിടെ മങ്കുര്‍ണിയാശാന്‍ സ്വയം മുരണ്ടു. ‘

“അല്ലെങ്കിപ്പിന്നെ എന്താപ്പം ഈനക്കൊണ്ട് ഒര് കാര്യണ്ടയേ…”

“ശരിയാ…അനന്ത കാലം ഇങ്ങനെ കെടക്കാന്‍ കയ്യ്യോ,” കഞ്ഞി വാസു മുകളിലേക്ക് പോകുന്ന പുകയുടെ നേരെ കണ്ണുയര്‍ത്തി മങ്കുര്‍ണിയെ അനുകൂലിച്ചു.

“ഇപ്പം പണ്ടത്തെ മാതിരി മല കാണാന്‍ വര്‌ണോലും കൊറവാണല്ലോ…അങ്ങാടീല് കച്ചോടം നന്നേ കൊറഞ്ഞ്…”

“അദെങ്ങനാ… ഇവിടെ ഇച്ചേല്ക്ക് സമരം നടക്ക്ണതായി കേട്ടാ ആരേലും വര്വോ?”

“ഇവിടെ എന്തേലും തൊടങ്ങ്യാ മ്പളെ നാട് തന്നേ വികസിക്ക്യാ…കൊറേ ആള്‍ക്ക് പണീം കിട്ടും…കൂലിം കിട്ടും…”

“ഞ്ഞിപ്പം പറഞ്ഞിട്ടെന്താ…തൊടങ്ങിക്കഴിഞ്ഞില്ലേ…ഒന്നവസാനിപ്പിക്കണല്ലോ…അല്ലേല് ആകെ നാറ്റക്കേസാകും…” പ്രഫസറ് തന്റെ കഷണ്ടിയില്‍ വിരലുവച്ചു മാന്തി.

അപ്പോഴാണ് ദൂരെ നിന്നും ഒരു പിക്കപ്പ് വാഹനം വരുന്നത് വാസുവിന്റെ ശ്രദ്ധയില്‍ പെട്ടത്. മലയെ ലക്ഷ്യമാക്കിയാണ് അത് വരുന്നതെന്ന് അയാള്‍ക്ക് മനസ്സിലായി. കൂടെയുള്ളവരുടെ കണ്ണുകളെ അതിലേക്ക് അയാള്‍ ക്ഷണിച്ചു. തല്ലിയോടിക്കാന്‍ വരുന്ന ഗുണ്ടകളെങ്ങാനുമാണോ? ഒരിക്കല്‍ ഗുണ്ടകളെ തുരത്തിയോടിച്ചിട്ടുണ്ട്. അന്ന് പക്ഷേ, സമരപ്പന്തലില്‍ നിറയെ ആളായിരുന്നു. ഇപ്പോഴത്തെ അവസ്ഥ അതിനു നേരെ വിപരീതമാണ്. അവറ്റയെ നേരിടാന്‍ പറ്റിയ ഒറ്റൊരുത്തനും ഇവിടെയില്ല. കവറേജില്ലാത്തതിനാല്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചാല്‍ ആരെയും കിട്ടുകയുമില്ല.

“തല്ലു കിട്ടിയാല്‍ നിന്നു കൊള്ളുക തന്നെ,” വാസു അളിഞ്ഞ ചിരിയോടെ പറഞ്ഞു.

“തടി കേടാകാതെ നോക്കാന്‍ ഒരു വഴിയുണ്ട്.”

മങ്കുര്‍ണിയാശാന്റെ മുഖത്തേക്ക് എല്ലാവരും പ്രതീക്ഷയോടെ നോക്കി. കയ്യിലെ ചീട്ടെല്ലാം നിലത്തിട്ട് അയാള്‍ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. രണ്ടു കൈകള്‍ കൊണ്ട് മൂടു തട്ടി. മൂട്ടില്‍ നിന്നും പൊടി പാറി.

“വണ്ടി ഇപ്പം അവടെ എത്തിട്ടേ ഉള്ളൂ… ഒരഞ്ചു മിനിറ്റു കൂടെ കഴിഞ്ഞാ അതിവിടെത്തും. അയിനു മുന്നേ കാര്യം സാധിക്കണം.”

“എന്താണ് കാര്യന്ന് ച്ചാല്‍ പറഞ്ഞു തൊലയ്ക്ക്…”  പൂച്ചക്കുറിഞ്ഞി അക്ഷമനായി.

“ഒന്നൂല്യ…എഴ്‌ന്നേറ്റ് മൂടും തട്ടി ഒരൊറ്റ പാച്ചില്.”

“ബയങ്കരം തെന്നെ…ഈന് നൊബല്‍ സമ്മാനത്തിന് സിപാര്‍സ ചെയ്യണണ്ട്,” പ്രഫസറ് ചൂടായി.

ഒരു തീരുമാനത്തിലെത്തുന്നതിനു മുന്നേ തന്നെ മലയടിവാരത്തില്‍ പിക്കപ്പ് വാഹനം വന്നു നിന്നു. കുറ്റിച്ചെടികള്‍ ടയറിനു കീഴെ ഞരങ്ങി. രണ്ടു ബംഗാളിച്ചെറുക്കന്‍മാര്‍ വണ്ടിയില്‍ നിന്നു ചാടിയിറങ്ങി.

പഴകിക്കീറിയ ട്രാക്‌സൂട്ടില്‍ കയ്യിലെ നനവൊപ്പി ഒരുത്തന്‍ മുറിബീഡിയെടുത്തു തീകൊളുത്തി. ചുണ്ടിനിടയില്‍ അത് ചൂടോടെ എരിഞ്ഞു. വായുവില്‍ വങ്കനാടിന്റെ ഒരു ഭൂപടം തീര്‍ത്ത് പുകപടലം അലിഞ്ഞില്ലാതെയായി. കൂടെയുള്ളവന്‍ വണ്ടിയില്‍ നിന്ന് കമ്പുകളും താര്‍പ്പായയും കയറുമെല്ലാമെടുത്ത് പുറത്തേക്കിടാന്‍ തുടങ്ങി.

”ബംഗാളി ഗുണ്ടകളാ… പേടിക്കണ്ട…അടിക്ക് ഇത്തിരി മയൊക്കെ കാണും.” മങ്കുര്‍ണിയാശാന്‍ കൂടെയുള്ളവരെ ധൈര്യപ്പെടുത്തി. “ഒന്നുല്യേലും മ്പള് നാലാള്‍ള് ല്യേ.”

സംരക്ഷണ വേദിക്കാരുടെ ഇരിപ്പുകേന്ദ്രത്തിന് നേരെ എതിര്‍വശത്തായി ബംഗാളികള്‍ കാലുകള്‍ നാട്ടാന്‍ തുടങ്ങി. മുളങ്കോലുകളും താര്‍പ്പായും കൊണ്ട് അതിനെ അവരൊരു കൂടാരമാക്കി.

“വിപ്ലവത്തെ പ്രതിവിപ്ലവം കൊണ്ട് മാത്രമേ നേരിടാനാവൂ…” ബംഗാളിച്ചെറുക്കന്‍മാരിലൊരുത്തന്‍ ശുദ്ധ മലയാളത്തില്‍ പറയുന്നതു കേട്ട് സമരപ്പന്തലില്‍ നിരാഹാരം കിടക്കുന്നവര്‍ അല്‍ഭുതം കൂറി.

“ഒടുക്കം ഓല്മ്പളെ ബാഷേനിം തോണ്ടി… ഞ്ഞിപ്പം മ്പക്കെന്താ ബാക്കിള്ളത്…”

വെളുത്ത നിറത്തിലുള്ളൊരു കാര്‍ താഴേ നിന്നു കയറി വരുന്നത് അപ്പോള്‍ അവരുടെ ശ്രദ്ധയില്‍ പെട്ടു. മല മുതലാളിയുടെ വണ്ടിയായിരിക്കുമെന്നാണ് ആശാനും പ്രഫസറുമെല്ലാം കരുതിയത്.

“അപ്പോള്‍ രണ്ടും കല്‍പിച്ചാണ് വരവ്. അങ്ങാടിയിലാരും ഇത് കണ്ടില്ലേ?”

കയ്യിലുള്ള ചീട്ടുകളെല്ലാം നിലത്തെറിഞ്ഞ് ആശാന്‍ പൊടുന്നനെ മുഷ്ടി ചുരുട്ടി ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. അതു കേട്ട് മറ്റുള്ളവര്‍ക്കും ആവേശമായി.

‘കൊടങ്കാട്ടു മല സംരക്ഷണ യജ്ഞം സിന്ദാബാദ്…’

‘ഇല്ല. ഇല്ല… മലയെ തൊട്ടൊരു കളിയില്ല… കളിയില്ല…’

വെള്ളമുയലിന്റെ ചുവടുകളെ അനുസ്മരിപ്പിക്കുമാറ് കാര്‍ പതിയെ വന്നു നിന്നു. കാറിന്റെ പിന്‍സീറ്റില്‍ നിന്ന് രണ്ടു സ്ത്രീകള്‍ ഇറങ്ങി വന്നു. അതോടെ മുദ്രാവാക്യം വിളികളുടെ തീവ്രത താനേ അയഞ്ഞു. ബംഗാളിപ്പയ്യന്‍മാര്‍ അവരെ കണ്ടതോടെ തലകുനിച്ചു വണങ്ങി.

അമ്മയും മകളുമാണതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. തികച്ചും അനാര്‍ഭാടമായ വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത്. പുതുതായി ഉണ്ടാക്കിയ കുടിലിനു നേര്‍ക്കാണ് അവര്‍ നടന്നത്.

“തള്ള തന്നേണ് മോളേക്കാട്ടിലും മൊതല്…” കഞ്ഞി വാസുവിന്റെ നാവ് എരിഞ്ഞു.

പന്തലിനു പിറകിലെ മരബെഞ്ചില്‍ കിടക്കുകയായിരുന്ന എഴുത്തച്ഛന്‍ എഴുന്നേറ്റു വന്നു.

“സാറേ..മഹാഭാരതം തന്നെ എയ്താന്ള്ള വക്പ്പ്ണ്ട്…”

അവരെ കണ്ടതോടെ എഴുത്തച്ഛന്റെ തൊണ്ട തരിച്ചു.yasar arafath, story, iemalayalam
ബംഗാളികളൊരുക്കിയ കൂടാരത്തിനു മുന്നില്‍ പ്രായമേറിയ സ്ത്രീ നിന്നു. ചെറുപ്പക്കാരി അത് തന്റെ ഫോണില്‍ പകര്‍ത്താന്‍ തുനിഞ്ഞു.

“സുഹൃത്തുക്കളേ… ഞാനൊരു കഥ പറഞ്ഞു തുടങ്ങുകയാണ്…”

“ഇത് കേസ് വേറെയാണ്…ഏതോ ആണി എളകിപ്പോയതാ,” പൂച്ചക്കുറിഞ്ഞി പല്ലുകള്‍ മുഴുവനും പുറത്തുകാട്ടി ചിരിച്ചു.

“രണ്ട് വിപ്ലവകാരികള്‍ എന്റെ പിറകെ നടന്നിട്ടുണ്ട്…രണ്ടിലേതു തിരഞ്ഞെടുക്കണമെന്നതായിരുന്നു എന്റെ കണ്‍ഫ്യൂഷന്‍…”

സ്ത്രീ വീണ്ടും ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. “ഒരു പ്രൊലിറ്റേറിയനും ഒരു പെരിസ്‌ട്രോയിക്കക്കാരനും…”

“ഞാന്‍ പറഞ്ഞില്ലേ… ഇദ് ഒലമാര്‍ക്ക് കേസാണ്ന്ന്,”  പൂച്ചക്കുറിഞ്ഞി അല്‍പം ഒച്ചയെടുത്തു തന്നെ പറഞ്ഞു.

“ഈ കുന്നിന്റെ മോളില് വന്ന്ട്ട് ങ്ങനെ തൊള്ളേ തോന്നീത് പറേണെങ്കി സാദാരണ ഒലയൊന്നും പോര…”

എന്നാല്‍ സ്ത്രീകള്‍ ആ വാക്കുകളെ ശ്രദ്ധിച്ചതേയില്ല. അവര്‍ ഗൗരവം വിടാതെ സംസാരിക്കുകയും മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു.

“കാര്യത്തിനട്ത്തപ്പം ഞാന്‍ പെരിസ്‌ട്രോയിക്കക്കാരനെ തന്നെ വരിച്ചു. പ്രൊലിറ്റേറിയന്‍ വല്ല കവിതേം പാട്ടുമൊക്കെയായി കഴിഞ്ഞു പോകുമെന്നാണ് കരുതിയത്. എന്നാല്‍ പെരിസ്‌ട്രോയിക്കന്‍ എന്തു തുടങ്ങിയാലും കൊടിയും പിടിച്ച് അയാള്‍ മുന്നിലുണ്ടാകും. എല്ലാ പ്രതിപ്രവര്‍ത്തനത്തിലും പ്രൊലിറ്റേറിയന്‍ പരാജയപ്പെട്ടു. ഒടുക്കം അയാളൊരു എഴുത്തുകാരനായി. എന്തുകൊണ്ടോ അയാളെഴുതിയ ആദ്യ കൃതി വിപണിയില്‍ വന്‍ വിജയമായി. അതിന്റെ പേരില്‍ ആ നാടും മലയുമെല്ലാം കൂടുതല്‍ അറിയപ്പെടുന്നു. പെരിസ്‌ട്രോയിക്കക്കാരന്റെ സ്വപ്ന പദ്ധതി കിടന്നിരുന്നത് ആ കുന്നിലായിരുന്നു. അപ്പോഴാണ് ഈ ബഹളവും കൊടിപിടിക്കലുമൊക്കെ…”

മുകളിലേക്ക് പിന്നെയും വാഹനങ്ങള്‍ കയറി വരുന്നത് കാണാമായിരുന്നു.

“സമരം നിര്‍ത്തുന്നതു വരെ ഞങ്ങളിവിടെ നിരാഹാരം കിടക്കാന്‍ പോവുകയാണ്,”  മുതിര്‍ന്ന സ്ത്രീ അല്‍പം ഉച്ചത്തില്‍ പറഞ്ഞു.

“നല്ലത്. മ്പക്കൊര് നേരമ്പോക്കും ആയി,’ വാസുവിന്റെ വായ്ക്കുള്ളില്‍ നിന്നും തേനിറ്റി.

“ഒരു പെറ്റി ബൂര്‍ഷ്വയുടെ നിരാഹാരം എന്നൊരു നോവലും കൂടെയാകാമല്ലോ…” ഇത്തവണ മുരടനക്കിയത് മകളായിരുന്നു.

എഴുത്തച്ഛന്‍ വീണ്ടും മൂക്കു പിഴിഞ്ഞു. “സുഹൃത്തുക്കളേ, ഈ കഥയില്‍ പറഞ്ഞ പ്രൊലിറ്റേറിയന്‍ മറ്റാരുമല്ല…’

എല്ലാവരും എഴുത്തച്ഛന്റെ മുഖത്തേക്ക് നോക്കി. മുഖമാകെ വിളറിയിരുന്നു. വിയര്‍ക്കുന്നുണ്ട്. അയാള്‍ക്ക് കൂടുതലെന്തോ പറയാനുണ്ടെന്ന് വാസുവിനും പ്രഫസര്‍ക്കും ആശാനുമെല്ലാം തോന്നി. പക്ഷേ, അയാള്‍ ഇത്ര മാത്രം പറഞ്ഞൊപ്പിച്ചു.

“നമുക്കീ സമരം ഇവിടെ അവസാനിപ്പിക്കാം. പ്രതി സമരങ്ങളെക്കുറിച്ച് ഞാന്‍ വേറൊരു നോവല്‍ എഴുതുന്നുണ്ട്…”

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Yasar arafath short story prathi samara nayakar